തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോരില്‍ നിര്‍ണ്ണായക രേഖ പുറത്ത്. ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഴുവന്‍ കൈമാറിയെന്ന് വ്യക്തമാക്കുന്നതാണ് രേഖ. ഫയല്‍ മാറ്റത്തില്‍ വീഴ്ച വരുത്തിയെന്നും ഫയല്‍ കാണാനില്ലെന്നുമായിരുന്നു ആക്ഷേപം. 2024 മെയ് 13ന് വകുപ്പ് മന്ത്രിയില്‍ നിന്ന് രേഖകള്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി കൈപ്പറ്റയിരുന്നു. എ ജയതിലകിന്റെ ഓഫിസില്‍ നിന്നും ഫയലുകള്‍ കെ ഗോപാലകൃഷ്ണന് വാങ്ങാമെന്നും പുറത്തു വന്ന രേഖ വിശദീകരിക്കുന്നുണ്ട്.

രേഖകള്‍ കാണാനില്ല എന്ന റിപ്പോര്‍ട്ട് എ.ജയതിലക് സമര്‍പ്പിക്കുന്നത് 2024 ആഗസ്റ്റിലാണ്. വ്യാജ റിപ്പോര്‍ട്ട് ചമച്ചുവെന്നായിരുന്നു എന്‍.പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. പിന്നാലെ ഇത് പരസ്യ പോരിലേക്കും വഴി വെച്ചു. എന്നാല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് പുറത്തു വന്ന രേഖ. കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന് നല്‍കിയ കത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പറയുന്നത് എല്ലാ രേഖയും കിട്ടിയെന്നാണ്. അത് തന്റെ ഓഫീസില്‍ നിന്നും ശേഖരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇതേ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് രേഖകള്‍ എല്ലാം കിട്ടിയില്ലെന്ന് റിപ്പോര്‍ട്ടും നല്‍കുന്നത്. ഒരു രേഖ പോലും കിട്ടിയില്ലെന്ന തരത്തിലാണ് പ്രശാന്തിനെതിരെ വാര്‍ത്ത വന്നത്. മന്ത്രിയുടെ ഓഫീസില്‍ നിന്നും എല്ലാ രേഖകളും ഫയലും കിട്ടിയിട്ടുണ്ടെ്‌ന് കെ ഗോപാലകൃഷ്ണനെ അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് വേണ്ടി അഡീഷണല്‍ സെക്രട്ടറിയായ പി എസ് ശ്രീജ തന്നെ അറിയിക്കുകയാണ്. ഈ രേഖയില്‍ നിന്നു തന്നെ പ്രശാന്തിനെതിരായ നീക്കങ്ങളില്‍ ഗൂഡാലോചനയുണ്ടെന്ന് വ്യക്തം.

മതാടിസ്ഥാനത്തിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഗോപാലകൃഷ്ണനെതിരായ വാര്‍ത്ത പുറത്തായതിലുള്ള പകപോക്കലായാണ് പ്രശാന്തിനെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നതെന്ന് പറയപ്പെടുന്നു. ഇരുവരുടെയും നടപടിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലും ഭിന്നാഭിപ്രായമാണ്. സര്‍ക്കാര്‍ ഉത്തരവിടാതെ സ്വന്തം നിലക്കാണ് പ്രശാന്തിനെതിരെ ജയതിലക് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഒരു വിഭാഗം പറയുന്നു. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും അന്തിമ തീരുമാനമെടുക്കും മുമ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്ക നടപടി റിപ്പോര്‍ട്ട് വിവരാവകാശനിയമപ്രകാരം പോലും പുറത്തുവിടാന്‍ പാടില്ലെന്ന ഹൈകോടതി ഉത്തരവിന്റെ ലംഘനമാണിതെന്നും പ്രശാന്തിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. ഇതിനിടെയാണ് ഫയലുകള്‍ എല്ലാം കിട്ടിയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി തന്നെ സമ്മതിക്കുന്ന തെളിവും പുറത്തു വരുന്നത്. ഇതോടെ പ്രശാന്തിനോടുള്ള പകയില്‍ ഉണ്ടായതാണോ ജയതിലകിന്റെ റിപ്പോര്‍ട്ടെന്ന സംശയം ഉയരുകയാണ്. ഇതിനിടെയിലും സോഷ്യല്‍ മീഡിയയിലെ പൊട്ടിത്തെറി ജയതിലകിനെതിരെ പ്രശാന്ത് നടത്തരുതായിരുന്നുവെന്ന അഭിപ്രായവും ഉയര്‍ന്നു കഴിഞ്ഞു. ഇത് മാത്രം ഉയര്‍ത്തിയാണ് പ്രശാന്തിനെതിരെ നടപടിയ്ക്ക് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നല്‍കിയതും.

അതിനിടെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ട വിഷയത്തില്‍ പ്രതികരണവുമായി എന്‍ പ്രശാന്ത് രംഗത്തു വന്നിട്ടുണ്ട്. തന്റെ വിശദീകരണം കേള്‍ക്കാതെയാണ് നടപടിയെന്ന് എന്‍ പ്രശാന്ത് ഐഎഎസ്പ്രതികരിച്ചു. സര്‍ക്കാരിന്റെ നടപടിയില്‍ അത്ഭുതം തോന്നുന്നുവെന്നും പ്രശാന്ത് പ്രതികരണത്തില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പുകളില്‍ ചട്ടലംഘനമില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തത്. ആരെയും സുഖിപ്പിക്കാനല്ല തനിക്ക് ശമ്പളം നല്‍കുന്നതെന്ന് പറഞ്ഞ പ്രശാന്ത് തന്റെ കുറിപ്പുകളെ എന്തിനാണ് ഭയക്കുന്നതെന്നും ചോദിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിലാണ് എന്‍ പ്രശാന്തിനെതിരായ നടപടി. ഫേസ്ബുക്ക് പോസ്റ്റുള്ളതിനാല്‍ വിശദീകരണം പോലും തേടാതെയാണ് എന്‍ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറി നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നത്. പ്രശാന്തിന്റെ വിമര്‍ശനം സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരന്റെ വസ്തുതാ റിപ്പോര്‍ട്ട്. നടപടി ഉറപ്പായിട്ടും ഇന്നും വിമര്‍ശനം തുടരുകയായിരുന്നു എന്‍ പ്രശാന്ത് ഐഎഎസ്. കള പറിക്കല്‍ തുടരുമെന്നും കളകളെ ഭയപ്പെടേണ്ടെന്നുമായിരുന്നു പ്രശാന്തിന്റെ ഇന്നത്തെ പോസ്റ്റ്.




മല്ലു ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണനെയും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷപത്തില്‍ എന്‍ പ്രശാന്തിനെയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്. ഗോപാലകൃഷ്ണന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരി തിരിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ചേരിതിരിവുണ്ടാക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിലൂടെ ഉദ്യോഗസ്ഥര്‍ക്കിടയിലെ സാഹോദര്യം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഉത്തരവിലുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രശാന്തിന്റെ പരാമര്‍ശങ്ങള്‍ അഡ്മിനിസ്‌ടേറ്റീവ് സര്‍വീസിനെ പൊതു മധ്യത്തില്‍ നാണം കെടുത്തി. സര്‍വീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.