പെര്‍ത്ത്: ഓസ്ട്രേലിയയില്‍ കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് ആദരം അര്‍പ്പിച്ച് ലോകം. നോര്‍ത്ത് ക്വീന്‍സ്ലന്‍ഡില്‍ കഴിഞ്ഞ ദിവസമാണ് ദാരുണമായ ഈ സംഭവം നടന്നത്.

40 കാരനായ ഡോക്ടര്‍ ഹോഗ്ബിന്‍ ഭാര്യയും മൂന്ന് മക്കളുമെത്താണ് അനാന്‍ നദിക്കരയില്‍ അവധി ദിനം ആഘോഷിക്കാനെത്തിയത്. ചൂണ്ടയിടുന്നതിനിടെ ഹോഗ്ബിന്‍ നദിയിലേക്ക് വീഴുകയായിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഭാര്യയായ ജെയിനും നദിയിലേക്ക് വീഴുക ആയിരുന്നു. ഭര്‍ത്താവിന്റെ കൈയ്യില്‍ പിടിമുറുക്കുന്നതിനിടെ ആയിരുന്നു ജെയിന്‍ വീണു പോയത്.

അതേ സമയം താന്‍ പുഴയിലെ മുതലയുടെ പിടിയിലായി എന്ന് മനസിലാക്കിയ ഹോഗ്ബിന്‍ പെട്ടെന്ന് തന്നെ ഭാര്യയുടെ കൈവിടുക ആയിരുന്നു. ഒരു പക്ഷെ അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍ ജെയിനും മുതലകളുടെ പിടിയിലാകുമായിരുന്നു. ഹോഗ്ബിന്‍ ഭാര്യയുടേയും മക്കളുടേയും മുന്നില്‍ വെച്ചാണ് മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ അധികൃതര്‍ പിന്നീട് ഇക്കാര്യം നിഷേധിക്കുക ആയിരുന്നു.

ഒരു ഡോക്ടര്‍ എന്ന നിലയില്‍ നിരവധി പേരെ രക്ഷിച്ച ഹോഗ്ബിന്‍ മരണവേളയിലും ഒരു ജീവന്‍ രക്ഷിച്ചയാള്‍ എന്ന ഖ്യാതി നിലനിര്‍ത്തിയാണ് വിട വാങ്ങിയത് എന്ന് അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയായ ജെയിന്‍ ചൂണ്ടിക്കാട്ടി. ഹോഗ്ബിന്‍ വളരെ മികച്ച ഒരു ഭര്‍ത്താവും പിതാവും സഹോദരനും സുഹൃത്തും ആയിരുന്നതായി അവര്‍ അഭിപ്രായപ്പെട്ടു. പ്രഗത്ഭനായ ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയ വ്യക്തി ആയിരുന്നു ഹോഗ്ബിന്‍ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

ഹോഗ്ബിനെ ആക്രമിച്ച മുതലയെ പിന്നീട് അധികൃതര്‍ വെടിവെച്ച് കൊന്നു. അതേ സമയം ഈ മേഖലയില്‍ സന്ദര്‍ശകരായി എത്തുന്നവര്‍ മുതലകള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമായി മാറുന്നു എന്നാണ് പറയപ്പെടുന്നത്. ഈ നടപടി സര്‍ക്കാര്‍ നേരത്തേ തന്നെ വിലക്കിയിരുന്നു എങ്കിലും പലരും മുതലകള്‍ക്ക് ഭക്ഷണം എറിഞ്ഞ് കൊടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സാഹചര്യത്തില്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.