മുംബൈ: മാസങ്ങളോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ആ വാര്‍ത്ത എത്തി. അമേരിക്കയില്‍ വെച്ച് വാഹനാപകടത്തില്‍ പരിക്കേറ്റ് 14 മാസമായി കോമയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി നീലം ഷിന്ദേ (35) മരണത്തിന് കീഴടങ്ങി. കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് 28-നായിരുന്നു അന്ത്യം. ഇന്ന് കാലിഫോര്‍ണിയയിലെ മൗണ്ട് വെര്‍നോണ്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ മൃതദേഹം സംസ്‌കരിച്ചു.

മഹാരാഷ്ട്രയിലെ സത്താറ സ്വദേശിനിയായ നീലം, കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. വിധി കാത്തുവെച്ച അപകടം നീലത്തെ തളര്‍ത്തിയത് 2025 ഫെബ്രുവരി 14-നാണ്. രാവിലെ നടക്കാനിറങ്ങിയ നീലത്തെ അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നീലം അന്നുമുതല്‍ അബോധാവസ്ഥയിലായിരുന്നു.

അപകടത്തിന് പിന്നാലെ മകളെ കാണാന്‍ അമേരിക്കയിലേക്ക് പോകാന്‍ നീലത്തിന്റെ പിതാവ് തനാജി നടത്തിയ നിയമപോരാട്ടം വലിയ വാര്‍ത്തയായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ വിസ നിഷേധിക്കപ്പെട്ടപ്പോള്‍ സുപ്രിയ സുലേ എംപി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടു. ഒടുവില്‍ വിസ ലഭിച്ച തനാജിയും ബന്ധുവും അമേരിക്കയിലെത്തി നീലത്തെ സന്ദര്‍ശിച്ചു. രണ്ട് മാസത്തെ വിസ കാലാവധി തീര്‍ന്നതോടെ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. പിന്നീട് ബന്ധുക്കളുടെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ.

മകളുടെ വേര്‍പാടിലും മാനവികത ഉയര്‍ത്തിപ്പിടിക്കുകയാണ് ഈ കുടുംബം. നീലത്തിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ അവയവദാനത്തിന് പിതാവ് സന്നദ്ധത അറിയിച്ചു. സംസ്‌കാരത്തിന് മുന്നോടിയായി നീലത്തിന്റെ ചര്‍മ്മവും കോര്‍ണിയയും ദാനം ചെയ്യാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചു.

പൂനെയില്‍ നിന്ന് ബി.ടെക് പൂര്‍ത്തിയാക്കിയ നീലം, അമേരിക്കയിലെ നാസയില്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കരിയറില്‍ വലിയ സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ് ഈ മിടുക്കി യാത്രയാകുന്നത്. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയുമായി കടല്‍ കടന്ന പെണ്‍കുട്ടി ഒടുവില്‍ അന്യനാട്ടിലെ മണ്ണില്‍ നിശബ്ദയായി.