തിരുവല്ല: കൈക്കൂലിക്കേസിൽ വിജിലൻസ് പിടിയിലായ തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണൻ സ്റ്റാലിനെ സസ്പെൻഡ് ചെയ്തത് ആറു ദിവസത്തിന് ശേഷം മുൻകാല പ്രാബല്യത്തോടെ. കഴിഞ്ഞ മൂന്നിന് വൈകിട്ടാണ് മാലിന്യസംസ്‌കരണ കമ്പനി ഉടമയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നാരായണൻ സ്റ്റാലിനും ഓഫീസ് അസിസ്റ്റന്റ് ഹസീന ബീഗവും വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിച്ചാൽ ഒന്നുകിൽ അന്ന് തന്നെ അല്ലെങ്കിൽ പിറ്റേന്ന് സസ്പെൻഡ് ചെയ്യപ്പെടും. മന്ത്രി സജി ചെറിയാന്റെ വലംകൈ എന്ന് അറിയപ്പെടുന്ന നാരായണൻ സ്റ്റാലിനെ മാർച്ച് മൂന്നിനാണ് വിജിലൻസ് പിടിച്ചത്. സസ്പെൻഡ് ചെയ്ത് ഉത്തരവ് വന്നത് ഇന്നലെയും.

ഇവിടെയാണ് നാരായണന്റെ സ്വാധീനം പുറത്തു വരുന്നത്. ഇയാൾ വീമ്പിളക്കിയിരുന്ന സർക്കാരിലും മന്ത്രിയിലും ഉള്ള സ്വാധീനം വീൺവാക്കായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ഒരു സർക്കാർ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടിയാൽ അപ്പോൾ തന്നെ വിവരം മേലധികാരിക്ക് റിപ്പോർട്ട് ചെയ്യും. പിടിയിലായ ഉദ്യോഗസ്ഥനെ വിജിലൻസ് കോടതി റിമാൻഡ് ചെയ്യുക കൂടി ചെയ്താൽ അപ്പോൾ തന്നെ സസ്പെൻഷനുമുണ്ടാകും. ഇവിടെ ഇതൊന്നും നടന്നില്ല. വിജിലൻസ് പിടിയിലായ സമയം തന്നെ വിവരം വിജിലൻസ് ഡിവൈ.എസ്‌പി കൊല്ലം നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടറെയും പിറ്റേന്ന് സംസ്ഥാന നഗരകാര്യ ഡയറക്ടറെയും അറിയിച്ചിരുന്നു. പിറ്റേന്ന് സെക്രട്ടറിയെ വിജിലൻസ് കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. സ്വാഭാവികമായും രണ്ടാം ദിവസം സെക്രട്ടറി സസ്പെൻഷനിലാകേണ്ടതാണ്. പക്ഷേ, അതുണ്ടായില്ല. മാർച്ച് ഒമ്പത് വരെ സെക്രട്ടറിയുടെ സസ്പെൻഷൻ നീട്ടിക്കൊണ്ടു പോയത് ഇയാളെ മന്ത്രി തലത്തിൽ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പറയുന്നത്.

വിജലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്‌പിയുടെ റിപ്പോർട്ട് ഇന്നലെയാണ് കിട്ടിയതെന്നും അത് കിട്ടാതെ സസ്പെൻഷൻ ഉത്തരവ് ഇറക്കാൻ കഴിയില്ലെന്നുമുള്ള വിചിത്രവാദമാണ് ഇവർ ഉയർത്തുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിൽ മാർച്ച് മൂന്നു മുതൽ മുൻകാല പ്രാബല്യം പറഞ്ഞിട്ടുണ്ട്.

ഒരേ നമ്പരിൽ രണ്ട് ബൈക്ക്: മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

കൈക്കൂലിക്കേസിൽ അറസ്റ്റിലായ നാരായണൻ സ്റ്റാലിന്റെ തിരുവനന്തപുരത്തെ വസതിയിൽ നിന്നും ഒരേ നമ്പരിൽ രണ്ട് ബൈക്ക് കണ്ടെത്തിയ സംഭവത്തിൽ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ ഒരു ബൈക്കിന്റെ നമ്പർ വ്യാജമാണ്. വ്യാജരേഖ ചമച്ചതിനും മോഷണത്തിനുമാണ് കേസ്. വ്യാജനമ്പരുള്ള ബൈക്ക് മോഷ്ടിച്ചതാണെന്നും സംശയിക്കുന്നു.

കോടികളുടെ അനധികൃത സമ്പാദനം സ്വന്തം പേരിലും ബിനാമി പേരിലും: ബിജു രമേശിനോടും കൈക്കൂലി ചോദിച്ചു

നാരായണന്റെ അനധികൃത സമ്പാദ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് തുടരന്വേഷണം നടത്തിയ വിജലൻസ് സംഘം. തിരുവനന്തപുരത്തെ അബ്കാരി ബിജു രമേശിനോട് രണ്ടു ലക്ഷം രൂപയാണ് നേരിട്ട് ഇയാൾ കൈക്കൂലി ചോദിച്ചത്. 2015 ൽ അതിൽ ന്റെ പേരിൽ ഇയാൾക്കെതിരേ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ, കേസ് അന്വേഷിച്ചവർ തന്നെ അട്ടിമറിച്ചു. അനധികൃത സമ്പാദനത്തിന് മറ്റൊരു അന്വേഷണം കൂടി നടന്നു വരുന്നതിനിടെയാണ് ഇപ്പോൾ കൈക്കൂലി കേസിൽ പിടിയിലായിരിക്കുന്നത്. രണ്ടു ലക്ഷം രൂപയിൽ കുറഞ്ഞ കൈക്കൂലി നാരായണൻ വാങ്ങിയിരുന്നില്ല. തിരുവല്ലയിൽ ഒരു കാര്യം ശരിയാക്കുന്നതിന് 50 ലക്ഷം ഇയാൾ കൈക്കൂലി ചോദിച്ചതിന്റെ തെളിവുകൾ വിജിലൻസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അമ്പലപ്പുഴയിലെ വീട്ടിൽ നിന്ന് വസ്തു ഇടപാടിന്റെ അഞ്ച് ആധാരമാണ് കണ്ടെടുത്തത്. ഇതിനെല്ലാം കൂടി കോടികൾ വിലമതിക്കും. നെടുമങ്ങാട് ഒരു വസ്തു രണ്ടു കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. രേഖകളിൽ 1.20 കോടിയാണ് കാണുന്നത്. പിടിയിലാകുന്ന സമയം 60 ലക്ഷം രൂപ ഈ ഇടപാടിന് ഉറപ്പിച്ചിരുന്നു. കളമശേരി, നെടുമങ്ങാട്, ചെങ്ങന്നൂർ തുടങ്ങി ഇയാൾ ജോലി ചെയ്തിരുന്ന മുഴുവൻ മേഖലകളിലും കൈക്കൂലി വാങ്ങിയെന്ന് പരാതി ഉയർന്നിരുന്നു. അനധികൃത സമ്പാദ്യത്തിനുള്ള വിജിലൻസ് കേസ് അട്ടിമറിക്കുന്ന കാര്യത്തിൽ വരെ ശക്തനായിരുന്നു ഇയാൾ എന്നാണ് വിജിലൻസിന്റെ കണ്ടെത്തി. ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം വിജിലൻസ് ഇയാളെ കുടുക്കാൻ വല വിരിച്ചിരുന്നു. പിടിയിലായത് തിരുവല്ലയിൽ വച്ചാണെന്ന് മാത്രം.