തിരുവനന്തപുരം: വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാമിന് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്. വിഷയത്തില്‍ നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തന്നെ തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി രംഗത്തെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 'മുല്ലപെരിയാറില്‍ ഇപ്പോള്‍ പ്രത്യേക ആശങ്കയുടെ അടിസ്ഥാനമില്ല. പക്ഷേ, മുല്ലപെരിയാറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച സമീപനം തുടര്‍ന്നുപോകും. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്കയും ഉണ്ടാകേണ്ടതില്ല', മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ഡീന്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ്. 130 വര്‍ഷം പഴക്കമുള്ള ഡാമാണത്. പിന്നെ എങ്ങനെ അതിന്റെ സുരക്ഷ സംബന്ധിച്ച് കുഴപ്പമില്ലെന്ന് പറയാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എം.പി.യും രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പൊതുമരാമത്ത് മധുര റീജ്യണല്‍ ചീഫ് എന്‍ജിനീയര്‍ എസ് രമേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു സന്ദര്‍ശനം. റൂള്‍ കര്‍വ് പ്രകാരം അണക്കെട്ടില്‍ ഇപ്പോള്‍ 138 അടി വെള്ളം സംഭരിക്കാന്‍ കഴിയും. 131 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.