മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളികള്‍ക്ക് നേട്ടമാകും എന്ന് കരുതിയ ഇന്‍ഡിഗോ വിമാനം അമൃത്സറിലേക്ക് പറക്കുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യ മുംബൈയിലേക്ക് പറക്കാന്‍ ഈ വര്‍ഷം തന്നെ എത്തും എന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കറിന്റെ വാക്കുകള്‍ നിനച്ചിരിക്കാതെ എത്തിയ ലോട്ടറിയാകുകയാണ്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ പുതിയ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യവെയാണ് ആറു ദിവസ സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ഈ വര്‍ഷം തന്നെ മാഞ്ചസ്റ്ററില്‍ നിന്നും ഇന്ത്യയിലേക്ക് ഡയറക്റ്റ് ഫ്‌ളൈറ്റ് എന്ന സ്വപ്നം സാക്ഷാത്കരിക്കും എന്ന വാക്ക് നല്‍കിയത്.

ചടങ്ങില്‍ തിങ്ങി നിറഞ്ഞ സദസ് ഹര്‍ഷാരവത്തോടെയാണ് ഈ വാക്കുകള്‍ ഏറ്റെടുത്തത്. എന്നാല്‍ രണ്ടര വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2022 ഒക്ടോബറില്‍ ലണ്ടന്‍ ജെയിംസ് കോര്‍ട്ട് ഹോട്ടലിലെ വേദിയില്‍ തിങ്ങി നിറഞ്ഞ മലയാളികളെ സാക്ഷിയാക്കി കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. അന്ന് ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് ആഴ്ചയില്‍ അഞ്ചു ദിവസമാക്കി ഉയര്‍ത്തും എന്നായിരുന്നു ആ തള്ളല്‍ പ്രഖ്യാപനം.

കേരളത്തില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ പതിവാണെങ്കിലും ലണ്ടന്‍ റീജിയന്‍ സമ്മേളനത്തിന് എത്തുമ്പോള്‍ യുകെ മലയാളികള്‍ക്ക് നല്‍കാനുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക സമ്മാനമായിരിക്കും ആ പ്രഖ്യാപനം എന്നാണ് അന്ന് കരുതപ്പെട്ടത്. പക്ഷെ എയര്‍ ഇന്ത്യ മാനേജ്‌മെന്റിന് ഒരു കത്ത് പോലും അയക്കാതെയാണ് പിണറായി വിജയന്‍ ആവേശം കയറി ആഴ്ചയില്‍ അഞ്ചു ദിവസത്തെ ഫ്‌ളൈറ്റ് പ്രഖ്യാപനം നടത്തിയത്. പറഞ്ഞ വാക്ക് വിഴുങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കേരളത്തില്‍ മടങ്ങിയെത്തിയപ്പോള്‍ നോര്‍ക്കയിലെയും മറ്റും ഉദ്യോഗസ്ഥര്‍ ഈ ആവശ്യം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യക്ക് പതിവ് സര്‍ക്കാര്‍ ചട്ടക്കൂട്ടില്‍ ഒരു കത്ത് എഴുതിയെങ്കിലും വിമാനക്കമ്പനി അര്‍ഹമായ അവജ്ഞയോടെ ആ കത്ത് തള്ളിക്കളയുക ആയിരുന്നു. കാരണം തങ്ങളുടെ പേരില്‍ ലണ്ടനില്‍ നടന്ന പ്രഖ്യാപനം അതിനകം തന്നെ അവരുടെ കാതുകളില്‍ എത്തിയിരുന്നു.

കൊച്ചി വിമാനത്തില്‍ എയര്‍ ഇന്ത്യ പറഞ്ഞത് കളവായിരുന്നു എന്ന് ഒരിക്കല്‍ കൂടി തെളിയുമ്പോള്‍

ആഴ്ചയില്‍ അഞ്ചു വിമാനം കാത്തിരുന്ന യുകെ മലയാളികള്‍ക്ക് ഇപ്പോള്‍ ഉണ്ടായിരുന്ന സര്‍വീസ് കൂടി ഇല്ലാതായി എന്നതാണ് പിണറായി വിജയന്റെ പ്രഖ്യാപനത്തിന്റെ ബാക്കി പത്രം. ലണ്ടന്‍ ഗാറ്റ്വിക്കില്‍ നിന്നും ആഴ്ചയില്‍ മൂന്നു ദിവസം പറന്നിരുന്ന കൊച്ചി വിമാനത്തിന്റെ അവസാന യാത്ര ഈ മാസം 28നു നടക്കാനിരിക്കെയാണ് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ മലയാളികള്‍ക്ക് കൊച്ചിയല്ലെങ്കിലും മുംബൈയിലേക്ക് നേരിട്ട് പറക്കാം എന്ന വാഗ്ദനം കേന്ദ്രമന്ത്രി ജയശങ്കറില്‍ നിന്നും ലഭിച്ചിരിക്കുന്നത്. പക്ഷെ അതിനിടയിലും നിലവില്‍ വിമാനങ്ങളുടെ ലഭ്യത കുറവുണ്ട് എന്ന് വ്യക്തമാക്കി കൊച്ചി വിമാനം ഇല്ലാതാക്കിയ എയര്‍ ഇന്ത്യയ്ക്ക് മാഞ്ചസ്റ്ററിലേക്ക് പറത്താന്‍ പുതിയ വിമാനം എവിടെ നിന്ന് എന്ന ചോദ്യവും ഉയരുകയാണ്. ഇവിടെയാണ് കൊച്ചി വിമാനം റദ്ദാക്കാന്‍ പറഞ്ഞ കാരണങ്ങള്‍ ഓരോന്നും കളവാണ് എന്ന് വീണ്ടും വീണ്ടും തെളിയുന്നത്.

ഇപ്പോള്‍ മാഞ്ചസ്റ്ററിലേക്ക് ഇന്‍ഡിഗോ കൂടി എത്തുന്നു എന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ എയര്‍ ഇന്ത്യ കൂടി വരുമ്പോള്‍ മാഞ്ചസ്റ്റര്‍ മലയാളികള്‍ക്ക് ലോട്ടറിയടിച്ച സന്തോഷമാണ്. ദീര്‍ഘകാലമായി നാട്ടിലേക്ക് നേരിട്ടൊരു വിമാനം എന്ന് സ്വപ്നം കണ്ടിരുന്ന മാഞ്ചസ്റ്റര്‍ മലയാളികള്‍ക്ക് മുംബൈ വഴി ആണെങ്കിലും നാട്ടിലേക്കു വേഗത്തില്‍ എത്താന്‍ മറ്റൊരു വിമാനം കൂടിയായി എന്നതാണ് എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ പ്രസക്തമാകുന്നത്.

ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി ആഞ്ചേല റെയ്നര്‍ അടക്കമുള്ളവര്‍ മാഞ്ചസ്റ്ററില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആവശ്യമാണ് എന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന സാഹചര്യത്തിലാണ് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഒന്നിച്ചു എത്തുന്നത് എന്നതും പ്രത്യേകതയാണ്. ഇന്‍ഡിഗോ ഈ വര്‍ഷം ജൂലൈയില്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അധികം വൈകാതെ തൊട്ടു പിന്നാലെ എയര്‍ ഇന്ത്യയും എത്തും എന്നാണ് ജയശങ്കറിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

മലയാളി സംഘടനകള്‍ക്ക് പലതും ചെയ്യാനുണ്ടെന്നു തെളിയിച്ചു ഒഐസിസി യുകെ

അതിനിടെ എയര്‍ ഇന്ത്യ മാഞ്ചസ്റ്ററിലേക്ക് എത്തുന്നത് ഒഐസിസി യുകെ പ്രവര്‍ത്തകര്‍ക്കും ആഹ്ലാദകരമായ അനുഭവമായി മാറുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മിഡ്‌ലാന്‍ഡ്‌സിലേക്ക് വേണ്ടി പുതിയ കോണ്‍സുലേറ്റും പുതിയ വിമാന സര്‍വീസും ആവശ്യമാണ് എന്ന് കാണിച്ചു ഒഐസിസി നാഷണല്‍ പ്രസിഡന്റ ഷൈന് ക്ലെയര്‍ മാത്യൂസ് ഇന്ത്യന്‍ എംബസിക്ക് നിവേദനം നല്‍കിയിരുന്നു. അന്ന് നടന്ന കൂടിക്കാഴ്ചയില്‍ യുകെയില്‍ ലക്ഷക്കണക്കിന് മലയാളികളുടെ സാന്നിധ്യം ഉണ്ടായതോടെ എംബസി സേവനവും വിമാനയാത്രയും നേരിടുന്ന ബുദ്ധിമുട്ടുകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയിരുന്നു.

അന്ന് എംബസി ജീവനക്കാര്‍ ശക്തമായ ഉറപ്പുകള്‍ നല്‍കാന്‍ തയ്യാറായിരുന്നില്ലെങ്കിലും ഈ ആവശ്യങ്ങള്‍ തങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കും എന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും തന്നെ ഈ രണ്ടു പ്രഖ്യാപനങ്ങളും എത്തുമ്പോള്‍ ഒഐസിസി പ്രവര്‍ത്തകര്‍ക്ക് അഭിമാനത്തോടെ പറയാന്‍ ഉള്ള മികച്ച നേട്ടമായി മാറുകയാണ് കോണ്‍സുലേറ്റും എയര്‍ ഇന്ത്യ വിമാനവും. പ്രവര്‍ത്തനം തുടങ്ങി ആറു മാസത്തിനകം ഒഐസിസി യുകെയെ തേടി എത്തിയ ഈ നേട്ടം പൊതു രംഗത്ത് സജീവമായ ഇടപെടല്‍ നടത്തിയാല്‍ യുകെയിലെ മലയാളി സംഘടനകള്‍ക്ക് അത്ഭുതങ്ങള്‍ കാട്ടാനാകും എന്നതിന്റെ ഉദാഹരണമായി മാറുകയാണ്.