കൊല്ലം: ഇത് മനുഷ്യത്വം മരവിച്ച ഒരു ക്രൂരതയുടെ വാര്‍ത്ത. കൊല്ലം പത്തനാപുരത്താണ് സംഭവം. കെഎസ്ആര്‍ടിസി ബസില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ തുനിയാതെ വഴിയിലിറക്കിവിട്ടു. മതിയായ ചികിത്സ കിട്ടാതെ മണിക്കൂറുകളോളം റോഡരികില്‍ കിടന്ന പിറവന്തൂര്‍ സ്വദേശി നാരായണന്‍ (62) മരണത്തിന് കീഴടങ്ങി.

ഗതാഗതമന്ത്രിയുടെ മണ്ഡലമാണ് പത്തനാപുരം. ഇവിടെയാണ് ഈ സംഭവം നടന്നത്. സഹജീവിക്ക് ആപത്തുണ്ടായപ്പോള്‍ തിരിഞ്ഞുനോക്കാതെ പോയ കെഎസ്ആര്‍ടിസി ജീവനക്കാരുടെയും കണ്ടുനിന്നവരുടെയും നിലപാടില്‍ പ്രതിഷേധം പുകയുകയാണ്. നാല് ദിവസമായി ശ്വാസംമുട്ടല്‍ അനുഭവിച്ചിരുന്ന നാരായണന്‍ പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.

ഉച്ചയ്ക്ക് 1.30-ന് പുനലൂരില്‍ നിന്ന് അച്ചന്‍കോവിലിലേക്ക് പുറപ്പെട്ട ബസില്‍ വെച്ചാണ് അസ്വസ്ഥതയുണ്ടായത്. മഹാദേവര്‍മണ്ണില്‍ വെച്ച് ആദ്യം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടപ്പോള്‍ ഡ്രൈവര്‍ ഗുളിക നല്‍കിയെങ്കിലും ബസ് വനമേഖലയിലേക്ക് പ്രവേശിച്ചതോടെ നില വഷളായി. ശരീരം തളര്‍ന്നു വീഴാറായ അവസ്ഥയില്‍ കോട്ടക്കയം അമ്പലത്തിന് സമീപം ബസില്‍ നിന്ന് ഇറക്കുകയായിരുന്നു.

ആശുപത്രികളുള്ള പത്തനാപുരം ഭാഗത്തേക്ക് ബസ് തിരിച്ചുപോയി നാരായണനെ രക്ഷിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. പകരം മറ്റേതെങ്കിലും വാഹനം വരുമെന്ന പ്രതീക്ഷയില്‍ ഇദ്ദേഹത്തെ റോഡില്‍ ഉപേക്ഷിച്ച് ബസ് യാത്ര തുടര്‍ന്നു. വനമേഖലയായ ഇവിടെ മണിക്കൂറുകളോളം സഹായത്തിനായി കാത്തുനിന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.

ശ്വാസംമുട്ടല്‍ മൂലം അവശനായ വൃദ്ധന്‍ മണിക്കൂറുകളോളം റോഡരികില്‍ സഹായത്തിനായി കാത്തുനിന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ആശുപത്രി സൗകര്യങ്ങളുള്ള പത്തനാപുരം അല്ലെങ്കില്‍ പുനലൂര്‍ ഭാഗത്തേക്ക് ബസ് തിരിച്ചുവിട്ട് നാരായണനെ എത്തിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ലെന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. പകരം അച്ചന്‍കോവില്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്, മറ്റേതെങ്കിലും വാഹനം വരുമോ എന്ന് നോക്കി അല്പനേരം അവിടെ കാത്തുനില്‍ക്കുക മാത്രമാണ് ചെയ്തത്.

ഒരു വാഹനവും വരാതായതോടെ, സമീപത്തെ ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിക്കാമെന്ന യാത്രക്കാരുടെ നിര്‍ദേശം കേട്ട് നാരായണനെ അവിടെ ഉപേക്ഷിച്ച് ബസ് പോവുകയായിരുന്നു. സമയത്തിന് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കില്‍ രക്ഷിക്കാനാകുമായിരുന്ന ഒരു ജീവനാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനാസ്ഥ മൂലം പൊലിഞ്ഞത്. സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

ഇതിനിടെ കടന്നുപോയ വനം വകുപ്പിന്റെ ഒരു വാഹനം സ്ഥലമില്ലെന്ന കാരണം പറഞ്ഞ് ഇദ്ദേഹത്തെ കൊണ്ടുപോകാതിരുന്നതായും ആക്ഷേപമുണ്ട്. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് മറ്റൊരു വനം വകുപ്പ് വാഹനത്തില്‍ പുനലൂരിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ നാരായണന്‍ മരിച്ചു. നാരായണന്റെ ഭാര്യ സതീഭായിയും കുടുംബവും ഈ ക്രൂരതയ്ക്ക് നീതി തേടുകയാണ്.