തിരുവനന്തപുരം: സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും.ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് നടക്കുക. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഉച്ചയ്ക്ക് 12 മണിക്കാണ് നടക്കുക.2022 ലെ പുരസ്‌കാരങ്ങളാണ് ദേശീയ അവാര്‍ഡില്‍ പ്രഖ്യാപിക്കുന്നത്. 2023 ലെ പുരസ്‌കാരങ്ങളാണ് സംസ്ഥാന അവാര്‍ഡില്‍ പ്രഖ്യാപിക്കുക.

രണ്ട് പുരസ്‌കാരത്തിലും മികച്ച നടനുള്ള ഫൈനല്‍ റൗണ്ടില്‍ മമ്മൂട്ടിയുണ്ടെന്നതാണ് പ്രത്യേകത.മികച്ച നടനുള്ള പുരസ്‌കാരത്തിനായി മമ്മൂട്ടിക്കെതിരെ മത്സരിക്കുന്നത് കന്നഡ താരം റിഷഭ് ഷെട്ടിയാണ്. നന്‍ പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനവുമായാണ് മമ്മൂട്ടി മത്സരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും മമ്മൂട്ടിയുടെ സ്വന്തം നിര്‍മാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് നിര്‍മിച്ചത് എന്നതാണ് ശ്രദ്ധേയം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നന്‍ പകല്‍ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ ഇരട്ട വേഷപ്പകര്‍ച്ച ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. റോഷാക്കിലെ ലൂക്ക് ആന്റണി എന്ന വേഷവും തിയേറ്ററുകളില്‍ കയ്യടി നേടി.

കാന്താര എന്ന ചിത്രത്തിലെ പ്രകടനമാണ് റിഷഭ് ഷെട്ടിയെ മത്സരരംഗത്ത് സജീവമാക്കുന്നത്. ചിത്രം തിരക്കഥയെഴുതി സംവിധാനം
ചെയ്തതും അദ്ദേഹംതന്നെയാണ്. 2022 സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ കാന്താര പ്രേക്ഷകര്‍ നിറഞ്ഞമനസോടെയാണ് ഏറ്റെടുത്തത്.കേരളത്തിലും ചിത്രം വലിയ വിജയമായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാനുള്ള ബഹുമതിയും കാന്താര നേടിയിരുന്നു.പുരസ്‌കാരങ്ങള്‍ ഒക്ടോബറിലായിരിക്കും വിതരണം ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവും വെള്ളിയാഴ്ചയാണ്. 2023 ലെ പുരസ്‌കാരങ്ങള്‍ ഉച്ചയ്ക്ക് 12 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സെക്രട്ടറിയേറ്റിലെ പി.ആര്‍.ചേമ്പറില്‍ പ്രഖ്യാപിക്കും.മികച്ച നടനുള്ള പുരസ്‌കാരത്തിന് കണ്ണൂര്‍ സ്‌ക്വാഡിലെയും കാതലിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍പ്രൈസായി മറ്റൊരു എന്‍ട്രി ഉണ്ടാകുമോയെന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. ഉര്‍വശിയും പാര്‍വതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരിക്കുന്നു.

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതല്‍, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്. റിലീസ് ചെയ്യാത്ത ചിത്രങ്ങളും ജൂറി കാണുന്നുണ്ട്.

കഴിഞ്ഞ തവണ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ആറ് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടി നേടിയിട്ടുള്ളത്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ നേടാന്‍ ഉര്‍വശിക്ക് കഴിഞ്ഞാല്‍ അത് കരിയറിലെ ആറാം പുരസ്‌കാരമാകും. മഴവില്‍ക്കാവടി, വര്‍ത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് മുമ്പ് പുരസ്‌കാരം ലഭിച്ചത്.

വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജ് രണ്ടു വട്ടം നേടിയിട്ടുണ്ട്. ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് 2015 ലും ടേക്ക് ഓഫിലെ അഭിനയത്തിന് 2017-ല്‍ പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി.

രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സ്‌ക്രീനിംഗ് നടന്നത്.160 സിനിമകളാണ് ആദ്യ ഘട്ടത്തില്‍ മത്സരത്തിന് ഉണ്ടായിരുന്നതെങ്കില്‍ ചിത്രങ്ങള്‍ രണ്ടാം ഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി.കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്.കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായിരുന്നു സ്‌ക്രീനിങ്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍.സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.