തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്.ഐ.ടി. നിര്‍ണ്ണായക നീക്കത്തിലേക്ക്. എസ് എ ടി ആസ്ഥാനത്ത് ഹാജരാകാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ എന്‍. വാസുവിനും എ. പദ്മകുമാറിനും പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കി. പദ്മകുമാറിന് നേരത്തേ എസ്.ഐ.ടി. നേട്ടീസ് നല്‍കിരുന്നെങ്കിലും അസൗകര്യം അറിച്ച് ഒഴിഞ്ഞുമാറിയിരുന്നു. ഇനി സമയം നല്‍കാന്‍ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. രണ്ടു പേരേയും അറസ്റ്റു ചെയ്യാന്‍ സാധ്യത ഏറെയാണ്. താമസിയാതെ ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനേയും ചോദ്യം ചെയ്‌തേയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനാണ് വാസു. ഈ സാഹചര്യത്തില്‍ വാസുവിനെതിരായ നീക്കം അതിനിര്‍ണ്ണായകമാണ്. സിപിഎം നേതാവാണെങ്കിലും പദ്മകുമാര്‍ നിലവില്‍ പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്.

സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടതില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്ക് കണ്ടെത്തുന്നതിനാണ് ഇവരെ വിളിച്ചുവരുത്തുന്നത്. ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തതെന്നാണ് മുന്‍ ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍ മൊഴി നല്‍കിയത്. എന്‍. വാസുവിന്റെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. മുന്‍ ബോര്‍ഡ് അംഗം ശങ്കര്‍ദാസിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥരും തന്ത്രിയും പറയുന്നതാണ് ചെയ്യുന്നതെന്നായിരുന്നു ശങ്കര്‍ദാസിന്റേയും മൊഴി. പദ്മകുമാറും ഇത്തരത്തില്‍ മൊഴി നല്‍കാനാണ് സാധ്യത. എന്നാല്‍ വാസു ദേവസ്വം കമ്മീഷണര്‍ കൂടിയാണ്. ഈ സമയത്ത് ചില കുറിപ്പുകള്‍ വാസുവും എഴുതിയിരുന്നു. അതുകൊണ്ട് തന്നെ ഈ ന്യായം വാസുവിന് പറയാനാകില്ല. വാസുവിനെതിരെ എന്ത് നടപടി എസ് എ ടി എടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കു നീങ്ങുകയാണ്. ചോദ്യംചെയ്യലിനുശേഷം തെളിവുകളുടെ അടിസ്ഥാനത്തില്‍ വാസുവിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. മണ്ഡലകാലത്തിന് മുമ്പ് വാസുവിനെ ശബരിമലയിലെത്തിച്ചു തെളിവെടുക്കാനാണ് എസ്.ഐ.ടിയുടെ നീക്കമെന്നാണ് സൂചന. ഇതിനിടെ, ദേവസ്വം സെക്രട്ടറി ജയശ്രീയെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പ്രത്യേക അന്വേഷണസംഘം തുടങ്ങിക്കഴിഞ്ഞു. രണ്ടാം തവണയും കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളായ മുരാരി ബാബുവിനെയും ഡി. സുധീഷ് കുമാറിനെയും മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം ഒരുമിച്ചിരുത്തി ഇന്നലെ ചോദ്യംചെയ്തു. മുരാരി ബാബുവിന്റെ കസ്റ്റഡി 10 വരെ നീട്ടി. ജാമ്യാപേക്ഷ പരിഗണിക്കുന്നത് 12 ലേക്കാണ് മാറ്റിവച്ചത്.

ഡി. സുധീഷ് കുമാറിനെ 12 വരെയാണ് എസ്.ഐ.ടി. കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായ മുന്‍തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു റിമാഡിലാണ്. 2019ല്‍ സ്വര്‍ണ പാളികള്‍ ചെമ്പായി രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറുമ്പോള്‍ ബൈജു ആയിരുന്നു തിരുവാഭരണം കമ്മിഷണര്‍. കേസിലെ ഏഴാം പ്രതിയാണ് ഇദ്ദേഹം. വാസുവിനെതിരെ സുധീഷ് കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. വാസുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് എല്ലാം ചെയ്തതെന്നാണ് മൊഴി. ഇതിനൊപ്പം ദേവസ്വം ക്ലര്‍ക്കായിരുന്ന ഇപ്പോള്‍ അസിസ്റ്റന്റ് കമ്മീഷണറായ ശ്യാംപ്രകാശും വാസുവിനെ വെട്ടിലാക്കുന്ന മൊഴിയാണ് നല്‍കിയത്.

ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിനായി 2019ല്‍ സ്വര്‍ണപ്പാളികളെ ചെമ്പുപാളികളാക്കി ദേവസ്വം രേഖയില്‍ എഴുതിയ ഓഫീസ് ക്ലാര്‍ക്ക് ശ്യാംപ്രകാശായിരുന്നു. സ്വര്‍ണക്കൊള്ള അന്വേഷിച്ച വിജിലന്‍സ് സംഘത്തില്‍ ഇയാളെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്വര്‍ണപ്പാളികള്‍ ചെമ്പെന്നു രേഖപ്പെടുത്തിയത് താനാണെന്നു ദേവസ്വം എസ്പി സുനില്‍ കുമാറിനോട് ഇയാള്‍ വെളിപ്പെടുത്തിയതിനാല്‍ പിന്നീട് സംഘത്തില്‍ നിന്നു മാറ്റി. ശ്യാംപ്രകാശ് അവധിയിലാണ്. ബോര്‍ഡിലെ ഇടതു സംഘടനാ നേതാവാണ് ശ്യാംപ്രകാശ്. ഹൈക്കോടതി നിയമിക്കുന്ന എസ്പി, രണ്ട് എസ്‌ഐമാര്‍, മൂന്നു സിപിഒമാര്‍, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ദേവസ്വം വിജിലന്‍സില്‍. വെറും ക്ലാര്‍ക്കായ ശ്യാംപ്രകാശിനു സ്ഥാനക്കയറ്റമേകി അസിസ്റ്റന്റ് കമ്മിഷണറാക്കി വിജിലന്‍സില്‍ തിരുകിയതും വാസുവിന്റെ ഇടപെടലാണെന്ന് ആരോപണമുണ്ട്. ഈ ശ്യാംപ്രകാശിന്റെ മൊഴിയാണ് ഇപ്പോള്‍ വാസുവിനെ സ്വര്‍ണ്ണ കൊള്ള കേസില്‍ പ്രതിയാക്കിയത്.

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലകരുടെ പീഠങ്ങളില്‍ സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ട് ഏകദേശം 4.5 കിലോഗ്രാമിലധികം സ്വര്‍ണ്ണം നഷ്ടമായെന്ന ആരോപണമാണ് ഈ വിവാദത്തിന് ആധാരം. ഈ വിഷയത്തില്‍ ശ്യാംപ്രകാശിനേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഈ സമയത്താണ് വാസു പറഞ്ഞിട്ടാണ് താന്‍ എല്ലാം ചെയ്യതെന്ന് ശ്യാംപ്രകാശ് മൊഴി നല്‍കിയത്. ഇതോടെയാണ് വാസുവിലേക്ക് അന്വേഷണം എത്തുന്നത്. പിന്നാലെ ചോദ്യം ചെയ്തു. പ്രതിപ്പട്ടികയിലുള്ള വാസുവിനെ ഏതു സമയവും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ശ്യാംപ്രകാശ് സിഐടിയു ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പ്രവര്‍ത്തകനാണ്. സ്വര്‍ണം ചെമ്പാക്കിയ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു കുറച്ചു കാലം മുമ്പാണ് ഐഎന്‍ടിയുസി അനുകൂല സംഘടനയില്‍ നിന്നു രാജിവച്ചു ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷനില്‍ ചേര്‍ന്നത്. സ്വര്‍ണക്കൊള്ള പുറത്തുവരുന്നതിനു തൊട്ടുമുമ്പായിരുന്നു ഇത്. ഇതും ദുരൂഹമായി പലരും കാണുന്നുണ്ട്. ശ്യാംപ്രകാശും മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് ബാബുവും വാസുവിന്റെ വിശ്വസ്തരായിരുന്നു. ചെമ്പില്‍ സ്വര്‍ണ്ണം പൊതിഞ്ഞത് എന്ന് എഴുതിയതിനെ തിരുത്തി ചെമ്പില്‍ സ്വര്‍ണ്ണം പൂശിയെന്ന് രേഖകളില്‍ കൊണ്ടു വന്നത് ശ്യാംപ്രകാശാണ്. ഇത് വാസുവിന്റെ നിര്‍ദ്ദേശ പ്രകാരമെന്ന മൊഴി അതിനിര്‍ണ്ണായകമാണ്. ഇതാണ് വാസുവിനെ കുടുക്കാന്‍ പോകുന്നതും. ഫയലിലെ എഴുത്ത് ശ്യാംപ്രകാശിന്റേതാണെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീപ്രവേശനം ഉറപ്പാക്കിയത് അടക്കം വാസുവായിരുന്നു. അന്ന് കോടതിയില്‍ സര്‍ക്കാര്‍ നിലപാടുമായി പോയതെല്ലാം കമ്മീഷണറായിരുന്ന വാസുവാണ്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പുതുതായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനമെടുക്കാനായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) യോഗം ചേര്‍ന്നിട്ടുണ്ട്. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്. എസ്പിമാരായ ശശിധരന്‍, പി.ബിജോയി, മറ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. അന്വേഷണ സംഘം ബുധനാഴ്ച ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ദേവസ്വം ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നും അന്താരാഷ്ട്ര ബന്ധം സംശയിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. വാസുവിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായി. ദേവസ്വം ബോര്‍ഡ് കൂറ് മൂര്‍ത്തിയോടും ഭക്തരോടും കാട്ടേണ്ടതാണ്. എന്നാല്‍ അതിന് വിരുദ്ധമായാണ് ബോര്‍ഡ് പ്രവര്‍ത്തിച്ചതെന്നും വിശദമായി അന്വേഷണം നടത്തണമെന്നും കോടതി പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നു. വരുംദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. നേരത്തെ വാസുവിനെ ചോദ്യം ചെയ്ത ശേഷം അന്വേഷണസംഘം വിട്ടയച്ചിരുന്നു.

ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍ ഇത്തവണ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ തീരുമാനിച്ചതിലും അടിമുടി ദുരൂഹതയുണ്ട്. ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്സില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ട് പോലുമില്ലെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി.ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിനാണ് ബോര്‍ഡ് ദ്വാരപാലക ശില്പങ്ങള് അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊണ്ടുപോകാന്‍ അനുമതി നല്കിയത്. എന്നാല്‍ ഈ വിവരം മിനിറ്റ്സില്‍ രേഖപ്പെടുത്തിയില്ല. ഈ വീഴ്ച ഏറെ ഗൗരവമുള്ളതാണെന്നും സൂക്ഷമ പരിശോധന ആവശ്യമാണെന്നും കോടതി പറഞ്ഞു. നേരത്തെ കോടതി ഉത്തരവിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം മിനിറ്റ്സ് പിടിച്ചെടുത്തത്. ബോര്‍ഡിന്റെ മിനിറ്റ്സില്‍ 2025 ജൂലായ് 28 വരെയുള്ള വിവരങ്ങളെയുള്ളു. അത് തന്നെ ശരിയായ രീതിയിലല്ല രേഖപ്പെടുത്തിയിരിക്കുന്നത്. മിനിറ്റ്സ് കൃത്യമായി രേഖപ്പെടുത്താത്തത് വലിയ വീഴ്ചയാണെന്ന് കോടതി പറഞ്ഞു.

ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പ് തുടങ്ങുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2018 ലാണ് വാതില്‍ മാറ്റാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കുന്നത്. 2519.70 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം 1999 ല്‍ പൊതിഞ്ഞിട്ടുള്ള വാതിലായിരുന്നു ഇത്. അനുമതി ലഭിച്ചതിന് പിന്നാലെ നന്ദന് എന്ന മരപ്പണിക്കാരന്‍ സന്നിധാനത്ത് എത്തി വാതിലിന്റെ അളവ് എടുത്തു. കീഴ് ശാന്തിയാണ് വാതില്‍ അഴിച്ച് കൈമാറിയത്. ഇതിന് ശേഷം തൃശ്ശൂരില്‍ നിന്ന് തടി വാങ്ങി ബെംഗളൂരിവിലെ ശ്രീരാമപുരം അയ്യപ്പ ക്ഷേത്രത്തിലെത്തിച്ച് പുതിയ വാതില്‍ നിര്‍മ്മിച്ചു. ഹൈദരാബാദിലെത്തിച്ച് ചെമ്പ് പാളികള്‍ പിടിപ്പിക്കുകയും പിന്നീട് ചെന്നൈയിലെത്തിച്ച് സ്വര്‍ണ്ണം പൂശുകയും ചെയ്തു. ഇതിനിടയില്‍ പലതവണ അളവ് ഉറപ്പാക്കാനായി സന്നിധാനത്ത് എത്തിച്ചു. 324.400 ഗ്രാം സ്വര്‍ണ്ണമാണ് വാതിലില്‍ പൂശാനായി ഉപയോഗിച്ചത്. 2019 മാര്‍ച്ച് മൂന്നാം തീയതി ചെന്നൈയില്‍ നിന്ന് സ്വര്‍ണ്ണം പൂശി നല്‍കിയ വാതില്‍ സന്നിധാനത്ത് എത്തിച്ചത് മാര്‍ച്ച് 11 നാണ്. ഇതിനിടയില്‍ കോട്ടയം ഇളമ്പള്ളി ക്ഷേത്രത്തിലടക്കം വാതില്‍ എത്തിച്ചു. നടനും അന്നത്തെ ദേവസ്വം പ്രസിഡന്റുമൊക്കെ ഇവിടെ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

വാതിലിന്റെ അറ്റകുറ്റപ്പണി ദേവസ്വം മരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു നടത്തേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ലഭിച്ചു. ഇക്കാര്യത്തില്‍ ദേവസ്വം അധികൃതര്‍ സ്വീകരിച്ചത് പൂര്‍ണമായും അലക്ഷ്യമായ നടപടികളാണ്. 2019 ല്‍ എത്ര സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത് എന്ന് തിട്ടപ്പെടുത്താന്‍ ശാസ്ത്രിയ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത് എസ്ഐടി ആണ്. ഇതിനെ തുടര്‍ന്നാണ് സ്വര്‍ണ്ണപ്പാളികള്‍ തൂക്കി തിട്ടപ്പെടുത്തണമെന്നതടക്കമുളള നിര്‍ദ്ദേശം കോടതി നില്‍കിയത്. അന്വേഷണ സംഘം ഹാജരാക്കിയ രേഖകളില്‍ നിന്ന് 1999 ല് ശ്രീകോവില്‍, ദ്വാരപാലക ശില്പം തുടങ്ങിയവയില്‍ സ്വര്‍ണ്ണപ്പാളികള്‍ സ്ഥാപിച്ചതായി വ്യക്തമാണ്. എന്നാല്‍ നിലവിലെ രേഖകള്‍ പരിശോധിക്കുമ്പോള്‍ ഇതിലൊക്കെ ഗൗരവകരമായ വൈരുദ്ധ്യം ഉണ്ടെന്നും കോടതി പറഞ്ഞിട്ടുണ്ട്.