പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ കട്ടിളയിലെ സ്വര്‍ണംപൊതിഞ്ഞ പാളികള്‍, ചെമ്പാണെന്ന് എഴുതാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത് അന്നത്തെ ദേവസ്വം കമ്മിഷണറും ഈ കേസിലെ മൂന്നാംപ്രതിയുമായ എന്‍. വാസു എന്ന നിഗമനത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം എത്തുന്നത് മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു. ഇതിനൊപ്പം അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കും അന്വേഷണം എത്തുന്നു. എന്നാല്‍ വാസു അടക്കം ആരുടേയും പേര് പറയാതെയാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. പ്രതി പട്ടികയില്‍ വാസുവിന്റെ പേരില്ല. അക്കാലത്തെ ദേവസ്വം കമ്മീഷണര്‍ എന്നാണ് പറയുന്നത്. ഇതിനൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, ബോര്‍ഡ് എന്നിങ്ങനെയാണ് പറയുന്നത്. ആ പദവിയിലുള്ള ആളുകളെ കണ്ടെത്തിയാല്‍ കുറ്റരോപണത്തെ താഴെ പറയും വിധം വായിച്ചെടുക്കാം.

ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ റാന്നി കോടതിയില്‍ ഹാജരാക്കിയതിനൊപ്പം സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പ്രത്യേക അന്വേഷണസംഘം പ്രതികളെ വിശദമായി വ്യക്തമാക്കുന്നത്. മഹസര്‍ എഴുതിയത് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കേസിലെ ആറാം പ്രതിയുമായ മുരാരി ബാബുവായിരുന്നു. പാളികള്‍ ഇളക്കിയെടുത്ത് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോകാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് അന്നത്തെ ദേവസ്വംബോര്‍ഡ് ഭാരവാഹികളുടെ അറിവോടെയായിരുന്നെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. എ. പദ്മകുമാര്‍ പ്രസിഡന്റും കെ.ടി. ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ബോര്‍ഡായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഈ മൂന്നുപേരും കേസില്‍ എട്ടാം പ്രതികളാണ്.

2019 മാര്‍ച്ച് 19-നാണ് ചെമ്പാക്കി എഴുതണമെന്നുള്ള ശുപാര്‍ശ വാസു നല്‍കിയത്. 2018 ഫെബ്രുവരി ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയാണ് വാസു കമ്മിഷണറായിരുന്നത്. കമ്മിഷണര്‍ പദവിയില്‍തന്നെ അദ്ദേഹത്തിന്റെ രണ്ടാംവരവായിരിരുന്നു അത്. 2010 നവംബര്‍ 10 മുതല്‍ 2013 ഫെബ്രുവരി 15 വരെയാണ് ആദ്യം കമ്മിഷണറായിരുന്നത്. രണ്ടാം തവണ തന്റെ കാലാവധി അവസാനിക്കാന്‍ 12 ദിവസം ബാക്കിയുള്ളപ്പോഴാണ് ചെമ്പാക്കാനുള്ള ശുപാര്‍ശ നല്‍കിയത്. കമ്മിഷണര്‍ സ്ഥാനത്തുനിന്ന് ഇറങ്ങി എട്ടരമാസം കഴിഞ്ഞപ്പോള്‍ വാസു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമായി. കട്ടിളപ്പാളി കേസിലെ അഞ്ചാംപ്രതിയായി ഇപ്പോള്‍ റിമാന്‍ഡിലുള്ള അന്നത്തെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറാണ് ഈസമയത്ത് വാസുവിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്നത്. സുധീഷിന്റെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്.

2019 മേയ് 18-നാണ് കട്ടിളപ്പാളികള്‍ ഇളക്കിയെടുത്ത് പോറ്റിക്ക് കൈമാറിയത്. വേര്‍തിരിച്ച സ്വര്‍ണത്തില്‍ കുറച്ചെടുത്ത് പാളികള്‍ പൂശി. ബാക്കിയുള്ള സ്വര്‍ണം കട്ടയാക്കി അന്നത്തെ ശബരിമല അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറായിരുന്ന മുരാരി ബാബുവില്‍നിന്ന് പോറ്റി കൈപ്പറ്റിയെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നുണ്ട്. വിശ്വാസവഞ്ചന നടത്തി സ്വര്‍ണം തട്ടിയ കേസില്‍ ഉള്‍പ്പെട്ട പ്രതികളെല്ലാം പരസ്പരം സഹായികളും ഉത്സാഹികളുമായിരുന്നെന്ന് അപേക്ഷയില്‍ കാണിച്ചിട്ടുണ്ട്. എന്‍. വാസുവും പദ്മകുമാറും അടക്കമുള്ളവര്‍ ഉത്സാഹികളായി ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നുവെന്ന് സാരം. 2004 മുതല്‍ നാലുവര്‍ഷം കീഴ്ശാന്തിയുടെ പരികര്‍മിയായി ജോലിചെയ്തയാളാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെന്നതും കാണിച്ചിട്ടുണ്ട്.

വാസു ദേവസ്വം കമ്മിണറായിരുന്ന സമയത്ത് സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്വര്‍ണപ്പാളി കടത്തുകേസില്‍ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സ്വര്‍ണത്തട്ടിപ്പില്‍ കൂടുതല്‍ പേരുടെ ഇടപെടലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും സൂചനയുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസിലാണ് എന്‍.വാസുവിനെ എസ്.ഐ.ടി ചോദ്യം ചെയ്തത്.

സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയതിലും സ്വര്‍ണം വിറ്റതിലും ബോര്‍ഡില്‍ ആര്‍ക്കൊക്കെ അറിവുണ്ടായിരുന്നു എന്നതടക്കം കാര്യങ്ങള്‍ എസ്.ഐ.ടി കണ്ടെത്തിയെന്നാണ് വിവരം.