- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.പി. ശര്‍മ ഒലി രാജിവച്ചത് പട്ടാള മേധാവി ആവശ്യപ്പെട്ടതിനാലോ? നേപ്പാള്‍ പട്ടാള അട്ടിമറി ഭീതിയില്‍; കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷായെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്ന് ജെന്‍ സീ പ്രക്ഷോഭകര്‍; ടൈം മാഗസിനിലെ 'ടോപ്പ് 100 എമര്‍ജിംഗ് ലീഡേഴ്സ്' പട്ടികയില്‍ ഇടംപിടിച്ച രാഷ്ട്രീയക്കാരനല്ലാത്ത നേതാവ്; നാഥനില്ലാത്ത നേപ്പാളിനെ ബാലേന്ദ്ര ഷാ നയിക്കുമോ
നാഥനില്ലാത്ത നേപ്പാളിനെ ബാലേന്ദ്ര ഷാ നയിക്കുമോ
കാഠ്മണ്ഡു: സമൂഹമാധ്യമങ്ങളെ നിരോധിച്ചതിനു പിന്നാലെ നേപ്പാളില്‍ ആരംഭിച്ച ജെന്‍ സീ പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി രാജിവച്ചത് പട്ടാള മേധാവിയുടെ ആവശ്യപ്രകാരമോ? പ്രക്ഷോഭകാരികള്‍ക്കൊപ്പം സൈന്യവും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളുടെ വിലക്ക് പിന്‍വലിച്ചെങ്കിലും പ്രക്ഷോഭം രണ്ടാം ദിനവും മാറ്റമില്ലാതെ തുടര്‍ന്നതോടെയാണ് രാജിവച്ചത്. പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന്റെയും പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെയും ചില മന്ത്രിമാരുടെയും സ്വകാര്യ വസതികള്‍ക്കു തീയിട്ടിരുന്നു. കലാപത്തെ തുടര്‍ന്ന് നാഥനില്ലാത്ത അവസ്ഥയിലാണ് നേപ്പാള്‍. പട്ടാളം ഭരണം ഏറ്റെടുക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. അതേസമയം, പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുപ്പിലൂടെ അധികാരമേല്‍പ്പിക്കുന്നത് വരെ രാജ്യത്തെ നയിക്കാന്‍ ഇടക്കാല സര്‍ക്കാര്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടക്കാല പ്രധാനമന്ത്രിയായി കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷാ എന്ന യുവാവിനെ നിയമിക്കണമെന്ന ആവശ്യം ജെന്‍ സീ പ്രക്ഷോഭകര്‍ ഉയര്‍ത്തിക്കഴിഞ്ഞു.
രാജ്യത്ത് ഒരു സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാന്‍ ബാലേന്ദ്ര ഷായെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി നിയമിക്കണമെന്ന ആവശ്യമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. ഇതിനായുള്ള പ്രചാരണവും അവര്‍ ആരംഭിച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കെ.പി. ശര്‍മ ഒലി രാജിവെച്ചതിന് പിന്നാലെയാണ് ബാലേന്ദ്ര ഷായെ ഉയര്‍ത്തിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നുതുടങ്ങിയത്. സിവില്‍ എഞ്ചിനീയറും റാപ്പറുമായിരുന്ന ബാലേന്ദ്ര ഷാ, സ്വതന്ത്രനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച്, അഴിമതിക്കെതിരായ നിലപാടുകളിലൂടെയും യുവജനങ്ങളുടെ പിന്തുണയിലൂടെയുമാണ് നേപ്പാളില്‍ ശ്രദ്ധേയനായത്.
ടൈം മാഗസിന്‍ 'ടോപ്പ് 100 എമര്‍ജിംഗ് ലീഡേഴ്സ്' പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളാണ് ബാലേന്ദ്ര ഷാ. സുതാര്യവും ജനകീയവുമായ രാഷ്ട്രീയ ശൈലിയെ പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനവും വന്നിരുന്നു. നേപ്പാളിലെ ഭരണ സംവിധാനങ്ങളിലുള്‍പ്പെടെ കാലോചിതമായ പരിഷ്‌കരണങ്ങള്‍ വേണമെന്ന ആവശ്യമാണ് ബാലേന്ദ്ര ഷാ മുന്നോട്ടുവയ്ക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് യുവാക്കള്‍ ഇദ്ദേഹത്തെ പരമ്പാരഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ബദലായാണ് കാണുന്നത്. യുവജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനമുള്ള, രാഷ്ട്രീയക്കാരനല്ലാത്ത നേതാവായാണ് ഇദ്ദേഹം ഉയര്‍ന്നുവന്നത്. സാമൂഹിക മാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിനും അഴിമതിക്കുമെതിരെ നിലവില്‍ നടക്കുന്ന യുവജന പ്രക്ഷോഭങ്ങള്‍ക്ക് ബാലേന്ദ്ര ഷാ ശക്തമായ പിന്തുണ നല്‍കിയിരുന്നു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി 2022-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച്, പ്രബലരായ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുള്ള എതിരാളികളെ പരാജയപ്പെടുത്തി കാഠ്മണ്ഡു മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചയാളാണ് ബാലേന്ദ്ര ഷാ. നഗരത്തിലെ തെരുവുകള്‍ വൃത്തിയാക്കുക, പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുക, നികുതി വെട്ടിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു. ഇതോടെ യുവാക്കള്‍ക്കിടയില്‍ വലിയ പിന്തുണയുമുണ്ടായി.
'ബലെന്‍' എന്ന പേരിലാണ് ബാലേന്ദ്ര ഷാ യുവാക്കള്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും അറിയപ്പെടുന്നത്. 1990 ല്‍ കഠ്മണ്ഡുവില്‍ ജനിച്ച അദ്ദേഹം ഇന്ത്യയിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ നിന്നാണ് സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയത്. ഗായകന്‍ എന്നതിനൊപ്പം ഗാനരചയിതാവു കൂടിയാണു ബാലേന്ദ്ര ഷാ. ഹിപ്‌ഹോപ് സംഗീത ശാഖയിലൂടെ അഴിമതി, അസമത്വം തുടങ്ങിയ വിഷയങ്ങള്‍ക്കെതിരെ അദ്ദേഹം പാട്ടുകള്‍ എഴുതി ആലപിച്ചു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി 61,000 ല്‍ അധികം വോട്ടുകള്‍ക്കാണ് മേയര്‍ സ്ഥാനത്തേക്ക് ബാലേന്ദ്ര ഷാ തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ബാലേന്ദ്ര ഷാ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളുമായി പതിവായി ആശയവിനിമയം നടത്താറുണ്ട്.
കെട്ടടങ്ങാതെ കലാപം
പ്രക്ഷോഭകര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് തലസ്ഥാനമായ കഠ്മണ്ഡു ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. മുന്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡയുടെ വീട് പ്രക്ഷോഭകാരികള്‍ തകര്‍ത്തു. ചില മന്ത്രിമാരുടെയും നിരവധി നേതാക്കളുടെയും വീടുകളും തകര്‍ക്കപ്പെട്ടു. സര്‍ക്കാരിലുള്ള കൊലപാതകികളെ ശിക്ഷിക്കണമെന്നും, കുട്ടികളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു.
കലാപം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. കലാപത്തില്‍ ഇന്നലെ 19 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നും രൂക്ഷമായ സംഘര്‍ഷമാണ് ഉണ്ടായത്. വാട്‌സാപ്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, യുട്യൂബ് എന്നിവയടക്കം 26 സമൂഹമാധ്യമ സൈറ്റുകള്‍ കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാര്‍ നിരോധിച്ചതോടെയാണ് പ്രക്ഷോഭം ആരംഭിച്ചത്. ഐടി, വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ സൈറ്റുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാതെ വന്നതോടെയാണു സര്‍ക്കാര്‍ നടപടിയെടുത്തത്.
ടിക്ടോക് ഉള്‍പ്പെടെ ചില സമൂഹമാധ്യമങ്ങള്‍ റജിസ്‌ട്രേഷന്‍ എടുത്തു പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജവാര്‍ത്തകളും വിദ്വേഷപ്രചരണങ്ങളും തടയാനുള്ള നടപടികളുടെ ഭാഗമായി സമൂഹമാധ്യമങ്ങളെ ചട്ടവിധേയമാക്കാനാണു റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. എന്നാല്‍, ഇത് അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്താനുമുള്ള നീക്കമാണെന്നു വിമര്‍ശിച്ചാണ് യുവജനങ്ങള്‍ രംഗത്തിറങ്ങിയത്. നിരോധനം പിന്‍വലിക്കാനാവശ്യപ്പെട്ട് 'ജെന്‍ സി' (ജനറേഷന്‍ സെഡ്) ബാനറുമായി പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ പ്രതിഷേധിച്ച ചെറുപ്പക്കാര്‍, സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി.