തിരുവനന്തപുരം: സിപിഎം ഭരണസമിതി നൂറു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് പരാതിയുള്ള നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി റെയ്ഡ്. സിപിഎമ്മിനെ വെട്ടിലാക്കിയാണ് ബാങ്കില്‍ ഇ.ഡി എത്തിയിരിക്കുന്നത്. പ്രദേശത്ത് നാളുകളായി നിക്ഷേപക കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയായിരുന്നു. ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആര്‍. പ്രദീപ് കുമാര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു. നേമം സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടിനെക്കുറിച്ച് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ വന്‍ സാമ്പത്തിക തിരിമറികളും അഴിമതികളും അക്കമിട്ടു നിരത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇഡി അന്വേഷണം. ബാങ്കിന് 34,26,39,911 രൂപ ലഭിക്കാനുണ്ടെങ്കിലും 15,55,01,195 രൂപ മാത്രമേ നിയമാനുസൃതം തിരികെപ്പിടിക്കാന്‍ കഴിയൂ. ബാക്കിയുള്ളവ ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തതും കാലഹരണപ്പെട്ടതുമാണ്. ഇതുള്‍പ്പെടെ 96,91,72,437.98 രൂപയുടെ ക്രമക്കേടു നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.

34.26 കോടി രൂപ ലോണ്‍ നല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കില്‍ ഈടായി രേഖയുളളൂവെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ ആകെ കിട്ടാനുള്ളത് 10.73 കോടി രൂപയാണ്. ഇതില്‍ 4.83 കോടി രൂപയ്ക്ക് മാത്രമേ രേഖകളുള്ളൂ. മുന്‍ സെക്രട്ടറിമാരായ എസ്.ബാലചന്ദ്രന്‍ നായര്‍ 20.76 കോടി രൂപയുടെയും എ.ആര്‍.രാജേന്ദ്ര കുമാര്‍ 31.63 കോടി രൂപയുടെയും എസ്.എസ്.സന്ധ്യ 10.41 കോടി രൂപയുടെയും ക്രമക്കേടുകള്‍ നടത്തിയെന്നായിരുന്നു കണ്ടെത്തല്‍. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണസമിതി അംഗങ്ങള്‍ ഓരോരുത്തരും നഷ്ടം വരുത്തിയ കണക്കുകളും പുറത്തുവന്നിരുന്നു. നിക്ഷേപങ്ങള്‍ സ്വീകരിച്ചതും ചട്ടംപാലിക്കാതെയാണ്. ബാങ്ക് നല്‍കുന്ന സ്ഥിരനിക്ഷേപ രസീതുകള്‍ രജിസ്റ്ററില്‍ എഴുതിസൂക്ഷിച്ചിട്ടില്ല. വ്യാജ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ സാഹചര്യത്തില്‍ ഇഡി നടത്തുന്ന റെയ്ഡ് നിര്‍ണ്ണായകമാണ്. സിപിഎം നേതാക്കളെ ഇഡി അറസ്റ്റു ചെയ്യാന്‍ സാധ്യത ഏറെയാണ്.

പല ഭരണസമിതി അംഗങ്ങളും 3 കോടിയോളം രൂപ ബാങ്കിന് നഷ്ടമുണ്ടാക്കിയിരുന്നു. നിക്ഷേപം അമിതമായി ലഭിക്കാന്‍ സ്ഥിരനിക്ഷേപത്തിന് അധിക പലിശ നല്‍കുകയും വേണ്ടപ്പെട്ടവര്‍ക്ക് രേഖകളില്ലാതെ വായ്പ അനുവദിക്കുകയും ചെയ്തതാണ് വലിയ ബാധ്യതയുണ്ടാക്കിയത്. സാമ്പത്തിക തിരിമറികള്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്രിമിനല്‍ നിയമപ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ വേണമെന്നും സര്‍ക്കാര്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. ജോയ് എന്ന ഇടപാടുകാരനില്‍നിന്നുമാത്രം 50 ലക്ഷം രൂപയുടെ ക്രമക്കേടും മറ്റ് അംഗങ്ങളുടെ വായ്പകളില്‍ അഞ്ചുകോടി രൂപയുടെ പൊരുത്തക്കേടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്.

ബാങ്കിന്റെ ആസ്ഥാന മന്ദിരനിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാരനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് പോലീസ് വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശയുണ്ട്. സി-ഡാക്ക് എംപ്ലോയീസ് സഹകരണ സംഘം, തിരുവനന്തപുരം പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളും നേമം ബാങ്കില്‍ നിക്ഷേപം നടത്തി വെട്ടിലായിരിക്കുകയാണ്. സാമൂഹിക പെന്‍ഷന്‍ വിതരണത്തിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പെന്‍ഷന്‍ സമയത്ത് ലഭിച്ചില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതില്‍ സഹകരണ വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശയുണ്ട്. പൊതുമേഖല ധനകാര്യസ്ഥാപനമായ കെഎസ്എഫ്ഇയെ കബളിപ്പിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ബാങ്കിനു കോടികളുടെ നഷ്ടമുണ്ടാക്കുകയും നിക്ഷേപകര്‍ക്ക് പണം മടക്കിനല്‍കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത ഭരണസമിതി അംഗങ്ങളില്‍നിന്നും മുന്‍ സെക്രട്ടറിമാരില്‍നിന്നും പണം പലിശ സഹിതം തിരിച്ചുപിടിക്കാന്‍ വ്യക്തമായ തുകകള്‍ നിശ്ചയിച്ച് സഹകരണ വകുപ്പ് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ബാങ്കിനു നിലവില്‍ ലഭിക്കാനുള്ള 34,11,73,252.51 രൂപ ഭരണസമിതി അംഗങ്ങളായ ഇരുപത്തിമൂന്നുപേരില്‍നിന്നു തിരിച്ചുപിടിക്കാന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ക്രമക്കേടുകള്‍ കാരണമുണ്ടായ നഷ്ടമായ തുക മുന്‍ സെക്രട്ടറിമാരായ ബാലചന്ദ്രന്‍നായര്‍, രാജേന്ദ്രകുമാര്‍, എസ്.എസ്. സന്ധ്യ എന്നിവരില്‍നിന്ന് ഈടാക്കണം. ആകെ 96,91,72,437.98 രൂപ തിരിച്ചുപിടിക്കാനുള്ള നടപടിയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കടലോളം കണ്ണീര് കണ്ടിട്ടും രോഗാവസ്ഥ അറിയിച്ചിട്ടും നിക്ഷേപകരോട് കൈമലര്‍ത്തുകയായിരുന്നു സിപിഎം ഭരണസമിതിയുള്ള തിരുവനന്തപുരം നേമം സര്‍വീസ് സഹകരണ ബാങ്ക്. ഇതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്.