തിരുവനന്തപുരം: ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനെതിരെ മുഖ്യമന്ത്രപി നടപടി എടുക്കുമെന്നാണ് സൂചനകള്‍. ഇതിനിടെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രശാന്ത് രംഗത്തുവന്നു. കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ... എന്ന മുന വെച്ച പരാമര്‍ശവുമായി കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസ് ഇക്കുറി എത്തിയത്.

ലൂസിഫര്‍ സിനിമയിലെ ഡയലോഗുമായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രശാന്തിന്റെ പരിഹാസം. കള പറിക്കാനുള്ള യന്ത്രത്തിന്റെ ചിത്രം കൂടി പങ്കുവെച്ചാണ് പുതിയ പോസ്റ്റ്. 'ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു!' എന്ന് പോസ്റ്റില്‍ പറയുന്നു.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരായ വിമര്‍ശനങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തിലൂടെ പരസ്യമായി ആരോപണം ഉന്നയിച്ചത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ പ്രശാന്തിനെതിരെ നടപടിയുണ്ടായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ പോസ്റ്റ്.

പ്രശാന്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

കര്‍ഷകനാണ്...

കള പറിക്കാന്‍ ഇറങ്ങിയതാ...

ഇന്ത്യയിലെ റീപ്പര്‍, ടില്ലര്‍ മാര്‍ക്കറ്റ് മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടര്‍, സോളാര്‍ ഓട്ടോ, ഹൈഡ്രോപോണിക്‌സ്, ഹാര്‍വസ്റ്റര്‍, പവര്‍ വീഡര്‍, വളം, വിത്ത്-നടീല്‍ വസ്തുക്കള്‍- എനിവയുടെ മാര്‍ക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലര്‍ നെറ്റ്വര്‍ക്ക്, ഫിനാന്‍സ് ഓപ്ഷനുകള്‍..

ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു!

#ടീംബകാംകോ

#കൃഷിസമൃദ്ധി

#നവോധന്‍

#KAMCO

നേരത്തെ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ നിലപാടുകള്‍ ആവര്‍ത്തിച്ച എന്‍. പ്രശാന്ത്, പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതില്‍ വന്ന കമന്റായിരുന്നു 'സഖാവ് മേഴ്‌സിക്കുട്ടിയമ്മക്ക് മറുപടിയുണ്ടോ ബ്രോ' എന്നത്. ഇതിന് മറുപടിയായാണ് അവര്‍ ആരെന്ന് പ്രശാന്ത് ചോദിച്ചത്. ഇത് ഏറെ വിവാദമാകുകയും ചെയ്തു.

ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന് പിന്നില്‍ പ്രശാന്താണെന്നായിരുന്നു മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു ആഴക്കടല്‍ വില്‍പ്പനയെന്ന ആരോപണമെന്നും ഇതിന്റെ ലക്ഷ്യം തീരദേശ മണ്ഡലങ്ങള്‍ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നുമാണ് മേഴ്സിക്കുട്ടിയമ്മ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ഐഎഎസ് തലപ്പത്തെ പോരില്‍ എന്‍. പ്രശാന്തിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി ആലോചിക്കുന്നതിനിടെയാണ് മുന്‍മന്ത്രിയുടെ വിമര്‍ശനം. തിനിടെ പ്രശാന്തിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍ മുകുന്ദനും രംഗത്ത് എത്തി. കോഴിക്കോട് കലക്ടറായിരിക്കെ പ്രശാന്ത് ഫണ്ട് മാറ്റി കാര്‍ വാങ്ങി. റിപ്പോര്‍ട്ട് തയ്യാറാക്കിയ അഡീഷണല്‍ സെക്രട്ടറിയെ പ്രശാന്ത് ഭീഷണിപ്പെടുത്തിയെന്നും ഗോപകുമാര്‍ മുകുന്ദന്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.