- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാന്‍ കഷ്ടപ്പെട്ട് പഠിച്ച് സിവില്‍ സര്‍വീസില്‍ കയറിയതാ; ഇനിയും പതിനഞ്ച് വര്‍ഷം സര്‍വീസ് ബാക്കിയുണ്ട്; യോഗമുണ്ടേല് ഞാന്‍ ചീഫ് സെക്രട്ടറിയുമാകും'; രാഷ്ട്രീയത്തിലേക്കാണോയെന്ന ചോദ്യത്തിന് എന്‍ പ്രശാന്ത് ഐ.എ.എസിന്റെ മറുപടി; ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണം; ഹിയറിങ്ങില്‍ തെളിവുകള്‍ നല്‍കിയെന്നും കലക്ടര്‍ ബ്രോ!
'ഞാന്‍ കഷ്ടപ്പെട്ട് പഠിച്ച് സിവില്‍ സര്‍വീസില്‍ കയറിയതാ
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോരിനെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ എന്‍ പ്രശാന്ത് ഹിയറിങ്ങിനായി ചീഫ് സെക്രട്ടറി ശാരദ മുരളീധരന് മുന്നില്‍ ഹാജരായി. വൈകീട്ട് 4. 30 ന് ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. വകുപ്പുതല നടപടിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് മുമ്പ് പ്രശാന്തിന്റെ ഭാഗം കേള്‍ക്കാന്‍ കൂടിയായിട്ടാണ് ഹിയറിങ്ങിന് വിളിപ്പിച്ചത്. ഇത് അനുസരിച്ച് പ്രശാന്ത് ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ ഹാജറായി.
തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് പ്രശാന്ത് പിന്നീട് പറഞ്ഞു. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് മുന്നില്‍ ഹാജരായി തന്റെ ഭാഗം വിശദീകരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പ്രശാന്തിന്റെ ആരോപണം. തന്നെ ലക്ഷ്യമിട്ട് ഡോ. ജയതിലക്, ഡോ ഗോപാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഗൂഢാലോചന നടന്നു. മാതൃഭൂമിയും ഇതിന്റെ ഭാഗമായിരുന്നു. ഈ ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇതുള്‍പ്പെടെ പരിഗണിച്ചായിരിക്കും ഇനിയുള്ള നടപടികള്‍ എന്നും പ്രശാന്ത് പ്രതികരിച്ചു.
ചീഫ് സെക്രട്ടറിക്ക് മുന്നില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ ആണ് ശ്രമിച്ചത്. ജോലിയില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ട് എങ്കില്‍ നടപടി എടുക്കുന്നതില്‍ തെറ്റില്ല. സോഷ്യല്‍ മീഡിയയിലെ ഭാഷയും വിമര്‍ശനങ്ങളും മറ്റൊരു തലമാണ്. തന്റെ വിമര്‍ശനങ്ങള്‍ വ്യക്തിപരമായി കാണരുത്. കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തി എന്ന നിലയില്‍ ആണ് അവിടെയുള്ള പ്രതികരണങ്ങള്‍. അത് സര്‍ക്കാര്‍ ഭാഷയല്ല, സോഷ്യല്‍ മീഡിയ സര്‍ക്കാര്‍ രീതിയല്ലെന്നും പ്രശാന്ത് മാധ്യമങ്ങളോട് വിശദീകരിച്ചു. ചീഫ് സെക്രട്ടറിക്ക് എതിരായ വിമര്‍ശനങ്ങള്‍ പോലും വ്യക്തിപരമല്ലെന്നും പ്രശാന്ത് പറയുന്നു. ഹിയറങ്ങിന് കയറും മുന്‍പ് പോസ്റ്റ് ചെയ്ത കുറിപ്പിനെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു പ്രശാന്തിന്റെ ഈ നിലയിലുള്ള പ്രതികരണം.
ഹിയറിങിന് ശേഷവും മാധ്യമങ്ങളോട് പ്രശാന്ത് പ്രതികരിച്ചു. അതേസമയം രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന ചോദ്യത്തിനും പ്രശാന്ത് മറുപടി നല്‍കി. താന്‍ കഷ്ടപ്പെട്ട് പഠിച്ചാണ് ഇഷ്ടമുള്ള സിവില്‍ സര്‍വീസ് ജോലി തിരഞ്ഞെടുത്തത്. ഈ ജോലിയുടെ കാന്‍വാസ് വളരെ വലുതാണ്. സീനിയോരിറ്റി ലഭിക്കുമ്പോള്‍ പലപ്പോഴും പോളിസികള്‍ പൊളിച്ചെഴുതാനുള്ള അവസരമായി കണക്കാക്കാം.
നമ്മുടെ നാട്ടില്‍ എല്ലാത്തിലും രാഷ്ട്രീയ അതിപ്രസരമാണ് നടക്കുന്നത്. ചായക്കടയില്‍ ഇരുന്നാലും രാഷ്ട്രീയമായി പറയാനാണ് താല്‍പ്പര്യം. 18 വര്‍ഷമായി താന്‍ സര്‍വീസിലുണ്ട്. ഇനിയും 15 വര്‍ഷം സര്‍വീസുണ്ട്. ചിലപ്പോള്‍ യോഗമുണ്ടെങ്കില്‍ ചീഫ് സെക്രട്ടറി ആയേക്കാമെന്നും പ്രശാന്ത് പറഞ്ഞു. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണം. അതിന് ഒരു സമയവും കാലവും ഒക്കെയുണ്ടാകും. ശരിയെന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും പ്രശാന്ത് വ്യക്തമാക്കി.
നേരത്തെ ഹിയറിങ്ങിന്റെ വീഡിയോ റെക്കോഡ് ചെയ്യണമെന്നും, ലൈവ് സ്ട്രീമിങ് ചെയ്യണമെന്നും പ്രശാന്ത് ഉപാധികള്‍ മുന്നോട്ടു വെച്ചിരുന്നെങ്കിലും ചീഫ് സെക്രട്ടറി അതു തള്ളിയിരുന്നു. വകുപ്പ് തല നടപടിയുടെ ഭാഗമായി രണ്ടു ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നത് എങ്ങനെ ലൈവ് സ്ട്രീമിങ് നടത്തുമെന്ന് ചീഫ് സെക്രട്ടറി ചോദിച്ചു. ഐഎഎസ് ചട്ടത്തില്‍ പറഞ്ഞിട്ടുള്ള കാര്യമല്ലെന്നും വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറി ശാരദ് മുരളീധരന്‍ പ്രശാന്തിന്റെ ആവശ്യം തള്ളിയത്.
അതിനിടെ, ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് ഇന്നും പ്രശാന്ത് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു. അച്ചടക്ക നടപടിയില്‍ എന്റെ ഭാഗം ഒരു തവണയെങ്കിലും കേള്‍ക്കുമാറാകണം എന്ന് അപേക്ഷിച്ചിട്ട് ആറു മാസമാവുന്നു. സമര്‍പ്പിക്കുന്ന രേഖകള്‍ അപ്രത്യക്ഷമാവുന്ന സാഹചര്യത്തിലാണ് റിക്കോര്‍ഡിങ്ങും സ്ട്രീമിങ്ങും ഉള്‍പ്പെടെ സുതാര്യമായ ഹിയറിങ്ങിന് അപേക്ഷിച്ചത്. ആറ് മാസത്തിന് ശേഷമാണെങ്കിലും എന്നെ കേള്‍ക്കാന്‍ സന്മനസ്സുണ്ടായതാണ് വലിയ കാര്യം. സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിയ്ക്കാണ്. എന്നാണ് പ്രശാന്ത് ഫെയ്സ്ബുക്കില്‍ കുറിച്ചത്.