- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിനൊപ്പം കൂടി മുട്ടന്‍ പണി വാങ്ങി മസ്‌ക്ക്! അമേരിക്കയിലെ ജനപ്രതിനിധികളും മസ്‌ക്കിനെതിരെ രംഗത്ത്; ടെസ്ലയുടെ അഞ്ച് ഡീലര്‍ഷിപ്പുകള്‍ റദ്ദാക്കാന്‍ നീക്കം; സബ്സിഡി ഇനത്തില്‍ കൈപ്പറ്റിയ ഒരു ബില്യണ്‍ ഡോളറിന്റെ ആനുകൂല്യം തിരിച്ചടക്കേണ്ടി വരുമോ?
ട്രംപിനൊപ്പം കൂടി മുട്ടന്‍ പണി വാങ്ങി മസ്‌ക്ക്!
വാഷിങ്ടണ്‍: ലോക കോടീശ്വരനും അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി നിയോഗിച്ച ഡോജിന്റെ തലവനുമായ ഇലോണ്‍ മസ്‌ക്കിന്റെ കഷ്ടകാലം തുടരുകയാണ്. അമേരിക്കയിലെ ജനപ്രതിനിധികള്‍ തന്നെ ഇപ്പോള്‍ മസ്‌ക്കിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. ടെസ്ലയുടെ അഞ്ച് ഡീലര്‍ഷിപ്പുകള്‍ റദ്ദാക്കാനാണ് അവരുടെ നീക്കം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്‌കിനെയും അദ്ദേഹത്തിന്റെ പരിസ്ഥിതി സൗഹൃദ വാഹനങ്ങളെയും ശക്തമായ തോതില്‍ പിന്തുണച്ചിരുന്ന ഡെമോക്രാറ്റുകള്‍ തന്നെയാണ് ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഓഹരി വിപണിയിലെ തകര്‍ച്ച, ട്രംപ് സര്‍ക്കാരിന് മസ്‌ക്കിനും എതിരെ ഉയരുന്ന ജനരോഷം, ടെസ്ലക്കെതിരെ നടക്കുന്ന പ്രതിഷേധം എന്നിവക്കിടയിലാണ് ന്യൂയോര്‍ക്കിലെ സെനറ്ററായ പട്രീഷ്യാ ഫാഹി മസ്‌ക്കിന് എതിരായ ബില്ല് അവതരിപ്പിച്ചത്. ഒരു കാരണവശാലും മസ്‌ക്കിന്റെ ഡീലര്‍ഷിപ്പ് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് പട്രീഷ്യാ ഫാഹി പറയുന്നത്. നേരത്തേ മസ്‌ക്കിനെ ശക്തമായി പിന്തുണച്ചിരുന്ന വ്യക്തിയാണ് പട്രീഷ്യാ ഫാഹി.
ന്യൂയോര്‍ക്ക് സംസ്ഥാനത്ത് അഞ്ച് ഡീലര്‍ഷിപ്പുകള്‍ അനുവദിക്കുന്നതിന് ഇളവ് അനുവദിക്കണമെന്ന് അന്ന് മസ്‌ക്ക് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അതിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ടെസ്ലയുടെ വാഹനങ്ങള്‍ക്ക് ഡീലര്‍ഷിപ്പ് അനുവദിക്കുന്നത് ഇലക്ട്രിക്ക് വാഹന വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുമെന്നും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള യത്നങ്ങളില്‍ ഇത് ഏറെ സഹായകമാകും എന്നുമാണ് പട്രീഷ്യ അന്ന് വാദിച്ചിരുന്നത്.
മസ്‌ക്കിന്റയും ടെസ്ലയുടേയും ഏറ്റവും വലിയ വക്താവായിട്ടാണ് അന്ന് അവര്‍ അറിയപ്പെട്ടിരുന്നതും. ബഫല്ലോ എന്ന സ്ഥലത്ത് ടെസ്ലയുടെ ഒരു ഡീലര്‍ഷിപ്പ് ആരംഭിക്കുന്ന സമയത്ത് മസ്‌ക്കിന് സര്‍ക്കാരില്‍ നിന്ന് വന്‍ ഇളവുകളാണ് ലഭിച്ചത്. ഒരു ബില്യണ്‍ ഡോളറിന്റെ ആനുകൂല്യങ്ങളാണ് അന്ന് മസ്‌ക്കിന് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ അന്ന് നല്‍കിയ സബ്സിഡികള്‍ തിരികെ പിടിക്കാനാണ് നീക്കം നടക്കുന്നത്. ടെസ്ലക്ക് അധികമായി നല്‍കിയ ഡീലര്‍ഷിപ്പുകള്‍ റദ്ദാക്കിയതിന് ശേഷം മറ്റ് ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ കമ്പനികളായ റിവിയാന്‍, സ്‌ക്കൗട്ട് മോട്ടോഴ്സ്, ലൂസിഡ് എന്നിവയ്ക്കും ഡീലര്‍ഷിപ്പിനായി അനുമതി നല്‍കണം എന്നാണ് ഇപ്പോള്‍ ആവശ്യം ഉയരുന്നത്.
ടെസ്ലയുടെ വാഹനങ്ങള്‍ ഇപ്പോഴും ഫ്രാഞ്ചൈസി വഴി വാങ്ങാം. അതേ സമയം ടെസ്ലക്ക് ഇക്കാര്യത്തില്‍ നിലവിലുള്ള കുത്തക അവസാനിപ്പിക്കാനാണ് ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇലോണ്‍ മസ്‌ക്കിന് പുതിയ പദവി കൂടി ലഭിച്ചതോടെ എന്തിനാണ് ടെസ്ലക്ക് കുത്തക അനുവദിക്കുന്നത് എന്നാണ് ഡെമോക്രാറ്റുകള്‍ ചോദിക്കുന്നത്. എന്നാല്‍ നിയമനിര്‍മ്മാണം നടത്തുന്ന ജനപ്രതിനിധികള്‍ ഇത്തരത്തില്‍ ഒരു കമ്പനിയേയോ വ്യക്തിയേയോ ലക്ഷ്യം വെയ്ക്കുന്നത് അനുചിതമാണ് എന്നാണ് മസ്‌ക്ക് അഭിപ്രായപ്പെടുന്നത്.
മസ്്ക്കിന്റെ രാഷ്ട്രീയ നിലപാടുകളാണ് ഇത്തരത്തില്‍ ഒരിക്കല്‍ പിന്തുണച്ചിരുന്ന പലരേയും എതിരാളികളാക്കി മാറ്റിയത് എന്നാണ് കരുതപ്പെടുന്നത്. ടെസ്ല ഷോറൂമുകള്‍ക്കും വാഹനങ്ങള്‍ക്കും എതിരെ പല സ്ഥലങ്ങളിലും ആക്രമണങ്ങളും തീവെയ്പും നടത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കമ്പനിയുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മസ്‌ക്കും ലക്ഷ്യമിടുന്നത്.