കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ സഞ്ചരിച്ച നവകേരള ബസ് സൂപ്പര്‍ ഡീലക്‌സ് എ സി ബസായി വീണ്ടും റോഡിലിറങ്ങും. രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് വീണ്ടും സര്‍വ്വീസ് തുടങ്ങും. നിരക്ക് അടക്കം കുറയുമെന്നാണ് സൂചന. എയര്‍കണ്ടിഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഇത് 38 സീറ്റുകളാക്കി ഉയര്‍ത്തും. ശുചിമുറി അടക്കമുള്ളവ പൊളിച്ചുമാറ്റി സീറ്റ് കൂട്ടും. ശുചിമുറി ചെറുതാക്കാനാണ് തീരുമാനം. നവകേരള ബസില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ ഏകദേശം പത്ത് ലക്ഷം രൂപ ചെലവാകും. ബസ് ഇപ്പോള്‍ ബംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലാണുള്ളത്.

നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് മേയ് അഞ്ച് മുതല്‍ ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട് - ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു. സെസ് അടക്കം 1171 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ബസില്‍ ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്ബേസിന്‍, ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ അടക്കമുള്ള സൗകര്യങ്ങളുണ്ടായിരുന്നു. ബസിനുപുറകില്‍ വാതില്‍മുതലുള്ള ഭാഗം ടോയ്ലറ്റും വാഷിങ് ഏരിയയുമായിരുന്നു. അത് പൊളിച്ചുമാറ്റി ടോയ്ലറ്റ് ചെറുതാക്കി പകരം അവിടെ യാത്രക്കാര്‍ക്കുള്ള സീറ്റുകള്‍ ഒരുക്കും.

നേരത്തെ യാത്രക്കാരില്ലാതെ വന്നതോടെ സര്‍വീസ് മുടങ്ങിയിരുന്നു. നവകേരള ബസ് അവസാനമായി ജൂലായിലാണ് സര്‍വീസ് നടത്തിയത്. പിന്നീട് കുറച്ചുനാള്‍ കോഴിക്കോട് കെ എസ് ആര്‍ ടി സി റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ കട്ടപ്പുറത്ത് പൊടിപിടിച്ച് കിടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. 1171 രൂപയായിരുന്നു കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാനിരക്ക്. ഇനി സ്വിഫ്റ്റ് സൂപ്പര്‍ ഡീലക്‌സ് എ.സി. ബസിന്റെ ടിക്കറ്റ് എടുത്ത് യാത്രചെയ്യാം. അപ്പോള്‍ നിരക്ക് പകുതിയോളമാകും. മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ കയറാന്‍വേണ്ടി സജ്ജീകരിച്ച വാഹനമായതിനാല്‍ മുന്‍ഭാഗത്ത് േൈഹഡ്രാളിക് ലിഫ്റ്റും പുറകില്‍ ഓട്ടോമാറ്റിക് വാതിലുമായിരുന്നു. ഹൈഡ്രാളിക് ലിഫ്റ്റും ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മേയ് ആറിനാണ് നവകേരളബസ് കെ.എസ്.ആര്‍.ടി.സി. സര്‍വീസാക്കി മാറ്റിയത്. എല്ലാ ദിവസവും പുലര്‍ച്ചെ നാലിനായിരുന്നു കോഴിക്കോട്ടുനിന്ന് പുറപ്പെട്ടിരുന്നത്. സമയത്തിലെ അശാസ്ത്രീയതയും യാത്രക്കാര്‍ കുറയാന്‍ കാരണമായിരുന്നു. അന്ന് ബസിന്റെ സമയം രാവിലെ ആറുമണിയിലേക്ക് മാറ്റാന്‍ പ്രൊപ്പോസല്‍ കൊടുത്തിരുന്നു. ബസ് വീണ്ടും പുറത്തിറങ്ങുമ്പോള്‍ സമയംമാറ്റുമെന്നും സൂചനയുണ്ട്.

1.15 കോടി രൂപയ്ക്കാണ് നവകേരള ബസ് വാങ്ങിയത്. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനായിരുന്നു ബസ് ഒരുക്കിയത്. അന്ന് ബസിലെ ആഡംബരത്തെ ചൊല്ലി വലിയ വിവാദങ്ങളുണ്ടായിരുന്നു. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവന്‍, കിടപ്പുമുറി, മീറ്റിങ് മുറി എന്നിവയൊക്കെ ഉണ്ടെന്നായിരുന്നു പ്രചാരണം. ഇത് ഏറ്റെടുത്ത പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ ബസ്സില്‍ ശുചിമുറിയും എലവേറ്ററും മാത്രമാണുള്ളതെന്ന് പിന്നീട് വ്യക്തമായി. ബസ്സിനുള്ളില്‍ കയറി ബോധ്യപ്പെടാന്‍ മാധ്യമങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബസ് കര്‍ണ്ണാടകയിലെ സ്വകാര്യ വര്‍ക്ക്ഷോപ്പിലാണ്. 64 ലക്ഷം രൂപ മുടിക്കി നിര്‍മ്മിച്ച ബസിന്റെ ബോഡിയില്‍, ഉള്‍ഭാഗത്തിന് വീണ്ടും മാറ്റം വരുത്തും. ബസിന്റെ സൗകര്യങ്ങള്‍ കുറച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് വര്‍ക്ക്ഷോപ്പില്‍ കയറ്റിയത്. ബസിന്റെ പിറകിലുള്ള പാന്‍ട്രിക്ക് പുറമെ വാഷ് ഏരിയ പൊളിച്ച് മാറ്റും. ടോയിലറ്റിലെ യൂറോപ്യന്‍ ക്ലോസ്റ്റ് ഒഴിവാക്കി ഇന്ത്യന്‍ ക്ലോസറ്റ് ആക്കും. യൂറോപ്യന്‍ ക്ലോസ്റ്റ് യാത്രക്കാര്‍ വൃത്തിയാക്കി സൂക്ഷിക്കുന്നില്ല എന്നതാണ് വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് ബസില്‍ യൂറോപ്യന്‍ ക്ലോസറ്റ് അടക്കമുണ്ടാക്കിയത്.

അടിമുടി മാറ്റത്തില്‍ ബംഗ്ലൂരുവിലേക്ക് സര്‍വ്വീസ് നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമൊട്ടാകെ സഞ്ചരിച്ച നവകേരള ബസ് മ്യൂസിയത്തില്‍വെച്ചാല്‍ തന്നെ ലക്ഷക്കണക്കിന് ജനങ്ങള്‍ കാണാന്‍ വരുമെന്ന് പോലും സിപിഎം ചര്‍ച്ചയാക്കിയിരുന്നു.ആ ബസാണ് ഇപ്പോള്‍ പ്രതിസന്ധിയിലായത്. അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കഴിഞ്ഞ ജൂലായ് 21നാണ് ബസ് കോഴിക്കോട്ടെ വര്‍ക്ക് ഷോപ്പിലെത്തിച്ചത്. എന്നാല്‍ പൊടിപിടിച്ചുകിടക്കുന്നതല്ലാതെ യാതൊരു അറ്റകുറ്റപ്പണികളും ഒരു മാസത്തില്‍ അധികം നടന്നില്ല. ഈ അവസ്ഥയില്‍ ബസ് മ്യൂസിയത്തില്‍ കാഴ്ചവസ്തുവായി തന്നെ വെക്കേണ്ടിവരുമെന്നാണ് വിമര്‍ശനം വന്നു. ഇതോടെയാണ് ബംഗ്ലൂരുവിലേക്ക് മാറ്റിയത്.