കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട പി പി ദിവ്യ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കും മുന്‍പെ പ്രതിരോധത്തിലായി. മുന്‍ കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയ അധിക്ഷേപ പ്രസംഗം നടത്തിയ പി.പി ദിവ്യ റവന്യൂവകുപ്പ് നടത്തിയ അന്വേഷണത്തില്‍ നല്‍കിയത് സ്വയം ന്യായീകരിച്ചു കൊണ്ടു നടത്തിയ മൊഴിയില്‍ സദുദ്ദേശ്യപരമായ ന്യായീകരണം മാത്രമാണുള്ളത്. എന്നാല്‍ പരസ്യമായി ഉന്നത ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്യുമ്പോള്‍ യുക്തിഭദ്രമായ തെളിവുകള്‍ പി.പി ദിവ്യയുടെ കൈവശമുണ്ടായിരുന്നില്ല.

ഒക്ടോബര്‍ പതിനാലിന് വൈകിട്ട് അഞ്ചു മണിക്ക് കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തിലെ പ്രസംഗം അഴിമതി രഹിത സര്‍ക്കാരിന് വേണ്ടിയായിരുന്നുവെന്നാണ് പി പി ദിവ്യയുടെ ന്യായീകരണ ക്യാപ്സൂള്‍. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ച ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ദിവ്യയുടെ മൊഴിയുള്ളത്. ഓരോ ഫയലിലും ഒരോ ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിലാണ് ചാരിയാണ് ദിവ്യയുടെ ന്യായീകരണം.

ബഹുമാനപ്പെട്ട കേരളത്തിന്റെ മുഖ്യമന്ത്രി, അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേറ്റ് പറഞ്ഞ, ഏറ്റവും സുപ്രധാനമായ, എന്റെയൊക്കെ ഹൃദയത്തില്‍ തറച്ച ഒരു വാചകം ഒരു ഫയല്‍ എന്നാല്‍ അതൊരു മനുഷ്യന്റെ ജീവിതമാണെന്നാണ്. പലപ്പോഴും ഞാന്‍ ഒരു വിമര്‍ശനമായിട്ട് പറയുന്നതായാണ് നിങ്ങള്‍ കരുതുക. പലപ്പോഴും. അങ്ങനെ പറഞ്ഞിട്ട് പോലും ഒരു ഫയല്‍, എന്റെ കൈയ്യിലുള്ളൊരു ഫയല്‍ ഒരു മനുഷ്യന്റെ ജീവിതമാണ് എന്ന് എത്ര പേര്‍ക്ക് തോന്നിയിട്ടുണ്ട്?' എന്നായിരുന്നു റിപ്പോര്‍ട്ടിലെ ദിവ്യയുടെ മൊഴിയിലുള്ളത്.

യാത്രയയപ്പ് ചടങ്ങിലേയ്ക്ക് ക്ഷണിച്ചത് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയനാണെന്നും പി.പി ദിവ്യയുടെ മൊഴിയിലുണ്ട്. 'യോഗത്തിലേക്ക് ഞാന്‍ എത്താന്‍ ഇടയായ സാഹചര്യം 14, 10. 2024 തിയ്യതിയിലെ ഔദ്യോഗികമായ പരിപാടിയായ പട്ടിക ജാതി വകുപ്പിന്റെ സാമുഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ വച്ച് രാവിലെ 10 മണിക്ക് നടക്കുകയും ആയതിന്റെ ഉദ്ഘാടക ഞാനും ആയതിലെ മുഖ്യ അതിഥി കണ്ണൂര്‍ ജില്ലാ കളക്ടറും ആയിരുന്നു. ആ പരിപാടിയില്‍ വെച്ച് കളക്ടറുമായി സംസാരിക്കുന്നതിന് ഇടയിലാണ് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സംബന്ധിച്ച് യാത്രയയപ്പ് അന്നേ ദിവസം മൂന്ന് മണിയോട് കൂടി നടക്കുന്നത് അറിയുന്നത്.

ആ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടോവെന്ന കളക്ടറുടെ ചോദ്യത്തിന് മറുപടിയായി ഞാന്‍ പങ്കെടുക്കാം എന്ന് സമ്മതിക്കുകയും അന്നേ ദിവസം ഉച്ചയ്ക്ക് എന്റെ ഓഫീസില്‍ സന്ദര്‍ശകര്‍ ഉള്ളത് കൊണ്ട് പ്രസ്തുത യാത്രയയപ്പ് യോഗത്തില്‍ എത്താന്‍ വൈകിയ നിലയില്‍ ഞാന്‍ കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യാത്രയയപ്പു യോഗത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് ദിവ്യയുടെ മൊഴി. എന്നാല്‍ ഈക്കാര്യം പൂര്‍ണമായും തള്ളികൊണ്ടാണ് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ആസൂത്രിതമായി പി.പി. ദിവ്യ കണ്ണൂര്‍ വിഷന്‍ ചാനല്‍ പ്രവര്‍ത്തകരെ സ്വകാര്യ പരിപാടിയിട്ടും പങ്കെടുപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പരിപാടിക്ക് മുന്‍പായി നവീന്‍ ബാബുവിനെ അവഹേളിക്കാന്‍ പി. പി ദിവ്യ ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് രണ്ടിന് കണ്ണൂര്‍ വിഷന്‍ ബ്യൂറോ ചീഫ് മനോജ് മയ്യിലിനെ ഫോണ്‍വിളിച്ചു ഇങ്ങനെ ഒരുപരിപാടി നടക്കുന്നുണ്ടെന്നും എക്സിക്ളൂസിവായി ചിലകാര്യങ്ങള്‍ താന്‍ പരിപാടിയില്‍ പറയുന്നുണ്ടെന്നും ധരിപ്പിച്ചു. എന്നാല്‍ താന്‍ അവധിയാണെന്നും വരാന്‍ കഴിയില്ലെന്നുമായിരുന്നു മനോജ് മയ്യിലിന്റെ മറുപടി. എങ്കില്‍ ചാനല്‍ ക്യാമറാമാന്‍മാരെ ആരെയെങ്കിലും അയക്കൂവെന്നായി ദിവ്യ. ഇതനുസരിച്ചു ചാനലിന്റെ ക്യാമറാനായ ബിജു അഴീക്കോടിനെ വിളിക്കാന്‍ മനോജ് പറഞ്ഞതനുസരിച്ചു ദിവ്യവിളിച്ചു.

എന്നാല്‍ ബിജു ഉച്ചഭക്ഷണം കഴിക്കവെയാണ് ദിവ്യ ഫോണ്‍ ചെയ്തത്. അതുകൊണ്ടു തന്നെ കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് യാത്രയയപ്പു സമ്മേളനം ചിത്രീകരിക്കാനായി നവീന്‍ഉള്‍പ്പെടെയുളള രണ്ടു പേര്‍ ബ്യൂറോ ചീഫിനാല്‍ നിയോഗിക്കപ്പെടുന്നത്. പി. ആര്‍.ഡി ക്യാമറാന്‍മാരുപോലുമില്ലാത്ത പരിപാടിയില്‍ ഇവര്‍ എത്തുകയും പി.പി ദിവ്യയുടെ അധിക്ഷേപകരമായ പ്രസംഗം പകര്‍ത്തുകയുമായിരുന്നു. ഇതിനു ശേഷം ദിവ്യ മനോജിനെ വിളിച്ചു തന്റെ പ്രസംഗത്തിന്റെ വിഷ്വല്‍ വാട്സ് ആപ്പില്‍ അയച്ചു തരാന്‍ ആവശ്യപ്പെടുകയും പത്തനംതിട്ടയിലെ ചില പാര്‍ട്ടി നേതാക്കള്‍ക്കും പരിചയക്കാര്‍ക്കും അയച്ചു കൊടുക്കുകയായിരുന്നു. കണ്ണൂരിലെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതു സന്ദര്‍ഭവശാല്‍ ലഭിക്കുകയും അവരും വലിയ വാര്‍ത്തയായി നല്‍കുകയും ചെയ്തുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുളളത്.

ഈകാരണങ്ങള്‍ കൊണ്ടു തന്നെ തികച്ചും ആസൂത്രിതമായാണ് എ.ഡി. എമ്മിന് മനോവേദനയുണ്ടാക്കുന്ന വിധത്തില്‍ ദിവ്യ പെരുമാറിയതെന്നും അഭിമാനക്ഷതം വന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ആത്മാഹുതിക്ക് ഇതു ഇടയാക്കിയെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടിലുളളത്. പി.പി ദിവ്യയെ ന്യായീകരിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യുന്ന കണ്ണൂര്‍ ജില്ലയിലെ സി.പി. എം നേതൃത്വത്തിന് കനത്തതിരിച്ചടിയായിരിക്കുകയാണ് സ്വന്തം സര്‍ക്കാര്‍ ഭരിക്കുന്ന വകുപ്പിലെ അന്വേഷണ റിപ്പോര്‍ട്ട്. സി.ബി.ഐ അന്വേഷണം വേണ്ടെന്നു ഹൈക്കോടതിയില്‍ വാദിച്ച പാര്‍ട്ടിയും സര്‍ക്കാരും റവന്യൂവകുപ്പ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തലോടെ പ്രതിരോധത്തിലായിരിക്കുകയാണ്.

ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് സംരഭകന്‍ കെ. വി പ്രശാന്തന്‍ വാക്കാല്‍ പറഞ്ഞ ആരോപണം മാത്രമാണ് ദിവ്യയില്‍ പ്രകോപനമുണ്ടാക്കിയത്. കാള പെറ്റുവെന്ന് കേട്ടപ്പോള്‍ കയറെടുത്തു ചാടുകയായിരുന്നു അവര്‍. പ്രശാന്തനൊപ്പം മറ്റു ലൈസന്‍സുകള്‍ക്കായി അപേക്ഷ നല്‍കിയവര്‍ വേറെയുമുണ്ടായിരുന്നു. തങ്ങളോടൊന്നും എ.ഡി.എം നവീന്‍ ബാബു കൈക്കൂലി ചോദിച്ചിട്ടില്ലെന്നാണ് ഇവര്‍ വി ജിലന്‍സിനും പ്രത്യേക അന്വേഷണ സംഘത്തിനും നല്‍കിയ മൊഴി.