പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ എന്‍ഡിഎ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. മുന്നണി ക്യാമ്പില്‍ ഇതിനോടകം ആഘോഷങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ ഇപ്പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഏകപക്ഷീയമായ വന്‍ വിജയമാണ് ഒരുങ്ങുന്നത്. ഇതോടെ പട്‌നയില്‍, ലഡുവും വലിയ സദ്യയ്ക്കുമുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ബിജെപി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡുവിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വലിയ പാചക പാത്രത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ചിത്രങ്ങള്‍ വെച്ചാണ് ലഡു തയ്യാറാക്കുന്നത്.

ദൃഷ്ടിദോഷം അകറ്റാന്‍ സമീപത്ത് നാരങ്ങയും മുളകും തൂക്കിയിട്ടിട്ടുണ്ടെന്നും പ്രമേഹരോഗികളായ പ്രവര്‍ത്തകരെയും പരിഗണിച്ച് മധുരം കുറച്ചാണ് ലഡു തയ്യാറാക്കിയിരിക്കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. 'ബിഹാറിലെ ജനങ്ങളുടെയും ഞങ്ങളുടെ അര്‍പ്പണബോധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇത്തവണയും എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരും,' കല്ലു പറഞ്ഞു. പിന്നാലെ ഫലങ്ങള്‍ വരുമ്പോള്‍ ബിഹാറിലെ എന്‍ഡഎ കേന്ദ്രങ്ങളില്‍ വലിയ ആവേശം ഉയര്‍ന്നിട്ടുണ്ട്.

ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിക്കൊണ്ട്, പട്‌നയില്‍ 50,000 പേര്‍ക്ക് വലിയ സദ്യയൊരുക്കുമെന്ന് അനന്ത് സിങ്ങിന്റെ കുടുംബാംഗങ്ങള്‍ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഭാര്യ നീലം ദേവിയുടെ വസതിയിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. ഈ വലിയ ഒത്തുചേരലിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് തൊഴിലാളികള്‍.

അഞ്ച് ലക്ഷം രസഗുളയും ഗുലാബ് ജാമുനും തയ്യാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൊകാമ അസംബ്ലി ടീമും ഒരു പ്രത്യേക പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിലേക്ക് എല്ലാ എന്‍ഡിഎ പ്രവര്‍ത്തകരെയും അനുഭാവികളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിച്ചിട്ടുണ്ട്. ഫലം വരുമ്പോള്‍ തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന സഖ്യത്തിന്റെ വിശ്വാസത്തെയാണ് പട്‌നയിലെ ഈ ആഘോഷാന്തരീക്ഷം പ്രതിഫലിപ്പിക്കുന്നത്. പ്രവര്‍ത്തകര്‍ക്കും ക്ഷണക്കത്തുകള്‍ അയക്കുന്നുണ്ട്. ക്ഷണക്കത്തില്‍ ഇങ്ങനെ പറയുന്നു.

അതേസമയം ബിഹാറിലെ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പായാലും പടക്കം പൊട്ടിക്കരുത് എന്നും ആഘോഷങ്ങള്‍ ലളിതമായി നടത്തണമെന്നും ബിജെപി എല്ലാ നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കി. അടുത്തിടെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം.

1951 ന് ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായ 66.91 ശതമാനമാണ് സംസ്ഥാനം രേഖപ്പെടുത്തിയത്. എന്‍ഡിഎ സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ആഘോഷത്തിന് തയാറെടുക്കുന്നത്. ജനങ്ങള്‍ എന്‍ഡിഎയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തതിനാല്‍ വോട്ടെണ്ണല്‍ ദിവസം എന്‍ഡിഎ ഹോളി, ദസറ, ദീപാവലി, ഈദ് എന്നിവ പോലെ ആഘോഷിക്കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.