പത്തനംതിട്ട: സന്നിധാനത്ത് പുതിയ ഭസ്മക്കുളം നിര്‍മാണത്തിന് തുടക്കമായി. പതിനെട്ടാം പടിക്കു മുന്നില്‍ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമിതിയുടെ അംഗീകാരത്തോടെ പുതിയ ഭസ്മം കുളം നിര്‍മ്മിക്കുന്നത്. ഓരോ മിനിറ്റിലും ജലം ശുദ്ധീകരിക്കുന്നതിനായി കുളത്തിനോട് ചേര്‍ന്ന് അഞ്ചു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ശേഷിയുള്ള വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റും സ്ഥാപിക്കും. 15.72 മീറ്റര്‍ വീതിയിലും 21 മീറ്റര്‍ നീളത്തിലുമാണ് പുതിയ കുളം നിര്‍മ്മിക്കുന്നത്.

13 അടി ആഴത്തില്‍ നിര്‍മ്മിക്കുന്ന കുളത്തില്‍ 5 അടി വെള്ളമുണ്ടാകും. ഇറങ്ങാന്‍ എല്ലാ എല്ലാവശത്ത് നിന്നും പടവുകള്‍ നിര്‍മ്മിക്കും. പടിഞ്ഞാറു വശത്തായി കുംഭം രാശിയില്‍ സ്ഥിതി ചെയ്യുന്ന നിലവിലെ ഭസ്മക്കുളം തുടര്‍ന്നും ഭക്തര്‍ക്ക് ഉപയോഗിക്കാം. പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത്, ശബരിമല തന്ത്രി, കണ്ഠരര് രാജീവര് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി അഡ്വ. കെ.ജി. അനില്‍ കുമാറാണ് പുതിയ ഭസ്മക്കുളം വഴിപാടായി നിര്‍മ്മിച്ച് സമര്‍പ്പിക്കുന്നത്. സ്ഥപതി കെ. മുരളീധരന്‍ നായര്‍, ശില്‍പി രാജേഷ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരിബാബു, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്യാമപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിജു വി നാഥ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം ശബരിമല തന്നെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ചാണ് പുതിയ ഭസ്മക്കുളം നിര്‍മിക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. കെ. ഹരിദാസ് പറഞ്ഞു. ക്ഷേത്രത്തിനും തിരുമുറ്റത്തിനും വലിയ നടപ്പന്തലിനും ഭീഷണിയാണ് പുതിയ കുളം. സന്നിധാനം നില കൊളളുന്നത് ഒരു മലയുടെ നെറുകയിലാണ്. അതിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന കുളം കാരണം മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ തിരുമുറ്റം അടക്കം ഇടിഞ്ഞു താഴും.

പോലീസ് ആദ്യം ഇതിന്റെ അപകടസാധ്യതകള്‍ മുന്നില്‍ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അനുമതി നിഷേധിച്ചതാണ്. പഴയ ഭസ്മക്കുളം മുടാനുള്ള നീക്കവും കോടതി തടഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് പോലീസ് പിന്നീട് അനുകൂലമായി റിപ്പോര്‍ട്ട് കൊടുക്കുകയായിരുന്നു. അങ്ങനെയാണ് ഇപ്പോള്‍ കുളം നിര്‍മിക്കുന്നത്. ഇതിന് കാരണമായി പറയുന്നത് സ്പോണ്‍സറെ കിട്ടിയെന്നാണ്. അങ്ങനെ ഒരു സ്പോണ്‍സറെ കിട്ടിയാല്‍ സന്നിധാനത്ത് അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മിക്കുമോ എന്നും ഹരിദാസ് ചോദിച്ചു. ശബരിമലയുടെ അടിയന്തര ആവശ്യം പുതിയ കുളമല്ല.

ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ക്ക് അനുസൃതമായുള്ള ശൗചാലയങ്ങളാണ്. വിഷുവിന് വന്ന തിര്‍ഥാടകര്‍ പ്രാഥമിക കൃത്യ നിര്‍വഹണത്തിന് ശൗചാലയമില്ലാതെത നെട്ടോട്ടം ഓടുകയായിരുന്നു. നിലവില്‍ കുളം നിര്‍മിക്കുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയാണെന്നാണ് പ്രസിഡന്റ് പറയുന്നത്. വരിയില്‍ നില്‍ക്കുന്ന സ്ത്രീകളെയും കുട്ടികളെയും തെരഞ്ഞു പിടിച്ച് എങ്ങനെ കുളത്തിലെത്തിക്കും? ഭക്തരോ ഹൈന്ദവ സംഘടനകളോ് ആരും ഇങ്ങനെ ഒരു കുളം ആവശ്യപ്പെട്ടിട്ടില്ല. പിന്നെ ദേവസ്വം ബോര്‍ഡിന് മാത്രമായി എന്താണ് ഇങ്ങനെ ഒരു ആവശ്യം? ഇത് വളരെ ദുരൂഹമാണ്. കോടികളുടെ കമ്മിഷന്‍ അടിക്കാനുള്ള പരിപാടിയാണ്.

സ്പോണ്‍സര്‍ നല്‍കുന്ന കോടികള്‍ മുക്കാനുള്ള ശ്രമമാണ്. ദേവസ്വം ബോര്‍ഡ് ഇതില്‍ നിന്ന് പിന്മാറാത്ത പക്ഷം പ്രക്ഷോഭം നടത്തുമെന്നും ഹിന്ദുഐക്യവേദി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.എസ്.സതീഷ്‌കുമാര്‍, ട്രഷറര്‍ രമേശ് മണ്ണൂര്‍, സഹസംഘടനാ സെക്രട്ടറി കെ.പി.സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.