കോഴിക്കോട്: വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍എം വിജയന്റെ മരണത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗസ് നേതാവ് കെ കെ ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടയക്കും. കേസിലെ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് നിയമസഭ സമ്മേളിക്കുന്നതിനാല്‍ ഇളവുനല്‍കിയിരുന്നു. 23, 24, 25 തീയതികളില്‍ എംഎല്‍എ ചോദ്യംചെയ്യലിന് ഹാജരാകും. വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്ത കേസിലാണ് ഐസി ബാലകൃഷ്ണന്‍, എന്‍ഡി അപ്പച്ചന്‍, ഡിസിസി മുന്‍ ട്രഷറര്‍ കെകെ ഗോപിനാഥ്, തുടങ്ങിയവരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്.

കെപിസിസി പ്രസിഡന്റിന് നല്‍കാന്‍ വിജയന്‍ എഴുതിയ കത്തില്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നുവെന്നാണ് പറയുന്നത്. പൊലീസ് അന്വേഷണത്തില്‍ ലഭിച്ച മൊഴികളും നേതാക്കളെ പ്രതിചേര്‍ക്കുന്നതിലേക്ക് നയിച്ചുവെന്നാണ് വിവരം. എന്‍ ഡി അപ്പച്ചനെയും കെ കെ ഗോപിനാഥനെയും അന്വേഷണസംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘം മേധാവി ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എന്‍എം വിജയന്റെ കത്തുകളിലെയും ഡയറിക്കുറിപ്പിലെയും പേര് പരാമര്‍ശവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങളെന്നാണ് സൂചന.

വിജയന്റെ മുറിയില്‍നിന്ന് ലഭിച്ച ഡയറിക്കുറിപ്പില്‍ ഒന്നരക്കോടിയോളം രൂപയുടെ വായ്പയടക്കമുള്ളവ ഉണ്ടെന്ന സൂചനകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 14 ബാങ്കുകളില്‍നിന്ന് അക്കൗണ്ട് വിവരങ്ങള്‍ പ്രത്യേകസംഘം തേടുകയും ചെയ്തു. ബത്തേരി അര്‍ബന്‍ ബാങ്കില്‍ നിന്നും ബത്തേരി സര്‍വീസ് സഹകരണ ബാങ്കില്‍നിന്നും ലഭിച്ച വിവരങ്ങളില്‍ ഒരുകോടിയിലേറെ രൂപയുടെ ബാധ്യതയുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിയമനത്തിന് പണംവാങ്ങി വഞ്ചിച്ചതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രണ്ട് പരാതികള്‍ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷണം തുടങ്ങിയിരുന്നു.