ന്യൂഡല്‍ഹി: നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി പുറപ്പെടുവിച്ച് 24 മണിക്കൂറിനുള്ളിലാണ് സര്‍ക്കാരിന്റെ ഈ അതിവേഗ നിയമനടപടി.

സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും, ഹൈക്കോടതി വിധിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ വാദങ്ങള്‍: 'ഇത് കാബിനറ്റ് അധികാരം'

മന്ത്രിസഭയ്ക്ക് നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്നാണ് സര്‍ക്കാരിന്റെ പ്രധാന വാദം. ബജറ്റ് വിഹിതമില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ സാങ്കേതികമാണെന്നും ഭരണപരമായ അനുമതികളുടെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചതെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി വിധി ഭരണഘടനാപരമായ അധികാരങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു.

ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലാതെയാണ് സര്‍വേ നടത്തുന്നതെന്നും, ഇത് നിയമവിരുദ്ധമാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍വേ റദ്ദാക്കിയത്. സ്‌പെഷ്യല്‍ പി.ആര്‍. കാമ്പയിന്റെ പേരില്‍ 20 കോടി രൂപ അനുവദിച്ചത് റൂള്‍സ് ഓഫ് ബിസിനസ് ചട്ടലംഘനമാണെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. സര്‍വേ നടത്തിയ രീതിയിലും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

നവകേരള സര്‍വേ നടത്താനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭ എടുത്തത് 2025 ഒക്ടോബര്‍ 8-നാണ്. എന്നാല്‍, ഈ തീരുമാനമെടുക്കുന്നതിന് ദിവസങ്ങള്‍ മുന്‍പ് തന്നെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പാര്‍ട്ടി കേഡര്‍മാര്‍ക്ക് കത്തയച്ചതായി ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍വേക്കായുള്ള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ കത്ത് തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സി.പി.എം. അണികളെ രഹസ്യമായി സര്‍വേയില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി നീക്കം നടത്തിയെന്ന സംശയം കോടതി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എം.വി. ഗോവിന്ദനെ ഈ കേസില്‍ കക്ഷി ചേര്‍ത്തെങ്കിലും, അദ്ദേഹം നല്‍കിയ സത്യാവാങ് മൂലം തൃപ്തികരമല്ലെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെയും വികസനത്തെയും കുറിച്ച് ജനങ്ങളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവകേരള സര്‍വേ പരിപാടിക്ക് തുടക്കമിട്ടത്. ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ നീക്കം, ഈ വിഷയത്തില്‍ നിര്‍ണായകമായ നിയമപോരാട്ടത്തിലേക്ക് വഴിവെക്കുകയാണ്.