കൊച്ചി: സുരക്ഷാപരിശോധനയ്ക്കിടെ 'ഭയപ്പെടുത്തുന്ന പ്രസ്താവന' നടത്തിയതിന് കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍നിന്ന് മുംബൈയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ടിക്കറ്റെടുത്ത മനോജ് കുമാര്‍ (42) എന്നയാളാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബോംബ് എന്ന് പറഞ്ഞാല്‍ പോലും നടപടികള്‍ എടുക്കണമെന്നതാണ് ചട്ടം. ഇതാണ് മനോജിന് വിനയായത്.

എക്സ്-റേ ബാഗേജ് ഇന്‍സ്പെക്ഷന്‍ സിസ്റ്റത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥനോട് തന്റെ ബാഗില്‍ ബോംബുണ്ടോ എന്ന് മനോജ് കുമാര്‍ ചോദിച്ചു. ഇതോടെ ബോംബ് സ്‌ക്വാഡ് (ബിഡിഡിഎസ്) മനോജ് കുമാറിനെ വിശദമായി പരിശോധിച്ചു. ബാഗും പരിശോധിച്ചു. എന്നാല്‍ ഒന്നും കണ്ടെത്താനായിട്ടില്ല. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി അധികൃതര്‍ മനോജ് കുമാറിനെ പോലീസിന് കൈമാറി. അതേസമയം വിമാനം കൃത്യസമയത്ത് തന്നെ പുറപ്പെട്ടതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടു ദിവസം മുമ്പ് സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിരുന്നു. 'ബോംബ് ഭീഷണി' മൂലം വിമാനം രണ്ട് മണിക്കൂറിലധികം വൈകുകയും യാത്രക്കാരന്റെയും കുടുംബത്തിന്റെയും വിദേശയാത്ര മുടങ്ങുകയും ചെയ്തിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ തായ് ലയണ്‍ എയറില്‍ ബാങ്കോക്കിലേക്ക് പോകാനെത്തിയ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്. പ്രശാന്തിനോടൊപ്പം ഭാര്യയും മകനും മറ്റു നാലുപേരും കൂടിയുണ്ടായിരുന്നു. എല്ലാവരുടേയും യാത്ര മുടങ്ങി. ഇതിന് സമാനമായ മണ്ടത്തരമാണ് പ്രശാന്തും ചെയ്തത്.

വിമാന യാത്രക്കാരുടെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റങ്ങള്‍ ഉണ്ടാക്കുക വലിയ പ്രത്യാഘാതമാണ്. ദിവസങ്ങള്‍ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലുണ്ടായതും ഇതാണ്. തമാശയെന്ന് കരുതി ചെയ്യുന്ന കാര്യങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരും. തമാശയായിട്ടാണെങ്കില്‍ പോലും ബോംബ് എന്ന വാക്ക് വിമാനയാത്രക്കാര്‍ ഉച്ഛരിക്കരുത്. തമാശയാണെന്ന് കേള്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തോന്നിയാല്‍ പോലും നടപടി അനിവാര്യതയാകും.

അപകടം, ബോംബ് പോലുള്ള വാക്കുകള്‍ കേട്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും വേണം. ബോംബ് ഭീഷണി മുഴക്കുന്നവരെ പരിശോധനയില്‍ ബോംബില്ലെന്ന് കണ്ടാല്‍ വെരുതെ വിടില്ല. ഈ കുറ്റത്തിന് അഞ്ച് വര്‍ഷം വരെ തടവും ലഭിച്ചേക്കാം. യാത്രക്കാരനെ വിമാനകമ്പനികള്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയും ചെയ്യും. വിമാനക്കമ്പനി സുരക്ഷാ ജീവനക്കാരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ നീരസം പൂണ്ട് ബാഗേജില്‍ ബോംബുണ്ടെന്ന് കളിയായി പറഞ്ഞ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത് ഇതിന് തെളിവാണ്. വേണമെങ്കില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പോലും ചുമത്താന്‍ കഴിയുന്ന കുറ്റമായി ഇത് മാറാനും ഇടയുണ്ട്.

സ്വാതന്ത്ര്യദിനം അടുത്തതിനാല്‍ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യഘട്ട സുരക്ഷാ പരിശോധനകള്‍ക്കുശേഷം വിമാനത്തില്‍ കയറും മുന്‍പുള്ള സെക്കന്‍ഡറി ലാഡര്‍ പോയിന്റ് പരിശോധനയുമുണ്ട്.