- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുലക്കരം ബ്രസ്റ്റ് ടാക്സ് ആയിരുന്നോ; വലിപ്പം അനുസരിച്ചാണോ മുലക്കരം നിശ്ചയിക്കുന്നത്; മേൽവസ്ത്രം ധരിക്കാനുള്ള നികുതിയാണോ ഇത്; കരം കൊടുക്കാൻ കഴിയാതെ നങ്ങേലി എന്നൊരു ഈഴവസ്ത്രീ രണ്ടുമുലയും മുറിച്ചുകൊടുത്തു എന്നത് ചരിത്ര സത്യമോ; 'പത്തൊമ്പതാം നൂറ്റാണ്ടിലെ' നങ്ങേലിക്കഥ കെട്ടുകഥയോ?
കോഴിക്കോട്: വിനയൻ സംവിധാനം ചെയ്ത 'പത്തൊമ്പാതം നൂറ്റാണ്ട്' എന്ന സിനിമ ഹിറ്റായി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. എഡി 1825 മുതൽ എഡി 1874 വരെ ആലപ്പുഴ ജില്ലയിൽ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധപണിക്കർ അഥവാ കല്ലിശ്ശേരി വേലായുധ ചേകവർ എന്ന നവോത്ഥാന നായകന്റെ ധീരോജ്വലമായ ജീവിതവും, അനീതികൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടങ്ങളും ആണ് സിനിമയുടെ പ്രമേയം. പണിക്കരുടെ ജീവിതത്തിലുടെ, സ്വാമി വിവേകാനന്ദൻ പറഞ്ഞ കേരളം എന്ന ഭ്രാന്താലയത്തിന്റെ കഥ പറയുകയാണ് വിനയൻ. സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുവദമില്ലാത്ത, മുലക്കരവും മീശക്കരവും പിരിക്കുന്ന ഒരു ഗതികെട്ട നാടിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ വേലായുധപണിക്കരായി തിളങ്ങിയ നടൻ സിജു വിൽസണപ്പോലെ തന്നെ പേരെടുത്തിരിക്കയാണ്, മുലക്കരത്തിനെതിരെ പ്രതികരിക്കാനായി തന്റെ മുലകൾ മുറിച്ച് നാടുവാഴിയുടെ മുന്നിൽ വെച്ച് മരിച്ചുവീണ നങ്ങേലി എന്ന കയാദു ലോഹർ എന്ന കന്നഡ താരം ചെയ്ത കഥാപാത്രവും. ഇതോടെ സോഷ്യൽ മീഡിയയിലും നങ്ങേലി വലിയ ചർച്ചയാവുകയാണ്.
വേലായുധപണിക്കരപ്പോലെ ശരിക്കും ജീവിച്ചിരുന്ന ഒരു കഥാപാത്രമാണ് നങ്ങേലിയെന്നും, മുലകൾ മുറിച്ച സംഭവം ചരിത്ര സത്യമാണെന്നുമാണ് പലരും കരുതുന്നത്. ചേർത്തലയിലെ മുലച്ചിപ്പറമ്പ് എന്ന സ്ഥലപ്പേര് അങ്ങനെ ഉണ്ടായതാണെന്നും, ഇവിടെയാണ് നങ്ങേലി എന്ന ഈഴവ യുവതി, താമസിച്ചിരുന്നതെന്നും പറഞ്ഞ് സോഷ്യൽ മീഡിയിൽ പോസ്റ്റുകൾ നിറയുകയാണ്.
നങ്ങേലിക്കഥയുടെ യാഥാർഥ്യം
പക്ഷേ നങ്ങേലിയുടെ ജീവത്യാഗത്തിന് ചരിത്രത്തിന്റെ പിൻബലം ഇല്ല എന്നതാണ് യാഥാർഥ്യം. 2018ൽ കേരള യുക്തിവാദി സംഘം നങ്ങേലി സ്മൃതിയും ആഘോഷിച്ചപ്പോൾ തന്നെ ഇത് വിവാദമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന സംഭവമായിട്ടും അക്കാലത്തുള്ള ചരിത്രരേഖകളിൽ എവിടെയും നങ്ങേലിയെക്കുറിച്ച് പരാമർശം ഇല്ല. മിഷനറിമാരുടെ എഴുത്തുകളിൽ, പുസ്തകങ്ങളിൽ സർക്കാർ രേഖകളിൽ ഒന്നും ഈ പരാമർശമില്ല. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും ശാസ്ത്ര - ചരിത്ര ലേഖകനുമായ ഡോ മനോജ് ബ്രൈറ്റ് ഇങ്ങനെ വിലയിരുത്തുന്നു. ''ഈ നങ്ങേലിയുടെ കഥക്ക് അധികം പഴക്കമില്ല എന്നതാണ് സത്യം. ഈ കഥ ആദ്യം പ്രത്യക്ഷപ്പെടുന്നത് 2000ത്തിൽ പ്രസിദ്ധീകരിച്ച എസ് എൻ സദാശിവന്റെ എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലാണ്. അതിൽ നങ്ങേലി എന്ന പേരും അവരുടെ നാളും ഒന്നുമില്ല. അതൊക്കെ 2000 നു ശേഷം വന്ന പലരുടെയും ഭാവനാവിലാസങ്ങളാണ്. വേറൊരു രസം എസ് എൻ സദാശിവന്റെ ഒരു വമ്പൻ തള്ളാണ്. മുലക്കരത്തെ ബ്രസ്റ്റ് ടാക്സ് എന്ന് വിളിച്ച് മനഃപ്പൂർവ്വം തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മുലക്കരം എന്ന നികുതി സ്ത്രീകളുടെ മുലകളുടെ വലുപ്പവും ഭംഗിയും വലുപ്പവും അനുസരിച്ചാണ് എന്നു പോലും പറഞ്ഞു കളഞ്ഞു. മറ്റൊരു രസം ഇതിന്റെ തൊട്ടു മുകളിലുള്ള പാരഗ്രാഫിൽ അദ്ദേഹം തന്നെ മുലക്കരം ഈഴവർക്ക് ബാധകമായിരുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട് എന്നതാണ്.
വീണ്ടും പുറകോട്ടു പോയാൽ അന്ത്രോപ്പോളജിസ്റ്റായ എൽ. അനന്തകൃഷ്ണയ്യരുടെ 1937 ൽ പ്രസിദ്ധീകരിച്ച ട്രാവൻകൂർ ട്രൈബ്സ് ആൻഡ് കാസ്റ്റ്സ്, എന്ന പുസ്തകത്തിൽ ഒരു മുലയറുക്കൽ കഥ പറയുന്നുണ്ട്. പണ്ടെന്നോ നടന്നത് എന്ന് കേട്ടുകേൾവിയുള്ള ഒരു കഥ. മലയരയൻ എന്ന വിഭാഗത്തിൽ പെടുന്ന ഒരു വനവാസിയാണ് കഥയിലെ നായിക. പുന്നാട്ട് രാജാവിന്റെ ഉദ്യോഗസ്ഥൻ ഒരു മലയരയനോട് തലക്കരം ചോദിച്ചപ്പോൾ അതുകൊടുക്കാനില്ലാത്തതു കൊണ്ട് അവർ ഒരാളുടെ തലവെട്ടി ഉദ്യോഗസ്ഥന്റെ മുന്നിൽ വച്ചത്രേ. അതുപോലെ മുലക്കരം കൊടുക്കാനില്ലാത്തതുകൊണ്ട് ഒരു സ്ത്രീയുടെ മുലയും അരിഞ്ഞെടുത്ത് ഉദ്യോഗസ്ഥന് സമർപ്പിച്ചത്രെ. ഈ വിവരം അറിഞ്ഞ് കോപം പൂണ്ട പുന്നാട്ട് രാജാവ് ആ കരങ്ങൾ നിർത്തലാക്കി എന്നാണ് കഥ എന്ന് എൽ. അനന്തകൃഷ്ണയ്യർ രേഖപ്പെടുത്തുന്നു.
എന്താണ് തലക്കരം, എന്താണ് മുലക്കരം എന്ന് അനന്തകൃഷ്ണയ്യർ വ്യക്തമായി പറയുന്നുണ്ട്. പണിയെടുക്കാൻ ശരീരശേഷിയുള്ള പുരുഷൻ കൊടുക്കേണ്ട നികുതിയാണ് തലക്കരം. സ്ത്രീകളിൽ ആ നികുതിയെ വിളിക്കുന്ന പേരാണ് മുലക്കരം എന്നത്. അതായത് തലക്കരവും മുലക്കരവും വരുമാന നികുതി പോലെ ഒന്നാണ്. മാസം രണ്ടു ചക്രമായിരുന്നു നികുതി എന്നും അനന്തകൃഷ്ണയ്യർ പറയുന്നു. (അത് അമിതമാണോ അല്ലയോ എന്നത് അന്നത്തെ കൂലി എത്രയായിരുന്നു എന്നതനുസരിച്ചിരിക്കും.) അത് നമ്മുടെ അഭിനവ ചരിത്ര പണ്ഡിതർ പറയുന്നപോലെ സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാനുള്ള അനുവാദം കിട്ടാനുള്ള നികുതിയല്ല. സ്തനങ്ങളുടെ വലുപ്പം അനുസരിച്ചാണ് നികുതി നിശ്ചയിച്ചിരുന്നത് എന്നൊക്കെ തള്ളുന്നവരെ സമ്മതിക്കണം. പിന്നെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ അത് നടന്നത് മലയരയന്മാരുടെ ഇടയിലാണ്. ഈഴവരുടെ ഇടയിലല്ല. അത് നടന്നിട്ടുണ്ടെങ്കിൽ തന്നെ അത് ചേർത്തലയിലല്ല. ആ സ്ത്രീയുടെ പേര് നങ്ങേലി എന്നുമല്ല.
ഇതുപോലുള്ള നിസ്സാര നികുതികൾ പിരിച്ചെടുക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടോ, ബ്രിട്ടീഷുകാരുടെ പ്രേരണകൊണ്ടോ, തിരുവിതാംകൂർ മഹാരാജാവ് ദരിദ്രവാസികളുടെ മേൽ ചുമത്തിയിരുന്ന ഇതുപോലുള്ള നൂറ്റിഇരുപതോളം നിസ്സാര നികുതികൾ 1865 ൽ നിർത്തലാക്കി. നങ്ങേലി സംഭവം നടന്നത് 1803ലാണ് എന്ന് ചില 'ചരിത്രകാരന്മാർ' അവകാശപ്പെടുന്നുണ്ട്. (1803ൽ നടന്ന സംഭവത്തിന്റെ പേരിൽ നികുതി നിർത്തലാക്കുന്നത് 1865 ൽ. അറുപത്തിരണ്ട് കൊല്ലം കഴിഞ്ഞ്. കൊള്ളാം,നല്ല ചരിത്രബോധം.) നമ്മുടെ എസ്.എൻ. സദാശിവൻ നങ്ങേലി സംഭവം നടന്നതായി പറയുന്നത് 1840 കളിലാണ് എന്നാണ്. എന്തായാലും നികുതി നിർത്തലാക്കാൻ കാരണം നങ്ങേലിയല്ല എന്ന് വ്യക്തം.''- ഇങ്ങനെയാണ് ഡോ മനോജ് ബ്രൈറ്റ് തന്റെ അഭിപ്രായം വ്യക്തമാക്കുന്നത്.
സുഗതന്റെ പുസ്തകത്തിൽ പറയുന്നത്
അതിശയോക്തി കലർന്ന വായ് മൊഴിയാണ് എന്ന് സമ്മതിച്ചു കൊണ്ടു തന്നെ ഇതിനുള്ള സാമൂഹിക സാഹചര്യം അന്നുണ്ടായിരുന്നെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
അമ്പലപ്പുഴ ചേർത്തല താലൂക്കിലെ ഇരുനൂറ് വർഷം മുൻപുള്ള സാമുഹിക സാഹചര്യത്തിൽ നങ്ങേലിയുടെ ആത്മഹത്യ പോലെ ഒന്നു നടക്കാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിൽ ഉണ്ടായിരുന്നു എന്നു വേണം കരുതാൻ. അക്കാലത്ത് ഈഴവർ അടക്കം നേരിട്ട വിവേനങ്ങളും പീഡനങ്ങളും പലരും രേഖപ്പെടുത്തിയിട്ടുണ്ട്. മാറുമറക്കാനും മൂക്കുത്തിയാടാനും നടത്തിയ സമരങ്ങൾ ചരിത്രമാണ്.
മുൻ എംഎൽഎ യും, കോൺഗ്രസ് നേതാവും, അമ്പലപ്പുഴ-ചേർത്തല താലൂക്കിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള രാഷ്ട്രീയം പഠനവിഷയവുമാക്കിയിട്ടുള്ള അഡ്വ: ഡി സുഗതൻ 'ഒരു ദേശത്തിന്റെ കഥ കയറിന്റെയും' എന്ന തന്റെ പുസ്തകത്തിൽ നങ്ങേലിക്കഥ വിവരിക്കുന്നുണ്ട്. ചേർത്തലയിൽ നിന്നും ഒരു കിലോമീറ്റർ മാറിമുലച്ചിപ്പറബ് എന്ന നങ്ങേലിയുടെ ആത്മഹത്യ നടന്നു എന്നു പറയപ്പെടുന്ന സ്ഥലത്തും അതിനടുത്തുള്ള എകെ ആന്റണിയുടെ കുടുംബ വീട്ടിലും ഒക്കെ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിയ സമയത്ത് കിട്ടിയ അറിവുകൾ വച്ചാണ് അദ്ദേഹം ഈ പുസ്തകത്തിൽ ഇതു് വിവരിക്കുന്നത് എന്ന് സൂചിപ്പിക്കുന്നത്.. നങ്ങേലിയുടെ പിൻഗാമികൾ ഇന്നറിയപ്പെടുന്നവർ അവിടെ ഇന്നും താമസിക്കുന്നു എന്നതും അദ്ദേഹം തന്നെ പറയുന്നുണ്ട്.
സുഗതൻ പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ്.''ഈഴവ സ്ത്രീ ആയിരുന്നതിനാൽ അവർ മുലക്കരം കൊടുക്കാൻ ബാധ്യസ്ഥയായിരുന്നു. കരം കുടിശ്ശിക വന്നതിനെത്തുടർന്ന് ഒരു ദിവസം സവർണനായിരുന്ന പ്രവൃത്തിയാരും സംഘവും ജപ്തി നടപടികൾക്കായി ഈ വീട്ടിലെത്തി. പ്രവൃത്തിയാരുടെ ശകാരത്തിൽ മനംനൊന്ത നങ്ങേലി വീടിനകത്തേക്കു പോയി. അവർ മൂർച്ചയേറിയ ഒരു കത്തികൊണ്ട് തന്റെ രണ്ട് മുലകളും ഛേദിച്ച് ഒരു വാഴയിലയിൽ വെച്ചുകൊണ്ട് പുറത്തേക്ക് വന്നു. ഭീകരവും ഭയാനകുമായ ഒരു രംഗമായിരുന്നു അത്. അഴിഞ്ഞുലഞ്ഞ മുടിയും രോഷാഗ്നിയിൽ ജ്വലിച്ച കണ്ണുകളും ദേഹമാസകലം രക്തത്തിൽ കുളിച്ച രൂപവുമായി പുറത്തേക്ക് വന്ന ആ സ്ത്രീയെക്കണ്ട് ഭയവിഹ്വലനായ പ്രവൃത്തിയാരും സംഘവും ഓടി രക്ഷപ്പെട്ടു. ഭീകരമായ ആ രംഗം അൽപ്പ സമയത്തിനുള്ളിൽ ദാരുണവും ദുഃഖകരവുമായി. രക്തം വാർന്നൊഴുകിത്തീർന്ന അവസ്ഥയിൽ ആ സാധുസ്ത്രീ കുഴഞ്ഞുവീണ് ജീവൻ വെടിഞ്ഞു. അവരെ ദഹിപ്പിച്ച ചിതയിൽ ചാടി ഭർത്താവ് ചിരുകണ്ടനും ജീവനൊടുക്കി''. സുഗതന്റെ അഭിപ്രായത്തിൽ 1803 ൽ ആണ് ഈ സംഭവം നടക്കുന്നത് എന്നതാണ്.. ഈ കാലഘട്ടത്തിലാണ് വൈക്കത്ത് അയിത്തം ലംഘിച്ച ഈഴവ ചെറുപ്പക്കാരെ വേലൂത്തമ്പി ദളവയുടെ പട്ടാളം കൊന്ന് കുളത്തിൽ മൂടിയ സംഭവവും നടന്നതെന്നാണ് അദ്ദേഹം പുസ്തകത്തിൽ പറയുന്നത്.
എന്തു തന്നെയായാലും, കടുത്ത ജാതിയതയും, അടിമത്വവും അനധികൃതമായ കരം പിരിവും നടന്ന കാലഘട്ടം ആയിരുന്നു പത്തൊമ്പതാം നൂറ്റാണ്ട് എന്നതിൽ ആർക്കും സംശയമില്ല. മുലച്ചിപ്പറമ്പിന് തൊട്ടു സമീപം ചേർത്തല കോടതിയിലെ അഭിഭാഷകയായിരുന്ന വിപ്ലവനായിക കെ ആർ ഗൗരിയമ്മയും ഈ വിവരണങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
പക്ഷേ സുഗതന്റെതും കേട്ടുകേൾവിയുടെ വിവരണം ആയല്ലാതെ ആധികാരികമായ ഒരു ചരിത്രമായി എടുക്കാൻ കഴിയില്ല. സുഗതൻ പുസ്തകത്തിൽ പറയുന്ന ഈ സംഭവമാണ് വിനയൻ തന്റെ സിനിമയിൽ അഡാപ്്റ്റ് ചെയ്തത്. ആറാട്ടുപുഴ വേലയായുധ പണിക്കരുടെ കഥയും നങ്ങേലിയുടെ കഥ നടന്നുവെന്ന് പറയുന്ന സമയവും തമ്മിൽ പൊരുത്തപ്പെടുന്നില്ല. പക്ഷേ സമാനമായ മൂക്കുത്തി സമരവും, മാറുമറക്കൽ സമരവും, അച്ചിപ്പുടവ സമരത്തിനുമൊക്കെ നേതൃത്വം കൊടുത്ത ആളായിരുന്നു വേലായുധപ്പണിക്കർ. അതുകൊണ്ടുതന്നെ ഈ രണ്ടു കഥയും എളുപ്പത്തിൽ കൂട്ടി യോജിപ്പിക്കാൻ കഴിയും. പക്ഷേ വേലായുധപ്പണിക്കർ എന്ന ചരിത്രപുരുഷന്റെ കഥ പറയുമ്പോൾ ഇത്തരം സ്വാതന്ത്ര്യം എടുക്കാൻ കഴിയുമോ എന്നതാണ് ചോദ്യം. വേലായുധ പണിക്കർ ജീവിച്ചിരുന്ന കഥാപാത്രം ആയതുകൊണ്ട്, നങ്ങേലിയും ജീവിച്ചിരുന്ന കഥാപാത്രമായി തെറ്റിദ്ധരിക്കപ്പെടും. സത്യത്തിൽ മുലമുറിച്ച നങ്ങേലി ഒരു മിത്ത് മാത്രമാണ് എന്നതാണ് വസ്തുത.