ബാങ്കോക്ക്: മ്യാന്‍മറില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 1644 ആയി ഉയര്‍ന്നു. 3408 പേര്‍ക്ക് പരിക്കേറ്റതായും 139 പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്ന റോഡുകളും പാലങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്.

അതേസമയം, മണ്ടാലയിലുണ്ടായ കെട്ടിടം തകര്‍ച്ചയില്‍ 30 മണിക്കൂറോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭൂചലനത്തില്‍ സമ്പൂര്‍ണ്ണമായി ദുരിതത്തിലായ മ്യാന്‍മറിനെ സഹായിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ 'ഓപ്പറേഷന്‍ ബ്രഹ്‌മ' പുരോഗമിക്കുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കൂടി ദുരിതാശ്വാസ സാമഗ്രികളുമായി മ്യാന്‍മറിലെത്തി. 80 അംഗ എന്‍ഡിആര്‍എഫ് സംഘം, 118 ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘം എന്നിവയെ ഇന്ത്യ അയച്ചിട്ടുണ്ട്.

ഇതിനിടെ, 16,000ത്തോളം ഇന്ത്യക്കാര്‍ മ്യാന്‍മറില്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുലര്‍ച്ചെ 3 മണിയോടെ ദില്ലിക്കടുത്ത ഹിന്‍ഡന്‍ എയര്‍ബേസില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം മ്യാന്‍മറിലേക്ക് പുറപ്പെട്ടതായും പിന്നീട് നാല് വിമാനങ്ങള്‍ കൂടി അയച്ചതായും സര്‍ക്കാര്‍ അറിയിച്ചു. ആകെ 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ ഇതിനകം മ്യാന്‍മറിലേക്ക് അയച്ചിരിക്കുന്നത്.

ഭൂചലനത്തെ തുടര്‍ന്ന് ഇന്ത്യയുടെ കരസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. ആഗ്രയില്‍ നിന്നുള്ള കരസേനയുടെ ഫീല്‍ഡ് ആശുപത്രി സംഘം ഉടന്‍ മ്യാന്‍മറിലെത്തും. ആറ് വനിത ഡോക്ടര്‍മാരുള്‍പ്പെടെ ഒരു വലിയ മെഡിക്കല്‍ സംഘം സഹായം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയ സൗകര്യങ്ങളും ആംബുലന്‍സുകളും എക്സ്റേ സംവിധാനവും ഇതിനകം സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.

നാവികസേനയുടെ നാല് കപ്പലുകള്‍ ദുരിതാശ്വാസ സാമഗ്രികളുമായി മ്യാന്‍മറിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആകെ 50 ടണ്‍ സഹായ സാമഗ്രികള്‍ ഈ കപ്പലുകള്‍ വഴി എത്തിക്കും. പ്രധാനമന്ത്രി മ്യാന്‍മറിന് ആവശ്യമുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും, രാജ്യത്തെ ഇന്ത്യക്കാരുമായി ഇടപഴകുന്നതിനുള്ള എല്ലാ നടപടികളും എമ്ബസി സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബാങ്കോക്കില്‍ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മ്യാന്‍മറിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സഹായ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.