തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു എത്തുമ്പോള്‍ തെളിയുന്നത് ഈ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒന്നും ചെയ്യാനാകില്ലെന്ന സന്ദേശം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമില്ലെന്നും സ്‌പോണ്‍സര്‍ എന്ന നിലയിലാണ് കണ്ടിട്ടുള്ളതെന്നും പറയുന്ന വാസു ദ്വാരപാലക ശില്പം സ്വര്‍ണംപൂശിയത് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വന്തം സ്വര്‍ണം ഉപയോഗിച്ചാണെന്നും പറഞ്ഞു വയ്ക്കുന്നു. ബാക്കിയുള്ള സ്വര്‍ണം പോറ്റിക്ക് എന്തും ചെയ്യാന്‍ അവകാശമുണ്ടല്ലോ എന്ന വിചിത്രവാദവും വാസു ഉയര്‍ത്തുന്നു. അതായത് വാസുവിന് നല്‍കിയത് ചെമ്പുപാളിയാണെന്ന് പറയാതെ പറയുകയാണ് വാസു. സിപിഎമ്മിന്റെ നേതാവാണ് വാസു. രണ്ടു തവണ കുളനടയിലെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ സംശയിക്കേണ്ട യാതൊരു സാഹചര്യവും അന്ന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഇ-മെയില്‍ തനിക്ക് ലഭിച്ചിരുന്നു. ശില്പങ്ങളില്‍ പൂശിയ സ്വര്‍ണം ബാക്കിയുണ്ടെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ-മെയില്‍. സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാന്‍ അഭ്യര്‍ഥിച്ചായിരുന്നു സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ധനയായ യുവതിയുടെ വിവാഹത്തിന് ബാക്കിവന്ന സ്വര്‍ണം ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു, ഇത് സംബന്ധിച്ച് വിലയേറിയ അഭിപ്രായം തരണമെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ-മെയില്‍ വന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ല. ഇ-മെയില്‍ ലഭിച്ചപ്പോള്‍ തിരുവാഭരണം കമ്മിഷണറുടേയും എക്‌സിക്യൂട്ടീവ് ഓഫീസറുടേയും അനുമതി വാങ്ങണമെന്ന് മറുപടി നല്‍കി. 2019- ഡിസംബറിലായിരുന്നു മെയില്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മെയില്‍ കിട്ടുന്ന സമയത്ത് ഈ വിഷയങ്ങള്‍ ഒന്നും ഇല്ല. ദേവസ്വം ബോര്‍ഡിന്റെ സ്വര്‍ണം അപഹരിച്ചതായിട്ട് ഒരു ആരോപണവും ഇല്ല. തൂക്കത്തില്‍ വന്ന വ്യത്യാസം ഒക്കെ ഈ അടുത്തുണ്ടായതാണ്. അന്ന് ഇത്തരം ഒരു വിഷയവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സ്വര്‍ണം ദ്വാരപാലക ശില്പങ്ങള്‍ക്കായി ഉപയോഗിക്കുമെന്നായിരുന്നു അന്ന് ഉണ്ടാക്കിയ കരാര്‍. സ്വന്തമായി കുറേ സ്വര്‍ണം ശേഖരിച്ച് ശില്പങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ബാക്കി സ്വര്‍ണം അയാളുടെ കൈയില്‍ ഉണ്ടെങ്കില്‍ അത് അയാളുടെ വകയാണ്. ദേവസ്വത്തിന്റെ വകയല്ല. അയാള്‍ സംഭരിച്ച സ്വര്‍ണത്തില്‍ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ളതാണ് അത്. അത് ദേവസ്വം ബോര്‍ഡിന്റേതല്ലെന്ന് എന്‍. വാസു പറഞ്ഞു.

2019-ല്‍ ചെമ്പുപാളികളായിരുന്നോ അതോ സ്വര്‍ണമായിരുന്നോ എന്ന ചോദ്യത്തിന് തന്റെ നോട്ടത്തിലുള്ള കാര്യമേ തനിക്ക് അറിയൂ എന്നും കൂടുതല്‍ അതിനെപ്പറ്റി ആലോചിക്കുകയോ പരിശോധിക്കുകയോ ചെയ്യേണ്ട കാര്യം അന്ന് ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതായത് അന്ന് സ്വര്‍ണ്ണം ഉണ്ടെന്ന് വാസു സമ്മതിക്കാന്‍ തയ്യാറല്ല. സ്വര്‍ണപാളി, ദ്വാരപാലക ശില്‍പങ്ങള്‍ നല്‍കുന്ന സമയത്ത് താന്‍ കമ്മീഷണറോ പ്രസിഡന്റോ ആയിരുന്നില്ല. പാളികള്‍ കൊണ്ടുപോകുമ്പോള്‍ താന്‍ അധികാരത്തിലില്ലെന്നും എന്‍.വാസു. ചെമ്പ് പാളിയില്‍ വിശദീകരണം നല്‍കേണ്ടത് താനല്ല. സ്വര്‍ണമായിരുന്നോ ചെമ്പായിരുന്നോ എന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട് ഉണ്ടെന്നും കാഴ്ചയില്‍ ഉള്ള അറിവ് മാത്രമേ ഉള്ളു എന്നും എന്‍ വാസു വ്യക്തമാക്കി. സ്വര്‍ണം ചെമ്പായത് അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. തൂക്കത്തില്‍ കുറവു വന്നത് ആരും ശ്രദ്ധയില്‍പ്പെടുത്തിയില്ല. അന്ന് ആക്ഷേപമൊന്നും ഉണ്ടാകാത്തതിനാല്‍ അന്വേഷിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടിട്ടുണ്ട്. പക്ഷേ എന്നെ ഒരു കാര്യത്തിലും സമീപിച്ചിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സംബന്ധിച്ച് സംശയം ഉണ്ടാകുന്നത് ഇപ്പോഴാണ് എന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വര്‍ണമാണെന്ന് മെയില്‍ ലഭിച്ചപ്പോള്‍ ക്ലാരിറ്റി ലഭിച്ചില്ലായിരുന്നു. മെയിലില്‍ അനുമതി അല്ല ഉണ്ണികൃഷ്ണന്‍ പോറ്റി ചോദിച്ചതെന്നും ഉപദേശം ആണ് തേടിയതെന്നും അദ്ദേഹം പറഞ്ഞു. അതും ആറ് വര്‍ഷത്തിനു മുന്‍പ് വന്ന ഒരു അപേക്ഷയാണ്. മെയിലിന് നോട്ട് നല്‍കിയത് നടപടിക്രമങ്ങളാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഉദ്ദേശത്തെക്കുറിച്ച് പറയേണ്ട ഉദ്യോഗസ്ഥര്‍ക്കാണ് താന്‍ നോട്ട് എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ഒരു പാട് കക്ഷികള്‍ കറങ്ങി നടക്കും. ചില ബ്രോക്കര്‍മാരെ പോലെ കറങ്ങും. ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരിക്കാം എന്നും അന്വേഷണവുമായി സഹകരിക്കും എന്നും എന്‍ വാസു പറഞ്ഞു.

2019 ലെയും 2025ലേയും ദ്വാരപാലക സ്വര്‍ണ്ണപ്പാളികളുടെ ചിത്രങ്ങളില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. 2019 ലെ ദ്വാരപാലക ഫോട്ടോയുമായി നിലവിലെ ദ്വാരപാലക പാളി താരതമ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 1999 സ്വര്‍ണം പൂശിയത് തന്നെ എന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. എന്നാല്‍ അതിന്റെ രേഖകള്‍ കണ്ടെത്താന്‍ ആയിട്ടില്ല. 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളി കൈമാറിയപ്പോള്‍ ചെമ്പ് പാളി എന്ന് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം രേഖപ്പെടുത്തിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയ്ക്ക് 2019 ല്‍ കൈമാറിയത് സ്വര്‍ണ്ണപ്പാളി തന്നെയാണ്. 1.564 കി.ഗ്രാം തൂക്കം സ്വര്‍ണ്ണം ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍ട്ട് ക്രീയേഷന്‍സ് എത്തിച്ചത് വേറെ ചെമ്പ് പാളിയെന്ന സംശയവും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.