നേപ്പിഡോ: തായ്ലന്‍ഡ് അതിര്‍ത്തിയില്‍ മ്യാന്‍മര്‍ സൈന്യം ഓണ്‍ലൈന്‍ തട്ടിപ്പ് കേന്ദ്രം റെയ്ഡ് ചെയ്തു. 350 പേരെയാണ് ഇവിടെ നിന്ന് പിടികൂടിയത്. കരിഞ്ചന്തയിലെ തട്ടിപ്പ് കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സൈന്യം ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തുന്നത്. ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സഹായവും സംരക്ഷണവും നല്‍കിയത് ഇവിടെയുള്ള സായുധ പ്രതിപക്ഷ ഗ്രൂപ്പുകളാണ് എന്നാണ് സൈന്യം കുറ്റപ്പെടുത്തുന്നത്.

എന്നാല്‍ ഇവരുടെ മേലുള്ള നിയന്ത്രണം തിരിച്ചുപിടിച്ചതിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കി. മ്യാന്‍മറിലെ ചൂതാട്ട, തട്ടിപ്പ് കേന്ദ്രമായ ഷ്വേ കൊക്കോയില്‍ ചൊവ്വാഴ്ച രാവിലെ സൈന്യം ആക്രമണം നടത്തിയതായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. സൈനിക നടപടിയെ തുടര്‍ന്ന് നിലവില്‍ നിരീക്ഷണത്തിലുള്ള 346 വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓണ്‍ലൈന്‍ ചൂതാട്ട പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന ഏകദേശം 10,000 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

ചൈനീസ്-കംബോഡിയന്‍ റാക്കറ്റ് ഉടമയെന്ന് ആരോപിക്കപ്പെടുന്ന ഷീ ഷിജിയാങ്ങിന്റെ് സ്ഥാപനമാണ് ഇതില്‍ പ്രധാനം എന്നാണ് കരുതപ്പെടുന്നത്. ഇയാളെ 2022 ല്‍ തായ്‌ലന്‍ഡില്‍ വച്ച് അവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഇയാളെ ചൈനയിലേക്ക് നാടുകടത്തുകയും ചെയ്തിട്ടുണ്ട്. അവിടെയും ഇയാള്‍ ചൂതാട്ടവും തട്ടിപ്പുകളും നടത്തിയെന്നാണ് ആരോപണം. ഇയാളുടെ

കമ്പനിയായ യതായിക്ക് ബ്രിട്ടനും അമേരിക്കയും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം തായ്‌ലന്‍ഡ്, മ്യാന്‍മര്‍, ലാവോസ്, കംബോഡിയ എന്നിവയെ ബന്ധിപ്പിക്കുന്ന അതിര്‍ത്തി പ്രദേശങ്ങള്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കേന്ദ്രങ്ങളായി മാറിയിരുന്നു.

മനുഷ്യക്കടത്തിലൂടെ എത്തിച്ച ആളുകളെയാണ് ഇത്തരം കേന്ദ്രങ്ങളില്‍ ജോലി ചെയ്യാന്‍ നിയോഗിക്കുന്നത് എന്നാണ് ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തിയിട്ടുള്ളത്. ഇതിന് നേതൃത്വം നല്‍കുന്നവര്‍ കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ സമ്പാദിക്കുന്നത്. മ്യാന്‍മറിലെ സൈനിക സര്‍ക്കാര്‍ ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാതെ കണ്ണടച്ചിരിക്കുകയാണെന്ന് വളരെക്കാലമായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മ്യാന്‍മാറിന് സൈനിക പിന്തുണ നല്‍കുന്ന ചൈനയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ഫെബ്രുവരി മുതല്‍ അവര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചത്.

2021 ലെ സൈനിക അട്ടിമറി ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ചതിനുശേഷം, മ്യാന്‍മറിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ അഴിമതി കേന്ദ്രങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറിയിരുന്നു. ആയിരക്കണക്കിന് സന്നദ്ധ തൊഴിലാളികളും വിദേശത്ത് നിന്ന് കടത്തപ്പെട്ട ആളുകളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഒക്ടോബറില്‍, തായ്‌ലന്‍ഡ് അതിര്‍ത്തിയിലുള്ള കുപ്രസിദ്ധമായ കെകെ പാര്‍ക്കില്‍ നടത്തിയ റെയ്ഡില്‍ 2,000-ത്തിലധികം ആളുകളെ സൈന്യം അറസ്റ്റ് ചെയ്തു. സെപ്റ്റംബറില്‍, അഴിമതി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്ന് ആരോപിച്ച് കംബോഡിയയിലെയും മ്യാന്‍മറിലെയും 20-ലധികം കമ്പനികളെയും വ്യക്തികളെയും അമേരിക്കന്‍് ട്രഷറി വകുപ്പ് ഉപരോധിക്കുകയും ചെയ്തിരുന്നു.