- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ള പശ്ചാത്തലത്തിൽ മുകളിൽ ഇന്ത്യ പതാകയും താഴെ നേവിയുടെ ലോഗോയും; നാവിക സേനയും കോളോണിയൽ ശേഷിപ്പുകൾ പൂർണ്ണമായും ഒഴിവാക്കി; ഇനി ഇന്ത്യൻ നാവിക സേനയ്ക്ക് കൂടുതൽ തല ഉയർത്തി മുമ്പോട്ട് പോകാം; ഐഎൻഎസ് വിക്രാന്തിനൊപ്പം പുതിയ പതാകയും സമുദ്രം കാക്കും സേനയ്ക്ക്
കൊച്ചി: കോളോണിയൽ ശേഷിപ്പുകൾ ഒഴിവാക്കിയ നാവികസേനയുടെ പുതിയ പതാക ഇന്നു മുതൽ ഇന്ത്യൻ യുദ്ധകപ്പലുകളിൽ. വെള്ള പശ്ചാത്തലത്തിൽ മുകളിൽ ഇടത് മൂലയിൽ ത്രിവർണ പതാകയും ചുവന്ന സെന്റ് ജോർജ്ജ് കുരിശും മദ്ധ്യത്തിൽ അശോക സ്തംഭവും അടങ്ങിയതായിരുന്നു പഴയ പതാക. ഇത് മാറുകയാണ്. പുതിയ പതാകയുടെ ഉദ്ഘാടനം ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പൽ വിക്രാന്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൊച്ചിയിൽ നിർവഹിച്ചു. തുടർന്ന് നാവിക സേനയുടെ മുഴുവൻ കപ്പലുകളും പുതിയ പതാക സ്വീകരിച്ചു. വെള്ള പശ്ചാത്തലത്തിൽ മുകളിൽ ഇന്ത്യ പതാകയും താഴെ നേവിയുടെ ലോഗോയും ചേരുന്നതാണ് പുതിയ പതാക. തീർത്തും ദേശീയ ചിഹ്നങ്ങൾ മാത്രം.
ഐ എൻ എസ് വിക്രാന്തിന്റെ ക്വാർട്ടർ ഡെക്കിലാണ് പ്രധാനമന്ത്രി പുതിയ പതാക ഉയർത്തിയത്. ഈ പതാകയ്ക്ക് പ്രധാനമന്ത്രി സല്യൂട്ട് നൽകി. തദ്ദശീയമായി നിർമ്മിച്ച വിമാനവാഹനിയിൽ തദ്ദേശീയ പതാക പാറും. മൂന്നു സമുദ്രങ്ങളിൽ ഇന്ത്യയുടെ കാവലാളാണ് നമ്മുടെ നാവികസേന. നാവികസേനയുടെ പാതകയിലെ അവസാന കൊളോണിയൽ ചിഹ്നത്തിനാണ് അവസാനമാകുന്നത്. 'പുതിയ പതാക കൊളോണിയൽ ഓർമകളെ പൂർണമായി മായ്ക്കും. ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തിന് യോജിച്ചതാവും ഇതെന്നാണ് പ്രധാനമന്ത്രിയുെട ഓഫിസ് പുറത്തിറക്കിയ സന്ദേശത്തിൽ വിശദീകരിച്ചിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്. ഐ എൻ എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച ചടങ്ങിലാണ് പുതിയ പതാകയും മോദി സമർപ്പിച്ചത്.
കൊളോണിയൽ ഭൂതകാലത്തെ പിന്നിലാക്കിക്കൊണ്ട്, സമ്പന്നമായ ഇന്ത്യൻ നാവിക പൈതൃകത്തിന് യോജിച്ച പുതിയ പതാക. കൊളോണിയൽ കാലഘട്ടത്തിലാണ് ഇന്ത്യൻ നാവികസേന രൂപീകരിച്ചത്. 1934 ഒക്ടോബർ 2-ന് നാവികസേനയെ റോയൽ ഇന്ത്യൻ നേവി എന്ന് പുനർനാമകരണം ചെയ്തു. സ്വാതന്ത്ര്യാനന്തരം, റോയൽ ഇന്ത്യൻ നേവിയെ റോയൽ ഇന്ത്യൻ നേവി, റോയൽ പാക്കിസ്ഥാൻ നേവി എന്നിങ്ങനെ വിഭജിച്ചു. 1950 ജനുവരി 26-ന് ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ 'റോയൽ' എന്ന വാക്ക് ഒഴിവാക്കി അത് ഇന്ത്യൻ നാവികസേനയായി.ബ്രിട്ടീഷ് ഭരണകാലത്ത് ഉപയോഗിച്ചിരുന്ന വെളുത്ത പശ്ചാത്തലത്തിൽ ചുവന്ന ജോർജ്ജ് കുരിശും മുകളിൽ ഇടത് മൂലയിൽ യൂണിയൻ ജാക്കും അടങ്ങിയ പതാക 1950 ജനുവരി 26നാണ് ത്രിവർണ പതാക ഉൾപ്പെടുത്തി പരിഷ്കരിച്ചത്.
2001-ൽ ജോർജിന്റെ കുരിശിന് പകരം വെള്ള പതാകയുടെ മദ്ധ്യത്തിൽ നാവിക ചിഹ്നം സ്ഥാപിച്ച് മാറ്റം വരുത്തിയിരുന്നു. നാവികസേനാ ചിഹ്നത്തിന്റെ നീലനിറം കാരണം കടലിൽ പതാകയെ വേർതിരിച്ചറിയില്ലെന്ന് പരാതി ഉയർന്നപ്പോൾ 2004-ൽ സെന്റ് ജോർജ്ജ് ക്രോസ് തിരിച്ചു കൊണ്ടുവന്ന് മദ്ധ്യത്തിൽ അശോക സ്തംഭം ചേർത്തു. 2014-ൽ അശോക ചിഹ്നത്തിന് താഴെ 'സത്യമേവ ജയതേ'യും വന്നു.മിക്ക കോമൺവെൽത്ത് രാജ്യങ്ങളും സ്വാതന്ത്ര്യസമയത്ത് റെഡ് ജോർജ്ജ് ക്രോസ് നിലനിർത്തിയെങ്കിലും ക്രമേണ അത് ഇല്ലാതാക്കി. ആസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ രാജ്യങ്ങളുടെ നാവിക സേനയും പുതിയ പതാകയ്ക്ക് രൂപം നൽകിയിട്ടുണ്ട്.
നാവികസേനാ പതാകയുടെ അവസാനത്തെ പരിഷ്കാക്കാരമാകും ഇതെന്നാണ് റിപ്പോർട്ടുകൾ. 1879ൽ ബ്രിട്ടീഷുകാരാണ് ഇന്ത്യൻ നാവിക കപ്പലുകൾക്ക് ആദ്യമായി പതാക നിർമ്മിച്ചത്. ബ്രിട്ടന്റെ ദേശീയ പതാക ആലേഖനം ചെയ്ത നീല പതാക ആയിരുന്നു. 1928ൽ അത് 'വൈറ്റ് എൻസൈൻ' എന്നറിയപ്പെടുന്ന വെള്ള പതാകയായി മാറി. പതാകയെ സെന്റ് ജോർജ് ക്രോസ് എന്ന ചുവന്ന കുരിശു രൂപം കൊണ്ട് നാലായി വിഭജിക്കുന്ന ഡിസൈൻ നിലവിൽ വന്നു. നാലിലൊന്നു ഭാഗത്ത് ബ്രിട്ടീഷ് പതാക ആലേഖനം ചെയ്യുകയും ബാക്കി ഭാഗം വെള്ള നിറത്തിലുമായിരുന്നു.
ഇന്ത്യ റിപ്പബ്ലിക്കായ 1950ൽ ഇതിലെ നാലിലൊന്നു ഭാഗത്ത് ബ്രിട്ടീഷ് പതാക മാറ്റി ഇന്ത്യൻ പതാക ആലേഖനം ചെയ്തു. റിപ്പബ്ലിക്കിന്റെ സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ കോളോണിയൽ ചിഹ്്നമായ സെന്റ് ജോർജ് ക്രോസ് പേറുന്ന പതാക ഇന്ത്യ ഉപയോഗിക്കുന്നത് ചർച്ചയായി. വിവാദവും വിമർശനവും ഉയർന്നു. 2001ൽ ക്രോസ് മാറ്റുകയും പതാകയിൽ നാവികസേനയുടെ നീലമുദ്ര ആലേഖനം ചെയ്യുകയും ചെയ്തു. എന്നാൽ ഇത് അകലെ നിന്നു കാണാനാവുന്നില്ലെന്ന വാദം ചർച്ചയായി.
ആകാശത്തിന്റെയും കടലിന്റെയും നീല നിറത്തിനൊപ്പം ചേർന്നു കാണുന്നതിനാൽ നേവിയുടെ നീലനിറത്തിലുള്ള മുദ്ര അകലെനിന്നു വ്യക്തമായില്ലെന്നതാണ് വസ്തുത. നാവികരും ഇതുയർത്തി. ഇതോടെ 2004ൽ സെന്റ് ജോർജ് ക്രോസ് ഉള്ള പഴയ പതാക തിരികെ കൊണ്ടുവന്നു. ഭാരതീയവൽക്കരിക്കാനായി കൃത്യം നടുവിൽ അശോകസ്തംഭം ആലേഖനം ചെയ്തു.
2014ൽ ഇന്ത്യയുടെ ദേശീയ വാക്യമായ 'സത്യമേവ ജയതേ' എന്ന് ദേവനാഗരി ലിപിയിൽ അശോകസ്തംഭത്തിന്റെ അടിയിൽ ആലേഖനം ചെയ്തു. ഈ പതാകയാണ് കൊളോണിയൽ ചിഹ്നമായ സെന്റ് ജോർജ് ക്രോസ് എടുത്തുകളഞ്ഞ് ഇപ്പോൾ പരിഷ്കരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ