- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങളുടെ അമ്മ പോയി, അച്ഛന് പോയി, ഞങ്ങള്‍ക്ക് ഇനി ആരുണ്ട്? ഇനി ഞങ്ങള്‍ എവിടെ പോയിരിക്കും? പൊലീസില്‍ ഒരു പ്രതീക്ഷയും ഇല്ല, എല്ലാം കൈവിട്ടു പോയി; കരഞ്ഞു തളര്‍ന്ന് സുധാകരന്റെ പെണ്മക്കള്; ഈ മക്കളുടെ കണ്ണീരിന് ഉത്തരം പറയേണ്ടത് കേരളാ പോലീസ് അല്ലാതാര്?
'ഞങ്ങളുടെ അമ്മ പോയി, അച്ഛന് പോയി, ഞങ്ങള്‍ക്ക് ഇനി ആരുണ്ട്? ഇനി ഞങ്ങള്‍ എവിടെ പോയിരിക്കും?
പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസില്‍ പൊലീസിനെതിരെ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും പെണ്മക്കള് അഖിലയും അതുല്യയും. ചെന്താമര കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഇക്കാര്യം പൊലീസിനു അറിയാമായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. പോലീസിന്റെ നിസ്സംഗതയാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ചെന്താമരയ്ക്കെതിരെ കൃത്യമായി പരാതി എഴുതി നല്‍കിയതാണെന്നും താക്കീതില്‍ മാത്രം നടപടി ഒതുക്കുകയാണ് പൊലീസ് ചെയ്തതെന്നുമാണ് മകള്‍ അഖില പറയുന്നത്. രണ്ടു കൊല്ലം കൂടുമ്പോള്‍ മാറി മാറി വരുന്ന പൊലീസിനോട് ഓരോ തവണയും നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടേയിരുന്നുവെന്നും പൊലീസില്‍ തങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ലെന്നും പെണ്മക്കള് പറഞ്ഞു. അച്ഛനു അമ്മയും മുത്തശ്ശിയും നഷ്ടമായതോടെ ജീവിതത്തില്‍ അനാഥരായ നിലയിലാണ് ഈ പെണ്‍കുട്ടികള്‍.
''അയാളെ കിട്ടിയിട്ട് കൊല്ലൂ. എന്തിനാ ഇവരെയൊക്കെ വളര്‍ത്തുന്നത്. ഞങ്ങളുടെ അമ്മ പോയി, അച്ഛന് പോയി, ഞങ്ങള്‍ക്ക് ഇനി ആരുണ്ട്? ഇനി ഞങ്ങള്‍ എവിടെ പോയിരിക്കും. പോത്തുണ്ടിയിലേക്കു പോകാന്‍ പറ്റോ, അവിടെ പോയിട്ട് ഇനി എന്തു കാര്യമാണ് ഉള്ളത്. എന്താണ് അയാള്‍ക്ക് ഞങ്ങളുടെ കുടുംബത്തോട് ഇത്ര പകയെന്ന് അറിയില്ല. അമ്മ പഞ്ചായത്തിന്റെ ജോലിക്ക് പോകാറുണ്ടായിരുന്നു. അയാളുടെ ഭാര്യ അതില്‍ എഡിഎസായിരുന്നു.
അമ്മയെ അറിയാമെന്നല്ലാതെ ഞങ്ങള്‍ ആരും അവരുടെ വീട്ടില്‍ പോകുകയോ അവര്‍ ഇവിടേക്ക് വരാറോ ഇല്ല. പൊലീസില്‍ ഒരു പ്രതീക്ഷയും ഇല്ല, എല്ലാം കൈവിട്ടു പോയി. അച്ഛന് വരുമ്പോള്‍ ഞാന്‍ പേടിച്ചാണ് പോത്തുണ്ടിയിലേക്ക് പോകാറുള്ളത്. ഈ ശനിയാഴ്ച അവിടേക്കു പോയിരുന്നില്ല. പോയിരുന്നെങ്കില്‍ ഞാനും അവിടെ കിടക്കേണ്ടി വന്നേനെ.'' അഖില പറഞ്ഞു.
''ചെന്താമരയ്ക്കെതിരെ നാട്ടുകാരും പരാതി കൊടുത്തിരുന്നു. അവര്‍ക്ക് ഇതിന്റെ ഗൗരവം മനസിലാക്കി കൂടെ. അയാള്‍ നാട്ടില്‍ ഒന്നും സംസാരിക്കാറില്ല. അച്ഛമ്മയ്ക്കും അയാളെ പേടി ഉണ്ടായിരുന്നു. പക്ഷേ എനിക്ക് വയസായില്ലേ ഒന്നും സംഭവിക്കില്ലെന്നായിരുന്നു അച്ഛമ്മ പറഞ്ഞിരുന്നത്. ആകെ അച്ഛന് മാത്രമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അച്ഛനും പോയി. ഇനി ആരുണ്ട് ഞങ്ങള്‍ക്ക്.'' അതുല്യ പറഞ്ഞു.
'അച്ഛന് കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണ്. അച്ഛമ്മയും അവിടെ തന്നെയായിരുന്നു. അവര്‍ അവിടെ തന്നെ വേണം. വേറെ എവിടേയും കൊണ്ടുപോകേണ്ട. ഞങ്ങള്‍ പേടിച്ചിട്ട് അമ്മയുടെ വീട്ടിലായിരുന്നു. അമ്മ മരിച്ചതിന് ശേഷമാണ് ഇയാള്‍ക്ക് അന്ധവിശ്വാസമുള്ളത് അറിയുന്നത്. നീണ്ടമുടിയുള്ളവരാണ് ഇയാളുടെ കുടുംബപ്രശ്നം എന്ന് വിശ്വസിച്ചു. അമ്മ പോയി. അച്ഛനേയും ഇപ്പോള്‍ കൊന്നു. എങ്ങിനെയെങ്കിലും പോലീസ് ഇയാളെ കണ്ടെത്തണം. എന്നാലേ ഞങ്ങള്‍ക്ക് സമാധാനമുള്ളൂ', മക്കള്‍ വിങ്ങലോടെ പറഞ്ഞു.
'ചെന്താമര ആരോടും സംസാരിക്കാറില്ല. ചെന്താമരയുടെ വീട്ടില്‍ നിന്ന് എപ്പോഴും അയാള്‍ ഇങ്ങോട്ട് നോക്കുമായിരുന്നു. എന്തിന്റെ പേരിലാണ് അച്ഛനേയും അച്ഛമ്മയേയും കൊലപ്പെടുത്തിയത് എന്നറിയില്ല'. നമ്മളെ ഇനി ഒന്നും ചെയ്യില്ല എന്നായിരുന്നു അച്ഛന് പറഞ്ഞതെന്നും സുധാകരന്റെ മക്കള്‍ കൂട്ടിച്ചേര്‍ത്തു. ചെന്താമര അന്തവിശ്വാസിയായിരുന്നു എന്ന് പ്രദേശവാസി പുഷ്പയും വ്യക്തമാക്കി. മുടി നീട്ട് വളര്‍ത്തിയ സ്ത്രീ ആണ് ഇയാളുടെ കുടുംബപ്രശ്നത്തിന് കാരണമെന്ന് വിശ്വസിച്ചു. തന്നെ ഇയാള്‍ ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
തിങ്കളാഴ്ചയായിരുന്നു അയല്‍വാസിയുടെ ഭാര്യയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങി അയല്‍വാസിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തുന്നത്. പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന് (56), അമ്മ ലക്ഷ്മി (75) എന്നിവരാണ് കൊല്ലപ്പെട്ടത്.2019 ഓഗസ്റ്റ് 30-നാണ് സുധാകരന്റെ ഭാര്യ സജിതയെ ഇയാള്‍ കൊലപ്പെടുത്തിയത്.
അച്ഛനെയും മുത്തശ്ശിയെയും ക്രൂരമായി ഇല്ലാതാക്കിയ ദുഃഖം താങ്ങാനാവാതെ വിങ്ങുകയാണ് ഈ മക്കള്‍. കൊല്ലപ്പെടുമെന്ന ഭയത്താലാണ് മക്കളിരുവരും വീട്ടില്‍ വരാതെ അമ്മ വീട്ടിലാണ് ഇത്ര നാളും കഴിഞ്ഞത്. ഇപ്പോള്‍ അച്ഛന് സുധാകരന്റേയും മുത്തശ്ശി ലക്ഷ്മിയുടെയും മൃതദേഹം വീട്ടില്‍തന്നെ സംസ്കരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരിക്കുകയാണ് സുധാകരന്റെ മക്കള്‍.