തിരുവനന്തപുരം: എന്‍ പ്രശാന്ത് അനീതികള്‍ ഉയര്‍ത്തിയുള്ള പോരാട്ടത്തില്‍ തന്നെ. മൂന്ന് വര്‍ഷമായി തന്റെ സ്ഥാനക്കയറ്റം അന്യായമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും ഓരോ ഫയലും ഓരോ ജീവിതമാണെങ്കില്‍ തന്റെ ഫയല്‍ ജീവനില്ലാതെ വര്‍ഷങ്ങളായി അനക്കമറ്റു കിടക്കുകയാണെന്നും ആരോപിക്കുകയാണ് പ്രശാന്ത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് അയച്ച കത്തിലാണ് സസ്‌പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്ത് ഇരട്ടത്താപ്പ് ചൂണ്ടി കാട്ടുന്നത്. ഇതിനേയും സര്‍ക്കാര്‍ പുച്ഛിച്ചു തള്ളുമെന്നാണ് സൂചന.

തനിക്കു ശേഷമുള്ള 3 ബാച്ചുകളിലെ ഉദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ തന്റെ ഫയല്‍ അനിശ്ചിതമായി തടഞ്ഞിട്ടു. സെക്രട്ടറി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം അംഗീകരിച്ചതിനു പിന്നാലെയാണ് ആഴക്കടല്‍ മത്സ്യബന്ധന കരാറിന്റെ പേരില്‍ തനിക്കെതിരെ അന്വേഷണം ആരംഭിച്ചത്. സ്ഥാനക്കയറ്റം സംബന്ധിച്ച ഫയലിന്റെ പകര്‍പ്പ് പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന ആരോപണവും പ്രശാന്ത് ഉന്നയിക്കുന്നത്. വ്യ്ക്തമായ ചട്ടങ്ങള്‍ ചര്‍ച്ചയാക്കുകയാണ് ഈ കത്തിലും പ്രശാന്ത് ചെയ്യുന്നത്. പ്രശാന്തിനെ തല്‍കാലം അവഗണിക്കാനാണ് പിണറായി സര്‍ക്കാരിന്റെ തീരുമാനം. അതുകൊണ്ട് തന്നെ ഇതിനോടൊന്നും ചീഫ് സെക്രട്ടറി പ്രതികരിക്കില്ല.

ചട്ടങ്ങള്‍ പ്രകാരം ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം 6 മാസത്തിനകം പൂര്‍ത്തിയാക്കണം. പക്ഷേ, 2022 നവംബറില്‍ ആരംഭിച്ച അച്ചടക്കനടപടികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനും വ്യവസായ വകുപ്പ് മുന്‍ സെക്രട്ടറി കെ.ഗോപാലകൃഷ്ണനുമെതിരെ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിന്റെ പേരില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണം പോലും നടത്താതെയും തന്റെ ഭാഗം കേള്‍ക്കാതെയുമായിരുന്നു നടപടി. കത്തില്‍ പ്രശാന്ത് ആരോപിച്ചു.

ആഴ്ചകള്‍ക്ക് മുമ്പ് ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരെ ആരോപണവുമായി പ്രശാന്ത് രംഗത്ത് എത്തിയിരുന്നു. ജയതിലക് ഐ എ എസിനെതിരെ തെളിവ് സഹിതം പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ കൂട്ടാക്കാതെ ചീഫ് സെക്രട്ടറി പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് പ്രശാന്തിന്റെ പരാതി. ചീഫ് സെക്രട്ടറി 18 ന് നല്‍കിയ കത്തിന് 19 ന് മറുപടി തരണം എന്ന് ആവശ്യപ്പെട്ടു. നല്‍കിയ മറുപടികളുടെ തലക്കെട്ട് ' സ്റ്റേറ്റ്മന്റ് ഓഫ് ഡിഫന്‍സ്' എന്ന് നല്‍കാത്തതിനാല്‍ ചീഫ് സെക്രട്ടറി അവ പരിഗണിക്കാതിരിക്കുന്നുവെന്ന് എന്‍ പ്രശാന്ത് പറയുന്നു. ചീഫ് സെക്രട്ടറിയുടെത് പക്ഷപാതപരമായ പെരുമാറ്റമാമെന്നും നടപടികളിലൂടെ അത് വ്യക്തമായി എന്നും ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ പ്രശാന്ത് ആരോപിച്ചു. ഹിയറിംഗ് നടത്തുന്നത് റെക്കോര്‍ഡ് ചെയ്ത് സ്ട്രീം ചെയ്യണമെന്നും കത്തില്‍ പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു.

പരസ്യപ്രസ്താവന നടത്തിയ എന്‍ പ്രശാന്ത് സസ്‌പെന്‍ഷനില്‍ തുടരുകയാണ്. ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ നീതിയും ന്യായവും കാണുന്നില്ലെന്നും താന്‍ അയക്കുന്ന കത്തുകളും രേഖകളും കാണാതാകുന്നുവെന്നും എന്‍ പ്രശാന്ത് പറയുന്നു. ഇനി ചീഫ് സെക്രട്ടറിക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും കത്തയക്കുകയുള്ളൂവെന്നുമാണ് പ്രശാന്ത് പറയുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജയതിലകിനെതിരെ തെളിവ് സഹിതം പരാതി നല്‍കിയിരുന്നത്. സസ്പെന്‍ഷന്‍ നടപടിയും തനിക്കെതിരയുള്ള കുറ്റങ്ങളും ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഒരു തവണ കൂടി ഹിയറിങ്ങിന് ഹാജരാകാന്‍ തയാണെന്ന് എന്‍ പ്രശാന്ത് പറയുന്നു.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിനെയും വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെയും മുഖ്യമന്ത്രി സസ്പെന്‍ഡ് ചെയ്തത്.