- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മന്ത്രിമാരെ ഓവര്‍റൂള്‍ ചെയ്ത് ജോര്‍ജ്ജ് സാര്‍..! സാധാരണക്കാരെ ബാധിക്കുന്ന നിയമങ്ങള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നതില്‍ ആര്‍ക്കാണ് നേട്ടം? ജീവിതകാലം മുഴുവന്‍ ഐഎഎസില്‍ ചെലവഴിച്ച ഡോ.ജയതിലകിന് നടപടിക്രമങ്ങളെപ്പറ്റി ഇത്രയ്ക്കൊക്കെ അറിവേ ഉള്ളോ? ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് എന്‍ പ്രശാന്ത്
മന്ത്രിമാരെ ഓവര്‍റൂള്‍ ചെയ്ത് ജോര്‍ജ്ജ് സാര്‍..!
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ ചന്ദനമരം മുറിക്കുന്നതുള്‍പ്പെടെയുള്ള ബില്ലുകളില്‍ തര്‍ക്കമുന്നയിച്ച ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളില്‍ പ്രതിഷേധം ഉയരുന്നതിനിടെ, ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സസ്പെന്‍ഷനിലുള്ള എന്‍. പ്രശാന്തും രംഗത്ത്. മന്ത്രിസഭാ യോഗത്തിലെത്തിയ ബില്ലില്‍ ചീഫ് സെക്രട്ടറി തര്‍ക്കമുന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്നും അതിനു മുന്‍പാണ് പറയേണ്ടിയിരുന്നതെന്നും പ്രശാന്ത് വിമര്‍ശിച്ചു. സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ പരിശോധിച്ച് മന്ത്രിമാര്‍ അംഗീകാരം നല്‍കി മന്ത്രിസഭയുടെ അന്തിമ അനുമതിക്കായി എത്തിയ ബില്ലുകളിലാണ് ചീഫ് സെക്രട്ടറി തര്‍ക്കം ഉന്നയിച്ചത്.
നിയമ, വനം, പരിസ്ഥിതി വകുപ്പുകള്‍ പരിശോധിച്ചാണ് വന്യജീവി സംരക്ഷണ നിയമ ഭേദഗതി, ചന്ദനമരം മുറിക്കല്‍, ഇക്കോ ടൂറിസം ബോര്‍ഡ് ബില്ലുകള്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ എത്തിയത്. വിശദമായ വകുപ്പുതല ചര്‍ച്ചകള്‍ക്കു ശേഷം വകുപ്പു സെക്രട്ടറി നേരിട്ടു കണ്ട് ആവശ്യമായ തിരുത്തലുകള്‍ വരുത്തിയാണ് മന്ത്രിസഭാ യോഗത്തില്‍ കരടുബില്‍ സമര്‍പ്പിക്കുന്നത്. ഇതില്‍ ചീഫ് സെക്രട്ടറി തര്‍ക്കമുന്നയിച്ചതാണ് വിവിധ വകുപ്പ് സെക്രട്ടറിമാരെ ചൊടിപ്പിച്ചത്. ചീഫ് സെക്രട്ടറി സര്‍ക്കാരിനു മുകളില്‍ 'സൂപ്പര്‍ പവര്‍' ചമയുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.
'മന്ത്രിമാരെ ഓവര്‍റൂള്‍ ചെയ്ത് ജോര്‍ജ് സാര്‍' എന്ന പരിഹാസവുമായാണ് എന്‍. പ്രശാന്ത് ചീഫ് സെക്രട്ടറിക്കെതിരെ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടത്. എല്ലാ വകുപ്പുകളും പരിശോധിച്ചശേഷം മന്ത്രിസഭാ യോഗത്തിലെത്തുന്ന വിഷയത്തില്‍ ചീഫ് സെക്രട്ടറി തര്‍ക്കമുന്നയിക്കുന്നത് ശരിയല്ലെന്നും ഉദ്യോഗസ്ഥരുടെ വീഴ്ച സര്‍ക്കാരിന് നാണക്കേടുണ്ടാക്കുമെന്നും പ്രശാന്ത് അഭിപ്രായപ്പെട്ടു. കഴിവ്‌കേടും വിവരക്കേടും അഴിമതിയും ചൂണ്ടിക്കാണിക്കുന്നവരെയെല്ലാം 'സര്‍ക്കാര്‍-വിരുദ്ധര്‍' എന്ന് മുദ്രണം ചെയ്താണ് ഈ ജോര്‍ജ്ജ് സാറന്മാര്‍ ചീഫ് സെക്രട്ടറി പദവി വരെ എത്തി നില്‍ക്കുന്നതെന്നും തുറന്നടിച്ചു. എന്‍. പ്രശാന്തിന്‍െ്റ പോസ്റ്റിന്‍െ്റ പൂര്‍ണരൂപം ചുവടെ;
മന്ത്രിമാരെ ഓവര്‍റൂള്‍ ചെയ്ത് ജോര്‍ജ്ജ് സാര്‍
ഒരു ബില്ലിന്റെ കരട് ആദ്യം തയ്യാറാക്കുന്നത് ബന്ധപ്പെട്ട വകുപ്പാണ്. വിശദമായ പഠനവും കൂടിയാലോചനകളും കഴിഞ്ഞാണ് ഇത് ചെയ്യുന്നത്. ഈ കരട് നിയമപരമായി ശരിയാണോ എന്നും ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസരിച്ചാണോ എന്നും നിയമ വകുപ്പ് പരിശോധിക്കും. അതിനുശേഷം ഇത് വകുപ്പ് സെക്രട്ടറി വഴി മന്ത്രിയുടെ മുന്നിലെത്തും. മന്ത്രിയാണ് പിന്നീട് മന്ത്രിസഭയുടെ മുന്നില്‍ ബില്‍ അവതരിപ്പിക്കുന്നത്.
മന്ത്രിസഭയുടെ പരിഗണനയ്ക്ക് മുമ്പ് ഈ കരട് ചീഫ് സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകളിലൂടെ കടന്നുപോകും. മന്ത്രിസഭയുടെ സെക്രട്ടറി എന്ന നിലയില്‍ ചീഫ് സെക്രട്ടറിയുടെ പ്രധാന ജോലി, ഈ നിര്‍ദ്ദേശം പൂര്‍ണ്ണമാണെന്നും, നടപടിക്രമങ്ങള്‍ കൃത്യമാണെന്നും, ഒരു പിഴവുമില്ലാത്തതാണെന്നും ഉറപ്പുവരുത്തുക എന്നതാണ്. മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിക്കഴിഞ്ഞാല്‍ അത് എല്ലാ മന്ത്രിമാരുടെയും കൂട്ടായ തീരുമാനമായി മാറും. പിന്നീട് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. അവിടെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ആവശ്യമെങ്കില്‍ കമ്മിറ്റികളുടെ പരിശോധന കഴിഞ്ഞ് ബില്‍ പാസാക്കുന്നു.
ഇങ്ങനെ പാസാക്കിയ ഒരു നിയമം അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് ആവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കണം. കൊച്ചു കൊച്ചു ഡീറ്റെയിലുകള്‍ റൂള്‍ അഥവാ ചട്ടങ്ങള്‍ നിര്‍മ്മിക്കുമ്പോഴാണ് ചേര്‍ക്കാറ്.
ഈ മുഴുവന്‍ പ്രക്രിയയിലും ഉദ്യോഗസ്ഥന്റെ പങ്ക് നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക മാത്രമാണ്. ചീഫ് സെക്രട്ടറിയും മറ്റ് വകുപ്പ് സെക്രട്ടറിമാരും ഈ നടപടിക്രമങ്ങളുടെ ചുമതലക്കാരാണ്. ഫയല്‍ അവരുടെ മുന്നിലെത്തുമ്പോഴോ അല്ലെങ്കില്‍ മന്ത്രിസഭായോഗത്തിനുള്ള അജണ്ട തയ്യാറാക്കുമ്പോഴോ ഈ കാര്യങ്ങളില്‍ ശ്രദ്ധിക്കാതിരുന്നാല്‍, പിന്നീട് എന്ത് തിരുത്തലുകള്‍ നടത്തിയാലും അതിന് നിയമപരമായ സാധുതയുണ്ടാവില്ല. മന്ത്രിസഭ അംഗീകരിച്ച് കഴിഞ്ഞാല്‍ പിന്നെ ബില്ലിനെക്കുറിച്ച് ചീഫ് സെക്രട്ടറിക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ല. കാരണം, മന്ത്രിസഭയുടെ തീരുമാനത്തിന് മുമ്പ് എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു, അതിന് ശേഷമല്ല.
ഉദ്യോഗസ്ഥര്‍ക്ക് എന്തുകൊണ്ടാണ് നിയമപരവും നടപടിക്രമപരവുമായ അറിവ് അത്യാവശ്യമാണെന്ന് ഈ സംഭവം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഒരു ചെറിയ വീഴ്ച സംഭവിച്ചാല്‍ പോലും, ആ പിഴവുകള്‍ മന്ത്രിസഭയിലേക്കും പിന്നീട് നിയമത്തിലേക്കും കടന്നുകൂടാം. ഇത് പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനും സര്‍ക്കാരിന് നാണക്കേടുണ്ടാകാനും സാധ്യതയുണ്ട്.
കഴിവ്‌കേടും വിവരക്കേടും അഴിമതിയും ചൂണ്ടിക്കാണിക്കുന്നവരെയെല്ലാം 'സര്‍ക്കാര്‍-വിരുദ്ധര്‍' എന്ന് മുദ്രണം ചെയ്താണ് ഈ ജോര്‍ജ്ജ് സാറന്മാര്‍ ചീഫ് സെക്രട്ടറി പദവി വരെ എത്തി നില്‍ക്കുന്നത്. സാധാരണക്കാരെ ബാധിക്കുന്ന നിയമങ്ങള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നതില്‍ ആര്‍ക്കാണ് നേട്ടം? അതോ കേരളത്തിന്റെ ചീഫ് സെക്രട്ടറി സ്ഥാനത്തിരിക്കുന്ന, ജീവിതകാലം മുഴുവന്‍ IAS ല്‍ ചെലവഴിച്ച ഡോ.ജയതിലകിന് നടപടിക്രമങ്ങളെപ്പറ്റി ഇത്രയ്ക്കൊക്കെ അറിവേ ഉള്ളോ? കഷ്ടം.