ന്യൂഡല്‍ഹി: അസംഘടിത മേഖലയില്‍നിന്ന് ഉള്‍പ്പെടെയുള്ള തൊഴിലാളികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ തുടക്കമിടുന്നതായി റിപ്പോര്‍ട്ട്. നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, സ്വയംതൊഴിലുകാര്‍, മറ്റ് കൂലിപ്പണിക്കാര്‍ എന്നിവര്‍ക്കുള്‍പ്പെടെ നിശ്ചിത തുക പെന്‍ഷനായി നല്‍കുന്ന പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. കേന്ദ്ര തൊഴില്‍ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിലവിലെ ഇ.പി.എഫ് പെന്‍ഷന്‍ പദ്ധതി, ദേശീയ പെന്‍ഷന്‍ പദ്ധതി എന്നിവക്ക് പുറമെയാകും പുതിയ പദ്ധതി വരിക. നിലവിലെ പെന്‍ഷന്‍ പദ്ധതികളിലേക്ക് സ്വമേധയാ ആളുകള്‍ പണമടക്കുകയും 60 വയസ്സിനു ശേഷം നിശ്ചിത തുക പെന്‍ഷനായി ലഭിക്കുകയുമാണ് ചെയ്യുന്നത്. അസംഘടിത മേഖലക്കായി ഇത്തരത്തില്‍ അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി ശ്രംയോഗി മന്ദന്‍ യോജന എന്നിവയാണുള്ളത്. കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ മന്ദന്‍ യോജനയുമുണ്ട്. പുതിയ പദ്ധതിയില്‍ പ്രത്യേക ജോലിയില്‍ ഏര്‍പ്പെടാത്തവര്‍ക്കും ചേരാനാകുമെന്നാണ് സൂചന.

നിലവിലെ ഇ-ശ്രം പോര്‍ട്ടല്‍ കണക്കുപ്രകാരം 30.67 കോടി അസംഘടിതതൊഴിലാളികളുണ്ട്. ഈവര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ 2.97 കോടി പേരാണ് ഈ മേഖലയിലുള്ളത്. ഉത്തര്‍പ്രദേശ്(8.38 കോടി) കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്താണ് ബിഹാര്‍. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) പദ്ധതിയില്‍നിന്ന് വ്യത്യസ്തമാവും പുതിയപദ്ധതി. വിവിധമേഖലകളില്‍ ഒട്ടേറെ പെന്‍ഷന്‍ പദ്ധതികളുണ്ട്. ഇവ ലയിപ്പിച്ച് ഒന്നാക്കാനാണ് ആലോചന.

സാര്‍വത്രിക പെന്‍ഷന്‍ എങ്ങനെ?

സാര്‍വത്രിക പെന്‍ഷന്‍ എന്നാല്‍ എല്ലാ വ്യക്തികള്‍ക്കും ഒരു പ്രായമാകുമ്പോള്‍ ഉറപ്പായും ഒരു മിനിമം പെന്‍ഷന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. അതിനുവേണ്ടി ഇന്നത്തെ പെന്‍ഷന്‍ വ്യവസ്ഥ സമൂലമായി ഉടച്ചുവാര്‍ക്കേണ്ടി വരും. മുഴുവന്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാരെയും ആദ്യപടിയായി പങ്കാളിത്ത പെന്‍ഷനിലേക്ക് കൊണ്ടുവരികയും അങ്ങനെ പെന്‍ഷന്‍ ബാധ്യത മൂന്നിലൊന്നായി കുറയ്ക്കാനും സാധിക്കും.

മാസം 1000 മുതല്‍ 1500 വരെ ലഭിക്കുന്ന അടല്‍ പെന്‍ഷന്‍ യോജനയാണ് നിലവിലുള്ള പദ്ധതികളില്‍ ഒന്ന. ഇത് കൂടാതെ വഴിയോരക്കച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കുള്ള പി.എം.-എസ്.വൈ.എം, 60 വയസ്സായാല്‍ കര്‍ഷകര്‍ക്ക് മാസം 3000 രൂപ ലഭിക്കുന്ന കിസാന്‍ മാന്‍ധന്‍ യോജന, ഗിഗ് തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച പദ്ധതികളും നിലവിലുണ്ട്. പുതിയ പദ്ധതി അനുസരിച്ച് ഇ.പി.എഫ്. പോലെ പദ്ധതിക്ക് സര്‍ക്കാര്‍വിഹിതമുണ്ടാവില്ല. പകരം നിശ്ചിതതുക മാസം അടച്ച് 60 വയസ്സായാല്‍ നിശ്ചിതതുക പെന്‍ഷനായി നേടാം. നിലവിലുള്ള ദേശീയ പെന്‍ഷന്‍പദ്ധതിക്ക് തുല്യമാവില്ല.

വികസിത രാജ്യങ്ങളില്‍ പെന്‍ഷന്‍ എന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. സ്വകാര്യമേഖലയിലായാലും, പൊതുമേഖലയിലായാലും, ഇനി സര്‍ക്കാര്‍ സര്‍വീസിലായാലും ഓരോരുത്തരും പെന്‍ഷന്‍ ഫണ്ടുകളില്‍ വരുമാനത്തിന്റെ നിശ്ചിത ശതമാനം നിക്ഷേപിച്ചിരിക്കണം എന്നത് അവിടങ്ങളില്‍ നിര്‍ബന്ധമാണ്. എല്ലാവര്‍ക്കും അല്ലലില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഏറ്റവും മിനിമം പെന്‍ഷന്‍ നല്‍കുക എന്നതാണ് ഈ ആശയം. അതായത് പെന്‍ഷന്‍ ഫണ്ടുകളിലേക്ക് സംഭാവന ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും, അല്ലെങ്കില്‍ സ്വന്തം സംഭാവന കൊണ്ട് മിനിമം പെന്‍ഷന് അര്‍ഹത ഇല്ലാത്തവര്‍ക്കുപോലും മിനിമം പെന്‍ഷന്‍ നല്‍കുക എന്നതാണ് സാര്‍വത്രിക പെന്‍ഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ എന്നറിയപ്പെടുന്ന ഇന്ത്യയിലെ പെന്‍ഷന്‍ വ്യവസ്ഥ കോളനി വാഴ്ചയുടെ തുടര്‍ച്ചയാണ്. സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഇന്ത്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കുറവായിരുന്നു എന്നു മാത്രമല്ല അവരുടെ ശമ്പളവും കുറവായിരുന്നു. മറ്റൊരു സംഗതി ആയുര്‍ദൈര്‍ഘ്യമാണ്. 1951 സെന്‍സസ് പ്രകാരം ആയുര്‍ദൈര്‍ഘ്യം 32 വയസ്സായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍നിന്ന് വിരമിക്കുന്നവര്‍ ശരാശരി അഞ്ചുമുതല്‍ എട്ടുവര്‍ഷം വരെയൊക്കെയേ ജീവിക്കുമായിരുന്നുള്ളു എന്നര്‍ഥം. കുറഞ്ഞ ശമ്പളത്തില്‍നിന്ന് പിടിച്ചുമാറ്റിവെക്കാതെ തന്നാണ്ടത്തെ വരുമാനത്തില്‍നിന്ന് പെന്‍ഷന്‍ കൊടുക്കാന്‍ തീരുമാനിച്ചതിന്റെ സാഹചര്യമിതാണ്.

പെന്‍ഷന്‍ കാര്യമായ ഒരു ബാധ്യത അല്ലാതിരുന്ന സാഹചര്യം പാടേ മാറി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചു. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചുവര്‍ധിച്ച് 73 വയസ്സായി. ഇതിന്റെയൊക്കെ ഫലമായി 30 വര്‍ഷം ശമ്പളം വാങ്ങിക്കൂട്ടിയവര്‍ക്ക് 30ഉം ചിലപ്പോള്‍ 40ഉം വര്‍ഷം അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയും ക്ഷാമബത്തയും പെന്‍ഷന്‍ പരിഷ്‌കരണവും നല്‍കേണ്ടിവരുന്നു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ അഞ്ചും ആറും ഇരട്ടിയൊക്കെയാണ് ചിലര്‍ പെന്‍ഷനായി കൈപ്പറ്റുന്നത്.

പുതിയ പെന്‍ഷന്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ വീട്ടുജോലിക്കാര്‍, ഒരുകോടിയിലധികം വരുന്ന ഗിഗ് വര്‍ക്കര്‍മാര്‍, നിര്‍മാണത്തൊഴിലാളികള്‍, സൈക്കിള്‍-ഇ-റിക്ഷാ തൊഴിലാളികള്‍, സ്വയംതൊഴില്‍ കണ്ടെത്തിയവര്‍, സ്വകാര്യജീവനക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ളവര്‍ക്ക് അതിന്റെ ഗുണം ലഭിക്കും.