കോഴിക്കോട്: വയനാട് ദുരതബാധിതരെ സഹായിക്കുന്നതിനായി, ഡിവൈഎഫ്ഐയുടെ കോതമംഗലം മുനിസിപ്പല്‍ കമ്മിറ്റി പ്രഖ്യാപിച്ച പോര്‍ക്ക് ഫെസ്റ്റിവലിനെതിരെ സമസ്ത. സമസ്ത നേതാവും എസ്വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പരസ്യാമായി രംഗത്തെത്തിയത്. വയനാട്ടില്‍ ദുരിതബാധിതരില്‍ അധികവും പന്നിയിറച്ചി നിഷിദ്ധമായി കരുതിയിരുന്നവരാണ്. അവരെ അവഹേളിക്കുന്നതാണ് പോര്‍ക്ക് ഫെസ്റ്റെന്നും സമസ്ത നേതാവ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. ചലഞ്ചില്‍ ഒളിച്ച് കടത്തുന്ന മതനിന്ദ എന്ന തലക്കെട്ടോടെയാണ് നാസര്‍ ഫൈസി കൂടത്തായിയുടെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്-"മതനിരപേക്ഷതയെ സങ്കര സംസ്‌കാരമാക്കുന്ന ചെഗുവേരിസം. വയനാട്ടിലെ ദുരിതത്തില്‍ പെട്ടവര്‍ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞ് കൊണ്ട് ഡിവൈഎഫ്ഐ കോതമംഗലം കമ്മറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നല്‍കുകയാണ്. അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടിട്ടും ദുരിതരില്‍ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാല്‍ അവഹേളനമാണ്, അധിക്ഷേപമാണ്, നിന്ദയുമാണ്. വയനാട്ടുകാരെ ഭക്ഷിപ്പിക്കുന്നില്ലെന്ന "ന്യായം" അത് കൊണ്ട് കിട്ടുന്ന വരവ് വയനാട്ടുകാരെ അവഹേളിക്കലാണെന്ന് ധരിക്കുന്നതിനുള്ള മറുപടിയാവില്ല."- നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

കോതമംഗംലം മുനിസിപ്പല്‍ നോര്‍ത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 18നാണ് പന്നി ഇറച്ചി വില്‍പന. 'ഇറച്ചി വാങ്ങൂ, പണം വയനാടിന്' എന്ന ആശയവുമായി നടത്തുന്ന ചലഞ്ചിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കിലോക്ക് 375രൂപ നിരക്കില്‍ ഇതിനകം 500 കിലോയിലേറെ ഇറച്ചിക്ക് ഓര്‍ഡര്‍ ലഭിച്ചതായി മേഖല സെക്രട്ടറി രഞ്ജിത്ത് പറഞ്ഞു. ഇന്നും നാളെയുമായി കൂടുതല്‍ പേര്‍ ഇതുമായി സഹകരിക്കും. രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ സമസ്ത അടക്കമുള്ളവര്‍ എതിര്‍ക്കുന്നതിനെ തുടര്‍ന്ന്, പരിപാടി മാറ്റിവെക്കുമോ എന്ന് അറിയില്ല. പാഠപുസ്തക പരിഷ്‌ക്കരണവും, ജെന്‍ഡര്‍ ഈക്വാലിറ്റി യൂണിഫോമും അടക്കമുള്ള ഒരുപാട് കാര്യങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറിയത് സമസ്തയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ്. അതുകൊണ്ടാണ് 'എല്‍ഡിഎഫ് വരും എല്ലാം ശരീയത്താവും' എന്ന ട്രോള്‍പോലും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. പുതിയ സാഹചര്യത്തില്‍ പോര്‍ക്ക് ഫെസ്്റ്റ് ഡിവൈഎഫ്ഐ പിന്‍വലിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

2021-ലും കേരളത്തില്‍ വലിയ തോതില്‍ ഭക്ഷണ വിവാദം നടന്നിരുന്നു. ഹലാല്‍ വിവാദത്തില്‍ ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് ഫെസ്റ്റ് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു. ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്. പോര്‍ക്ക്, ബീഫ് അടക്കമുള്ള വിഭവങ്ങള്‍ വിളമ്പിയാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. അപ്പോഴും ഉയര്‍ന്ന ചോദ്യം നിങ്ങള്‍ പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്തുമോ എന്നായിരുന്നു. ഭക്ഷണത്തിന് മതമില്ല എന്ന് ഫേസ്ബുക്കില്‍ കുറിച്ചിട്ട് തൊട്ടടുത്ത ദിവസം 'ഹലാല്‍ ഭക്ഷണം' എന്നെഴുതിയ ഭക്ഷ്യ കൗണ്ടറില്‍ നിന്നും എ എ റഹീം അടക്കമുള്ള ഡിവൈഎഫ്ഐ നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം ശ്രീജിത്ത് പണിക്കര്‍ അടക്കമുള്ളവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതും വൈറല്‍ ആയിരുന്നു.