പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ ആജീവനാന്തം തടങ്കലില്‍ ഇടേണ്ടി വരുമോ? ഇയാളുമായി തെളിവെടുപ്പ് നടത്തുന്നതിനിടയിലും വകവരുത്തുമെന്ന രീതിയില്‍ അയല്‍വാസിക്ക് നേരേ ആംഗ്യം കാട്ടിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ചെന്താമരയുടെ അയല്‍വാസിയായ പുഷ്പയാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത് : 'അയാളെ കണ്ടപ്പോള്‍ തന്നെ കൈയും കാലും വിറച്ചു. ഏതെങ്കിലും ഒരു പഴുത് കിട്ടിയിരുന്നെങ്കില്‍ അയാള്‍ എന്നെയും തീര്‍ത്തേനെ. അയാള്‍ക്ക് ഒരു കുറ്റബോധവുമില്ല. ഇപ്പോള്‍ ഇവിടെ താമസിക്കാന്‍ ഭയമാണ്. ഇനി മാറിത്താമസിക്കുകയാണ്. എനിക്ക് മടുത്തു. ഇവിടെ വെറുത്തുപോയി'', പുഷ്പ പറഞ്ഞു.

ചൊവ്വാഴ്ച കനത്ത പോലീസ് സുരക്ഷയിലാണ് കൊലപാതകം നടന്ന സ്ഥലത്തും പ്രതിയുടെ വീട്ടിലും പ്രതി രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് നടത്തിയത്. യാതൊരു ഭാവദേവുമില്ലാതെ, പശ്ചാത്താപമില്ലാതെയാണ് ഇയാള്‍ കൊലപാതക രീതിയും രക്ഷപ്പെട്ട വഴികളും പൊലീസിനോട് വിശദീകരിച്ചത്.

ജനുവരി 27 ന് രാവിലെ താന്‍ കത്തി പിടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ അയല്‍വാസിയായ സുധാകരന്‍ വാഹനം റിവേഴ്‌സ് എടുത്തുവെന്ന് തെളിവെടുപ്പില്‍ ചെന്താമര പൊലീസിനോട് പറഞ്ഞു. പ്രകോപനത്തിനിടെ ആക്രമിച്ചു. ഈ സമയം ലക്ഷ്മി അവരുടെ വീടിന് മുന്നില്‍ ആണ് നിന്നിരുന്നത്. തനിക്ക് നേരെ ശബ്ദം ഉണ്ടാക്കിവരുന്നത് കണ്ടപ്പോള്‍ ലക്ഷമിയെ ആക്രമിച്ചു. ശേഷം ആയുധങ്ങളുമായി വീട്ടിലേക്ക് കയറി. കൊടുവാളും, പൊട്ടിയ മരത്തടിയും വീട്ടില്‍വെച്ച ശേഷം പിന്‍വശത്തുകൂടെ പുറത്തിറങ്ങി, ശേഷം താന്‍ വീടിനു സമീപത്തെ പാടവരമ്പത്ത് കൂടെ അരക്കമലയിലേക്ക് നടന്നുവെന്നും ചെന്താമര വിശദീകരിച്ചു. ഈ വഴികളിലൂടെയൊക്കെ ചെന്താമരയേയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി.

സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ ശേഷം വീടിന് പിന്നിലൂടെ രക്ഷപ്പെട്ട് നെല്‍പാടം കടന്ന് മലയില്‍ കയറി. രാത്രിയില്‍ വനമേഖലയിലെ പാറയുടെ ചുവട്ടിലായി കിടന്നു. രാത്രിയില്‍ പൊലീസ് വാഹനത്തിന്റെ വരവും ആളുകള്‍ ടോര്‍ച്ച് തെളിച്ചതുമെല്ലാം കണ്ട് വീണ്ടും മലയുടെ മുകളിലേക്ക് മാറിയെന്നും തെളിവെടുപ്പിനിടെ ചെന്താമര അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു.

പാടവരമ്പത്ത് കുറ്റിക്കാട്ടില്‍ കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും സിമ്മും ഉപേക്ഷിച്ചുവെന്നും പ്രതി പറഞ്ഞു. പാടവരമ്പത്തെ കമ്പിവേലി ചാടിക്കടന്ന് ആണ് വനത്തിലേക്ക് നടന്നത്. നാട്ടുകാരുടെ കണ്ണില്‍ പെടാതിരിക്കാന്‍ കനാലിലെ ഓവു പാലത്തിനടിയിലൂടെയും ഇറങ്ങി നടന്നു. വനത്തില്‍ കയറുന്നതിനിടെ ആനയുടെ മുന്നില്‍ അകപ്പെട്ടു, ആനയുടെ മുമ്പില്‍ നിന്ന് രക്ഷപ്പെട്ട താന്‍ ഓടി മാറി മലയുടെ മറുവശത്ത് ഒളിച്ചിരുന്നുവെന്നും ചെന്താമര വിശദീകരിച്ചു.

തിങ്കളാഴ്ചത്തെ തെളിവെടുപ്പ് പൂര്‍ത്തിയായെന്നും ശാസ്ത്രീയതെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും ഡിവൈ.എസ്.പി. പറഞ്ഞു. പ്രതി പുതിയ മൊഴികളൊന്നും നല്‍കിയിട്ടില്ല. കൃത്യം നടത്തിയശേഷം രണ്ടുദിവസം മലയില്‍ തന്നെയാണ് തങ്ങിയത്. രക്ഷപ്പെട്ട വഴികളെല്ലാം കാണിച്ചുനല്‍കിയെന്നും ഡിവൈ.എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.

ജനരോഷം കണക്കിലെടുക്ക് കനത്ത സുരക്ഷയിലാണ് ചെന്താമരയെ തെളിവെടുപ്പിനെത്തിച്ചത്. നൂറുകണക്കിന് പോലീസുകാരാണ് പ്രദേശത്ത് സുരക്ഷയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ പോലീസ് ഏര്‍പ്പാടാക്കിയിരുന്നു. വെട്ടുകത്തിയുമായി ഒളിച്ചിരുന്ന സ്ഥലം, കത്തി ഉപേക്ഷിച്ചസ്ഥലം എന്നിവ തെളിവെടുപ്പിനിടെ ചെന്താമര പോലീസിന് കാണിച്ചുനല്‍കി. കൃത്യം നടത്തിയശേഷം എങ്ങനെയാണ് രക്ഷപ്പെട്ടതെന്നും എങ്ങനെയാണ് കാട്ടില്‍കയറിയതെന്നും പ്രതി പോലീസിനോട് വിശദീകരിച്ചു.

ചെന്താമരയുടെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിക്കെതിരേ ജനരോഷമുണ്ടായേക്കുമെന്ന് കരുതി നിരവധി പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. ഇതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നും ഇല്ലാതെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനായി.തെളിവെടുപ്പ് നടപടികളെല്ലാം പോലീസ് ചിത്രീകരിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് നാലുമണി വരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. അതിനാല്‍ നാളെ വൈകീട്ടുതന്നെ ചെന്താമരയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന്‍(56), അമ്മ ലക്ഷ്മി(75) എന്നിവരെയാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് അതേ കുടുംബത്തിലെ രണ്ടുപേരെ കൂടി ചെന്താമര കൊലപ്പെടുത്തിയത്.