തിരുവനന്തപുരം: സായൂജേ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു. കൊലവിളിയുമായി മനോരാജ് നാരാണയന്‍ ഇട്ട എഫ് ബി ലൈവ് നേരത്തെ ചര്‍ച്ചയായിരുന്നു. 2017 ഒക്ടോബറിലായിരുന്നു അത്. അന്ന് ദേശാഭിമാനിയിലെ റെസിഡന്റ് എഡിറ്ററായിരുന്നു മനോരാജ് നാരയണന്റെ സഹോദരനായിരുന്നു പി എം മനോജ്. പിന്നീടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. അതിന് ശേഷം വിവാദങ്ങളില്‍ ഒന്നും മനോരാജ് നാരായണ്‍ ചെന്നിപെട്ടില്ല. കരുതലോടെയായി യാത്ര. ഈ കുരതലിനിടെയാണ് വീണ്ടും മനോരാജ് നാരായണന്റെ പേര് ചര്‍ച്ചകളില്‍ എത്തുന്നത്. അതും രാഷ്ട്രീയ കൊലപാതകത്തില്‍ കോടതി ശിക്ഷിക്കപ്പെട്ടതിന്റെ പേരില്‍.

മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ എളമ്പിലായി സൂരജ് (32) കൊല്ലപ്പെട്ട കേസില്‍ സിപിഎം പ്രവര്‍ത്തകരായ ഒന്‍പതു പ്രതികള്‍ കുറ്റക്കാരെന്നു തലശ്ശേരി കോടതി വിധിക്കുമ്പോള്‍ അതില്‍ മനോരാജുമുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി ടി.കെ.രജീഷ് ഉള്‍പ്പെടെയുള്ളവരെയാണു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദ് കുറ്റക്കാരെന്നു കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. പത്തായക്കുന്ന് കാരായിന്റവിട ടി.കെ.രജീഷ് (45), കാവുംഭാഗം പുതിയേടത്ത് എന്‍.വി.യോഗേഷ് (45), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കെ.ഷംജിത്ത് എന്ന ജിത്തു, കൂത്തുപറമ്പ് നരവൂര്‍ പി.എം.മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റവളപ്പില്‍ നെയ്യോത്ത് സജീവന്‍ (56), പണിക്കന്റവിട വി.പ്രഭാകരന്‍ (65), പുതുശ്ശേരി വീട്ടില്‍ കെ.വി.പത്മനാഭന്‍ (67), മന്ദമ്പേത്ത് രാധാകൃഷ്ണന്‍ (60), എടക്കാട് കണ്ണവത്തിന്‍മൂല നാഗത്താന്‍ കോട്ട പ്രകാശന്‍ (56) എന്നീ പ്രതികളാണു കുറ്റക്കാര്‍. 2005 ഓഗസ്റ്റ് 7ന് രാവിലെ 8.40ന് മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്‍പില്‍ ഓട്ടോറിക്ഷയിലെത്തിയ സംഘം സൂരജിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകള്‍ ഹാജരാക്കി. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത 2 പ്രതികളെ ഇനിയും കണ്ടെത്താന്‍ സാധിച്ചില്ലെന്നും തുടരന്വേഷണം വേണമെന്നും കാണിച്ചാണു കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ടി.കെ.രജീഷ് നല്‍കിയ കുറ്റസമ്മത മൊഴി പ്രകാരം രജീഷിനെയും പി.എം.മനോരാജിനെയും കേസില്‍ ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം നല്‍കുകയായിരുന്നു. മനോരാജ് കുറ്റാവാളിയാകുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രസ് സെക്രട്ടറിയാണ് മനോരാജിന്റെ സഹോദരന്‍ പിഎം മനോജ്.

കുറച്ചു കാലം മുമ്പ് യുത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലാണ് മനോരാജ് എന്ന എംഎം മനോജിന്റെ സഹോദരനെ ഇതിന് മുമ്പ് അവസാനമായി വിവാദങ്ങളിലേക്ക് കൊണ്ടു വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ സഹോദരനെതിരെ നേരത്തെ ക്വട്ടേഷന്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഷാഫിയുടെ ആരോപണങ്ങള്‍ അന്ന് ചര്‍ച്ചയായത്. കണ്ണൂരില്‍ സിപിഎമ്മിലെ അതിശക്തരില്‍ ഒരാളായിരുന്നു മനോരാജ് നാരായണന്‍. പി ജയരാജനുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. ടി പി കേസില്‍ കുഞ്ഞനന്തന്‍ ജയിലിലായ ശേഷം സിപിഎമ്മില്‍ മനോരാജ് നാരായണന്‍ ഏറെ കരുത്തനായി മാറുകയും ചെയ്യും. ആകാശ് തില്ലങ്കേരിയുമായി മനോരാജ് നാരായണന് അടുത്ത ബന്ധമുണ്ടെന്നാണ് ഷാഫി പറമ്പില്‍ നേരത്തെ ഉന്നയിച്ച ആരോപണം. കൊടി സുനിയുമായുള്ള അടുപ്പവും പ്രതിപക്ഷം ചര്‍ച്ചയാക്കിയിരുന്നു. ഇപ്പോള്‍ ടിപി കേസിലെ പ്രതി ടികെ രജീഷ് പ്രതിയായ രാഷ്ട്രീയ കൊലക്കേസില്‍ കുറ്റവാളിയുമാകുന്നു മനോരാജ് നാരായണന്‍. പിഎം മനോജിനെ പോലെ മുമ്പ് സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു മനോരാജ്. പാര്‍ട്ടി വിരുദ്ധമായതൊന്നും പോസ്റ്റ് ചെയ്യാറില്ല. വിവാദമുണ്ടാകാന്‍ സാധ്യതയുള്ള ഫോട്ടോകള്‍ പോലും ഫെയ്സ് ബുക്കില്‍ ഇല്ല. സൗമ്യമായ ഇടപെടലാണ് സോഷ്യല്‍ മീഡിയയില്‍ നടത്തിയത്. അതുകൊണ്ടു തന്നെ പ്രത്യക്ഷത്തില്‍ വിവാദമുണ്ടാക്കുന്നതൊന്നും നിലവില്‍ ഇല്ല. ആര്‍. എസ്. എസ് പ്രവര്‍ത്തകനെ കൊന്ന കേസിനൊപ്പം കൂത്തുപറമ്പില്‍ ആയുധശേഖരം സൂക്ഷിച്ച കേസിലും പ്രതിയാണിയാള്‍. കൂത്തുപറമ്പ് പുറക്കളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിന് ആകാശ് തില്ലങ്കേരി, കൊടി സുനി എന്നിവരുടെ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മനോരാജ് നാരായണനെതിരെ ഷാഫി പറമ്പില്‍ ആരോപണം ഉന്നയിക്കാനുള്ള പ്രധാന കാരണവും.

2017ല്‍ കണ്ണൂരില്‍ വാളാങ്കിച്ചാല്‍ മോഹനന്‍ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സായൂജിനെതിരെ കൊലവിളി ഉയര്‍ന്നത്. പന്യന്നൂര്‍ ചന്ദ്രന്റെയും പാനൂരിലെ ജയകൃഷ്ണന്റെയും ഗതിയാണ് വരാന്‍ പോകുന്നതെന്ന ഭീഷണിയും പ്രകടനത്തില്‍ ഉയര്‍ന്നു. അന്ന് എം.ബി രാജേഷും, പി ജയരാജനും, എ എന്‍ ഷംസീറും പങ്കെടുത്ത പരിപാടിയിലാണ് കൊലവിളിയുമായി പ്രകടനം നടന്നത്. സായൂൂജിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നും കയ്യും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടുമെന്ന കൊലവിളിയാണ് പ്രകടനത്തില്‍ ഉയര്‍ന്നത്. മനോജിന്റെ സഹോദരനായ മനോരാജ് നാരായണനാണ് കൊലവിളി ഫേസ്ബുക്ക് ലൈവിലൂടെ സാമൂഹ്യമാധ്യമത്തില്‍ പ്രചരിപ്പിച്ചത്. അന്ന് മനോരാജ് നാരായണനെതിരെ അന്ന് പൊലീസ് കേസെടുത്തതുമില്ല. മുമ്പ് പഴയ നിരത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടിയ കേസില്‍ മനോരാജ് അറസ്റ്റിലായിരുന്നു. സായൂജിനെതിരെ കൊലവളിക്ക് പിന്നാലെ ആക്രമണവും നടന്നിരുന്നു. ആക്രമണത്തില്‍ സായൂജിനും മറ്റൊരു പ്രവര്‍ത്തകനും പരിക്കേറ്റു. പരസ്യമായി കൊലവിളി മുഴക്കിയതിനെ തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഇതിനിടെയാണ് സായൂജിന് നേരെ ബോംബേറുണ്ടായത് .

സ്വര്‍ണക്കടത്ത് - ക്വട്ടേഷന്‍ സംഘത്തിന്റെ ചരടുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്ന് ബി.ജെപി മുന്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ ആരോപണവും വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ ഉള്ളറകള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് എത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജാണ് ഇതൊക്കെ നിയന്ത്രിക്കുന്നതെന്നായിരുന്നു അന്ന് ബിജെപിയുടെ ആരോപണം. പിഎം മനോജിന്റെ സഹോദരനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലാണ്. സ്വര്‍ണ്ണ കടത്തിന് പിന്നില്‍ മനോജിന്റെ സഹോദരനാണെന്നായിരുന്നു ഷാഫിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് ബിജെപിയും കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയത്. വൈകുന്നേരം വാര്‍ത്താ സമ്മേളനത്തില്‍ തള്ളുന്ന മുഖ്യമന്ത്രി അറിയണം തന്റെ ഓഫിസിലിരിക്കുന്നവരും അവരുടെ ബന്ധുക്കളും എന്താണ് ചെയ്യുന്നതെന്ന്. പി.എം മനോരാജ് ഗള്‍ഫിലേക്ക് ഇടയ്ക്കിടെ പോകുന്നത് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാണ്. കുത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫിസ് സ്വര്‍ണ കടത്തും ക്വട്ടേഷന്‍ സംഘംങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാണ് തുറന്ന് വെച്ചിരിക്കുന്നത്.-ഇതായിരുന്നു 2021ല്‍ ഹരിദാസ് ആരോപിച്ചത്.

നയതന്ത്ര ബാഗേജ് അന്വേഷണം വന്നപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായിരുന്നു. അന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ അഴിക്കുള്ളിലായി. ശിവശങ്കറിനെ സസ്പെന്റ് ചെയ്യുകയും ചെയ്തു. രണ്ടാം പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി കരിപ്പൂരിലെ സ്വര്‍ണ്ണ കടത്ത് മാറുന്നതിന് കാരണം കണ്ണൂരിലെ ക്വട്ടേഷന്‍ സംഘങ്ങളിലേക്കുള്ള കസ്റ്റംസ് അന്വേഷണമാണ്. ഈ സംഘത്തെ നിയന്ത്രിക്കുന്നത് മനോരാജാണെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നത്. എതിര്‍ക്കുന്നവരുടെ തല വെട്ടിയെടുത്ത് മുന്‍പില്‍ വയ്ക്കുന്നയാളാണ് മനോരാജ് എന്ന് ബിജെപി ആരോപിക്കുന്നു. മുന്ന് നിരത്തിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കുത്തുപറമ്പിലെ പി.ബാലന്‍ സ്മാരക മന്ദിരമായി പ്രവര്‍ത്തിക്കുന്ന ഏരിയാ കമ്മിറ്റി ഓഫിസില്‍ നിന്നും നിരവധി തവണ സ്വര്‍ണക്കടത്ത് കേസുകളില്‍ മധ്യസ്ഥം പറഞ്ഞിട്ടുണ്ട്. പി. ജയരാജന്റെ സംരക്ഷണയിലാണ് മനോരാജും സംഘവും പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു ഹരിദാസ് ആരോപിച്ചത്. കള്ളക്കടത്ത് സംഘങ്ങള്‍ക്കുള്ള വിദേശ ബന്ധം ഇവിടുത്തെ പൊലിസ് മാത്രം അന്വേഷിച്ചാല്‍ മാത്രം മതിയാവില്ല എന്‍. ഐ.എ അന്വേഷിക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘം കണ്ണുര്‍ ജില്ലയിലെ മലയോര മേഖലയില്‍ ചെങ്കല്‍ പണയ്ക്കായി സ്ഥലങ്ങള്‍ വാങ്ങി കൂട്ടുകയാണ്. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം തയ്യാറുണ്ടോയെന്നും ഹരിദാസ് ചോദിച്ചിരുന്നു.