ന്യൂയോര്‍ക്ക്: സൊഹ്റാന്‍ മംദാനി അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷക്കാര്‍ എല്ലാം തന്നെ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മേയറായി എന്ന നിലയില്‍ പോസ്റ്റിട്ടു കളിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ മംദാനി ആകട്ടെ ജവഹര്‍ലാല്‍ നെഹ്രുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് സംസാരം ആരംഭിച്ചത്.

ഇന്ത്യക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്യം ലഭിച്ചതിന് പിന്നാലെ നെഹ്രു നടത്തിയ ഐതിഹാസികമായ 'ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി' പ്രസംഗത്തില്‍ നിന്നുള്ള ഒരു ഉദ്ധരണി കടമെടുത്താണ് മംദാനി വിജയം ആഘോഷിച്ചത്. 200 വര്‍ഷത്തിലേറെ നീണ്ട ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947 ലെ നെഹ്‌റുവിന്റെ പ്രസംഗം ഇന്നും ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെയാണ് കാണുന്നത്.

'ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രമേ ഒരു നിമിഷം വരുന്നുള്ളൂ, പഴയതില്‍ നിന്ന് പുതിയതിലേക്ക് നമ്മള്‍ ചുവടുവെക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചാരണം കണ്ടെത്തുമ്പോള്‍ തുടങ്ങിയ നെഹ്രുവിന്റെ ചരിത്രപ്രസിദ്ധമായ വാചകങ്ങളാണ് മംദാനി പങ്ക് വെച്ചത്. ഇന്ന് രാത്രി ന്യൂയോര്‍ക്ക് പഴയതില്‍ നിന്ന് പുതിയതിലേക്ക് കാലെടുത്തുവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1947 ഓഗസ്റ്റ് 14 ന് അര്‍ദ്ധരാത്രിയിലാണ് നെഹ്‌റുവിന്റെ പ്രസംഗം നടന്നത്. ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാകാന്‍ തയ്യാറെടുക്കുമ്പോള്‍. ബ്രിട്ടീഷ് കോളനിയില്‍ നിന്ന് സ്വതന്ത്രമായ ഒരു രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ അദ്ദേഹത്തിന്റെ പ്രസംഗം അടയാളപ്പെടുത്തി. അര്‍ദ്ധരാത്രിയുടെ ഞെട്ടലില്‍, ലോകം ഉറങ്ങുമ്പോള്‍, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും. ചരിത്രത്തില്‍ അപൂര്‍വ്വമായി, പഴയതില്‍ നിന്ന് പുതിയതിലേക്ക് നാം കാലെടുത്തുവയ്ക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചാരണം കണ്ടെത്തുന്ന ഒരു നിമിഷം വരുന്നു എന്നാണ് നെഹ്രു അന്ന് പറഞ്ഞത്.

ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി മാറുകയാണ്. ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി ചരിത്രം രചിക്കുകയാണ്. ഒപ്പം ഈ ഉന്നത സ്ഥാനം വഹിക്കുന്ന ആദ്യത്തെ മുസ്ലീം, ദക്ഷിണേഷ്യന്‍ കുടിയേറ്റക്കാരന്‍ കൂടിയാണ് മംദാനി. പ്രശസ്ത സിനിമാ സംവിധായികയായ മീരാ നായരുടെ മകനാണ് അദ്ദേഹം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, മംദാനി 50.4 ശതമാനം വോട്ടുകള്‍ നേടി, തന്റെ ഡെമോക്രാറ്റിക് എതിരാളിയായ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തി.

ഇനിയുള്ള നാളുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി മംദാനിക്ക് ഏറ്റുമുട്ടേണ്ട വരുമെന്ന കാര്യം ഉറപ്പാണ്. മംദാനിയെ വിജയിപ്പിച്ചാല്‍ ന്യൂയോര്‍ക്കിന് നല്‍കുന്ന എല്ലാ ഫെഡറല്‍ ഫണ്ടുകളും റദ്ദാക്കുമെന്ന് ട്രംപ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയെ ജയിപ്പിക്കണമെന്നും ട്രംപ് ജനങ്ങളോട് ആഹ്വാനംചെയ്തിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി കര്‍ട്ടിസ് സ്ലീവ മത്സരിക്കുമ്പോഴാണ് ബലാത്സംഗക്കേസിലുള്‍പ്പെട്ട ക്വോമോയെ ട്രംപ് ഔദ്യോഗികമായി പിന്തുണച്ചത്. എന്നാല്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായ ആന്‍ഡ്രൂ ക്വോമോയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ലീവയെയും ബഹുദൂരം പിന്നിലാക്കിയായിരുന്നു മംദാനിയുടെ വിജയം.

ന്യൂയോര്‍ക്കിന് പുറമേ വിര്‍ജിനിയയിലും ന്യൂജേഴ്സിയിലും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. വിര്‍ജിനിയയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഗവര്‍ണറായി ഡെമക്രാറ്റിക് സ്ഥാനാര്‍ഥി അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍ തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വിന്‍സം ഏര്‍ലി സിയേഴ്സിനെയാണ് അബിഗെയ്ല്‍ പരാജയപ്പെടുത്തിയത്. ന്യൂജേഴ്സിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജാക്ക് സിയാറ്ററെല്ലിയെ പരാജയപ്പെടുത്തി ഡെമക്രാറ്റിക് സ്ഥാനാര്‍ഥി മിക്കി ഷെറിലും ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു.