കാഠ്മണ്ഡു: അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനുമെതിരെ നടന്ന ജന്‍ സീ പ്രക്ഷോഭത്തില്‍, ഭരണകൂടം കടപുഴകിയതോടെ നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായിയായത് ഒരു വനിതയാണ്. നേപ്പാള്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായ സുശീല കാര്‍ക്കി (73). രാജ്യത്ത് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യവനിത എന്ന പദവിയുള്ള സുശീലയക്ക് ഇപ്പോള്‍ ആദ്യത്തെ വനിത പ്രധാനമന്ത്രി എന്ന പദവി കൂടി കിട്ടുകയാണ്. 2016 ജൂലൈ മുതല്‍ 2017 ജൂണ്‍ വരെ നേപ്പാളിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന സുശീല അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയമാണ് സ്വീകരിച്ചത്. കാര്‍ക്കിയുടെ കുടുംബം ഒരു കര്‍ഷക പശ്ചാത്തലത്തില്‍ നിന്നാണ് വന്നത്. ഏഴുമക്കളില്‍ മൂത്തവളാണ് അവര്‍. 1959 മുതല്‍ 1960 വരെ നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്ന ബിപി. കൊയ്രാളയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.

ഇന്ത്യയുമായി ഇപ്പോഴും അടുത്ത ബന്ധം അവര്‍ക്കുണ്ട്. 1972-ല്‍ മഹേന്ദ്ര മൊറാങ് കാമ്പസില്‍ നിന്ന് ബിഎയും 1975ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎയും പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1978 ല്‍ ത്രിഭുവന്‍ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. ജഡ്ജിയായിരുന്ന കാലത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ജയപ്രകാശ് പ്രസാദ് ഗുപ്തയെ എല്ലാ സമ്മര്‍ദവും വകവെക്കാതെ ഒരു അഴിമതി കേസില്‍ ശിക്ഷിച്ചതോടെയാണ് അവര്‍ ശ്രദ്ധേയയാവുന്നത്. മുഖം നോക്കാതെയുള്ള അവരുടെ നടപടികള്‍ രാഷ്ട്രീയക്കാരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

2017-ല്‍ അന്നത്തെ പൊലീസ് മേധാവിയുടെ നിയമനം റദ്ദാക്കിയതിന്റെ പേരില്‍ ചീഫ് ജസ്റ്റിസായിരുന്ന സുശീല, ഭരണകക്ഷികളായ നേപ്പാളി കോണ്‍ഗ്രസുമായും, മാവോയിസ്റ്റ് സെന്ററുമായും അവര്‍ ഉടക്കിയിരുന്നു. ഇതോടെ അവര്‍ക്കെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം ഫയല്‍ ചെയ്തു. പക്ഷേ ജനരോഷം ഇരമ്പിയതോടെ സര്‍ക്കാര്‍ പിന്‍വാങ്ങി. ഈ ട്രാക്ക് റെക്കോഡാണ് അവരെ യുവാക്കള്‍ക്കിടയില്‍ ഹീറോയാക്കിയത്.




നേപ്പാളിനെ ഞെട്ടിച്ച വിമാനക്കൊള്ള

പക്ഷേ ഇപ്പോള്‍ സുശീല കാര്‍ക്കിയുടെ ഭര്‍ത്താവിനെക്കുറിച്ചുള്ള വാര്‍ത്തകളും തലക്കെട്ടാവുകയാണ്. ഭാര്യ നിയമത്തിന്റെ വഴികളിലൂടെ ആക്റ്റിവിസം നടത്തിയപ്പോള്‍ ഭര്‍ത്താവ് തോക്കിന്റെ വഴിയാണ് തിരഞ്ഞെടുത്തത്. നേപ്പാളി കോണ്‍ഗ്രസിന്റെ മുന്‍ നേതാവായ ദുര്‍ഗ പ്രസാദ് സുബേദിയെയാണ് സുശീല വിവാഹം കഴിച്ചത്. വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. അന്നുതന്നെ നേപ്പാളിലെ രാജഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടം നടത്തി വരികയായിരുന്നു, നേപ്പാളി കോണ്‍ഗ്രസിന്റെ യുവ നേതാവായിരുന്ന സുബേദി. അതിനായുള്ള പണം കണ്ടെത്താല്‍ ലോകത്തെ ഞെട്ടിച്ച ഒരു വിമാന റാഞ്ചലിനാണ് അദ്ദേഹം നേതൃത്വം കൊടുത്തത്.

1973 ജൂണ്‍ 10-നായിരുന്നു വിവാദങ്ങള്‍ക്ക് ആധാരമായ വിമാനറാഞ്ചല്‍ നടന്നത്. നേപ്പാളിലെ ബിരാത്നഗറില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന റോയല്‍ നേപ്പാള്‍ എയര്‍ലൈന്‍സിന്റെ 19 സീറ്റുള്ള കനേഡിയന്‍ നിര്‍മ്മിത ട്വിന്‍ ഒട്ടര്‍ വിമാനമാണ് ഇവര്‍ റാഞ്ചിയത്. ഈ വിമാനത്തില്‍ നേപ്പാളി നടന്‍ സി.പി. ലോഹാനിയും ഇന്ത്യയുടെ സിനിമ താരം മാല സിന്‍ഹയും ഉണ്ടായിരുന്നു.



നേപ്പാള്‍ പ്രധാനമന്ത്രിയായി മാറിയ ഗിരിജ പ്രസാദ് കൊയ്രാള ( നമ്മുടെ നടി മനീഷകൊയ്രാളയുടെ വലിയച്ഛന്‍) ആസൂത്രണം ചെയ്ത ഈ റാഞ്ചലില്‍ നാഗേന്ദ്ര ധുംഗല്‍, ബസന്ത ഭട്ടറായി എന്നിവര്‍ക്കൊപ്പം ദുര്‍ഗാ പ്രസാദ് സുബേദിയും പങ്കെടുത്തു. അക്കാലത്ത് ജയില്‍ മോചിതനായിരുന്ന സുബേദി, കൊയ്രാളയുടെ അടുത്ത സഹായികളില്‍ ഒരാളായിരുന്നു. മഹേന്ദ്ര രാജാവിന്റെ കീഴിലുള്ള രാജവാഴ്ചയ്‌ക്കെതിരായ 'സായുധ പോരാട്ടത്തിന് പണം സ്വരൂപിക്കുക എന്നതായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യം. വിമാനത്തില്‍ നേപ്പാളി സ്റ്റേറ്റ് ബാങ്കിന്റെ 30 ലക്ഷം രൂപയുണ്ടായിരുന്നു.

യാത്രക്കാരായി വിമാനത്തില്‍ കയറിപറ്റിയ മൂന്നംഗ സംഘം വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ പൈലറ്റിനുനേരെ തോക്ക് ചൂണ്ടി ബിഹാറിലെ ഫാര്‍ബിസ്ഗഞ്ചിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാരുമായുള്ള ചെറിയ ഏറ്റുമുട്ടലിന് ശേഷം, റാഞ്ചികള്‍ പൈലറ്റിനെ ബിഹാറിലെ ഫോര്‍ബ്‌സ്ഗഞ്ചിലെ ഒരു പുല്‍മേട്ടില്‍ വിമാനം ഇറക്കാന്‍ നിര്‍ബന്ധിച്ചു. അവിടെ മറ്റ് അഞ്ച് പേര്‍ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഈ റാഞ്ചലില്‍, പിന്നീട് നേപ്പാളിന്റെ പ്രധാനമന്ത്രിയായ സുശീല്‍ കൊയ്രാളയും സജീവമായി പങ്കെടുത്തു. സംഘം വിമാനത്തില്‍ നിന്ന് മൂന്ന് പെട്ടി പണം നീക്കം ചെയ്ത ശേഷം ബാക്കിയുള്ള യാത്രക്കാരുമായി വിമാനം വീണ്ടും പറന്നുയര്‍ന്നു. യാത്രക്കാര്‍ക്കോ വിമാനത്തിലെ ജീവനക്കാര്‍ക്കോ ആര്‍ക്കുംതന്നെ സാരമായി പരിക്കേറ്റിരുന്നില്ല. മോഷ്ടിച്ച പണം റോഡ് മാര്‍ഗം പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗിലേക്ക് എത്തിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍, ധുംഗല്‍ ഒഴികെയുള്ള എല്ലാവരെയും ഇന്ത്യന്‍ അധികാരികള്‍ അറസ്റ്റ് ചെയ്തു. സുബേദിയും കൂട്ടരും രണ്ട് വര്‍ഷം തടവിലായി. 1975-ലെ അടിയന്തരാവസ്ഥക്കാലത്താണ് പിന്നീട് അവര്‍ ജയില്‍ മോചിതരായത്.

ഒരു വര്‍ഷത്തിനുള്ളില്‍, ധുങ്കേല്‍ ഒഴികെ സംഘത്തിലെ എല്ലാവരെയും ഇന്ത്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. സുബേദിയും മറ്റുള്ളവരും രണ്ട് വര്‍ഷം ജയിലില്‍ കിടന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയും 1980-ലെ ഹിതപരിശോധനയ്ക്ക് തൊട്ടുമുമ്പ് നേപ്പാളിലേക്ക് മടങ്ങുകയും ചെയ്തു. രാജഭരണത്തിനെതിരെ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി ആരംഭിച്ച ജനാധിപത്യത്തിനായുള്ള പോരാട്ടത്തെ പിന്തുണയ്ക്കാന്‍ വേണ്ടിയായിരുന്നു ആ പണമെന്ന് വിരമിച്ച നേപ്പാളി യുഎന്‍ അംബാസഡര്‍ ദിനേഷ് ഭട്ടറായി 2014-ല്‍ റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു. പിന്നീട സുബേദി നേപ്പാള്‍ കോണ്‍ഗ്രസ് വിടുകയും സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു