തിരുവനന്തപുരം: ഒരു തെറ്റുപറ്റി എന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള തന്റെ മൊഴി കളവാണോ എന്ന് പോലീസ് അന്വേഷിക്കട്ടെ എന്ന് കളക്ടര്‍ അരുണ്‍ കെ. വിജയന്‍ പറയുന്നതിനിടെ അതിനെ സംശയത്തില്‍ നിര്‍ത്തുന്ന വിവരങ്ങളും പുറത്ത്. യാത്ര അയപ്പ് ചടങ്ങില്‍ എന്തു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയുടെ ആരോപണത്തിന് എഡിഎം നവീന്‍ ബാബു ആ യോഗത്തില്‍ തന്നെ മറുപടി പറഞ്ഞു. അത് റിക്കോര്‍ഡ് ചെയ്യാനോ ചാനലില്‍ നല്‍കാനോ ആരും ഉണ്ടായിരുന്നില്ലെന്നതാണ് വസ്തുത. ഇങ്ങനൊരു കളക്ടര്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതിനെയാണോ ഒരു തെറ്റുപറ്റിയെന്ന തരത്തില്‍ നവീന്‍ ബാബു പറഞ്ഞത് എന്ന വിലയിരുത്തലിലേക്ക് കാര്യങ്ങളെത്തിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തേക്ക് വരുന്നത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ കലക്ടറേറ്റിലെ യാത്രയയപ്പു ചടങ്ങില്‍ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കണ്ണൂര്‍ എഡിഎം കെ.നവീന്‍ ബാബു ആ ചടങ്ങില്‍ വച്ചുതന്നെ പ്രസംഗത്തില്‍ മറുപടി നല്‍കിയെന്നു വിവരം പുറത്തു വരുമ്പോള്‍ തെളിയുന്നത് കളക്ടറുടെ വാക്കുകളിലെ അസ്വാഭാവികതയാണ്. പെട്രോള്‍ പമ്പിന്റെ പരിശോധനയ്ക്കായി തിരഞ്ഞെടുപ്പുകാല തിരക്കിനിടയിലും ഒന്നിലേറെത്തവണ സ്ഥലം സന്ദര്‍ശിച്ചിരുന്നെന്നും മനഃപൂര്‍വം ഫയല്‍ വൈകിച്ചിട്ടില്ലെന്നുമാണ് എഡിഎം പറഞ്ഞത്. കാസര്‍കോട്ടുനിന്നു പത്തനംതിട്ടയിലേക്കു നേരിട്ടു സ്ഥലംമാറ്റം ലഭിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. തിരഞ്ഞെടുപ്പുകാലത്ത് കണ്ണൂരില്‍ ജോലി ചെയ്യാന്‍ ആരും തയാറാകാതിരുന്നതിനാലാണ് താന്‍ നിയോഗിക്കപ്പെട്ടതെന്നും പറഞ്ഞിരുന്നു. ഇങ്ങനെ വിശദീകരണം നല്‍കിയിട്ടും കളക്ടര്‍ മാപ്പു പറഞ്ഞുവെന്ന് വരുത്തി തീര്‍ത്ത് പിപി ദിവ്യയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് വ്യക്തമാകുന്നത്.

ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീത സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ചില ജീവനക്കാര്‍ നല്‍കിയ മൊഴികളിലാണ് എഡിഎമ്മിന്റെ പ്രസംഗം പരാമര്‍ശിക്കുന്നത്. യാത്രയയപ്പു ചടങ്ങിന്റെ വിഡിയോ പ്രാദേശിക ടിവി ചാനലിനു പുറമേ ചില ജീവനക്കാര്‍ മൊബൈല്‍ ഫോണിലും പകര്‍ത്തിയിരുന്നു. ഈ വിഡിയോ ദൃശ്യങ്ങളും ജോയിന്റ് കമ്മിഷണര്‍ ശേഖരിച്ചിട്ടുണ്ട്. ചടങ്ങിനു ശേഷമാണ് എഡിഎമ്മും കലക്ടറും തമ്മില്‍ കലക്ടറുടെ ചേംബറില്‍ കൂടിക്കാഴ്ച നടത്തിയത്. 'എനിക്കു തെറ്റുപറ്റി' എന്നു നവീന്‍ ബാബു പറഞ്ഞതായി കലക്ടര്‍ പൊലീസിനും ജോയിന്റ് കമ്മിഷണര്‍ക്കും മൊഴി നല്‍കിയത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. ഗീതയുടെ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ കളക്ടര്‍ എല്ലാ അര്‍ത്ഥത്തിലും പൊളിയും. ദിവ്യയ്ക്ക് വേണ്ടി നടത്തിയ ഇടപെടലും വ്യക്തമാകും. അതുകൊണ്ടാണ് ആ റിപ്പോര്‍ട്ട് പുറത്തു വിടാനുള്ള മടിക്ക് കാരണം. തെളിവ് നിരത്തിയാണ് നവീന്‍ ബാബുവിന്റെ സത്യസന്ധതയെ ഗീതാ റിപ്പോര്‍ട്ട് ഉയര്‍ത്തിപിടിക്കുന്നത്.

പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട ഫയല്‍നീക്കങ്ങളില്‍ എഡിഎമ്മിനു ക്ലീന്‍ ചിറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ടാണ് ജോയിന്റ് കമ്മിഷണര്‍ സമര്‍പ്പിച്ചത്. കൈക്കൂലി ആരോപണങ്ങള്‍ക്കും തെളിവില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറി, റവന്യു മന്ത്രി എന്നിവര്‍ അംഗീകരിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറിയിരിക്കുകയാണ്. പക്ഷേ നടപടി മാത്രം എടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലും ദിവ്യയെ അനുകൂലിക്കുന്ന ലോബിയുണ്ട്. ഇവര്‍ അതിശക്തമായ സമ്മര്‍ദ്ദമാണ് ദിവ്യയ്ക്കായി ചുമത്തുന്നത്. കളക്ടറെ കൈവിട്ടാല്‍ തിരിച്ചടിയുണ്ടാകും. ദിവ്യയ്ക്ക് കൂടുതല്‍ കാലം ജയിലില്‍ കിടക്കേണ്ടിയും വരും. ഇതൊഴിവാക്കാന്‍ വേണ്ട കരുതലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്‍ എടുക്കുന്നുണ്ട്. എകെജി സെന്ററില്‍ തയ്യാറാക്കിയെന്ന് പ്രതിപക്ഷം ആരോപിക്കുന്ന ആ വ്യാജ പരാതിക്ക് പിന്നിലും മുഖ്യമന്ത്രി ഓഫീസിലെ പ്രമുഖനാണെന്നതാണ് വസ്തുത.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടര്‍ക്കെതിരേ എ.ഐ.വൈ.എഫിന്റെ പേരില്‍ പോസ്റ്റര്‍ അടക്കം പ്രത്യക്ഷപ്പെട്ടിരുന്നു. എ.ഡി.എമ്മിന്റെ ആത്മഹത്യ; കളക്ടറെ പ്രതിചേര്‍ക്കുക, കളക്ടറെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ.യുടെ യുവജനവിഭാഗമായ എ.ഐ.വൈ.എഫിന്റെ പേരില്‍ സിവില്‍സ്റ്റേഷന്‍ പരിസരത്തുള്‍പ്പെടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് അതിനിര്‍ണ്ണായകമാണ്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. തെറ്റുപറ്റിയതായി നവീന്‍ബാബു പറഞ്ഞെന്ന ജില്ലാ കളക്ടറുടെ പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലില്ല. നേരത്തെ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിയും പരിശോധിച്ചിരുന്നു.

മന്ത്രി കെ.രാജന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ. നേതാക്കള്‍ തുടക്കംമുതല്‍ കളക്ടര്‍ അരുണ്‍ കെ.വിജയനെ തള്ളുന്ന നിലപാടാണ് സ്വീകരിച്ചത്. യാത്രയയപ്പിനുശേഷം നവീന്‍ ബാബു തന്നെ വന്നുകണ്ടുവെന്നും തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞുവെന്നുമുള്ള കളക്ടറുടെ മൊഴി പുറത്തുവന്നതോടെ പ്രതിഷേധം കടുത്തു. കളക്ടറെ മാറ്റിനിര്‍ത്തി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കുമ്പോഴാണ് ഇതേ ആവശ്യമുന്നയിച്ച് ഭരണകക്ഷി യുവജനസംഘടനയുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.