ലഖ്‌നൗ: ബന്ധുവിന്റെ വിവാഹത്തിനെത്തി പാകിസ്ഥാനില്‍ രണ്ടു വര്‍ഷമായി കുടുങ്ങി കിടക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടുംബം നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി രംഗത്ത്. രണ്ട് വര്‍ഷമായി പാകിസ്ഥാനില്‍ ഇവര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ കുടുംബമാണ് തിരിച്ചുവരാനാകാതെ അവിടെ കുടുങ്ങിപ്പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. വിസ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കുടുംബത്തിന്റെ മടങ്ങിവരവ് പ്രതിസന്ധിയിലായതെന്ന് ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്തു.

യുപി സ്വദേശിയായ മജിദ് ഹുസൈനും പാകിസ്ഥാന്‍കാരിയായ താഹിര്‍ ജബീനും 2007ലാണ് വിവാഹിതരായത്. തുടര്‍ന്ന് കുടുംബം ഉത്തര്‍പ്രദേശിലെ രാംപൂരില്‍ താമസമാക്കി. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്. 2022ല്‍ താഹിറിന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കുടുംബം പാകിസ്ഥാനിലേക്ക് പോയത്. മൂന്ന് മാസത്തെ വിസ കാലാവധിയാണ് ഉണ്ടായിരുന്നത്. മൂന്ന് മാസം കഴിഞ്ഞ് രണ്ട് ദിവസം കൂടി അധികമായി അവിടെ നില്‍ക്കേണ്ടി വന്നു. ഇതോടെയാണ് തിരിച്ചുവരവ് പ്രതിസന്ധിയിലായത്.

പലതരത്തില്‍ ശ്രമിച്ചിട്ടും രണ്ട് വര്‍ഷമായി മജിദും കുടുംബവും ഇന്ത്യയിലേക്ക് തിരിച്ചുവരാനാകാതെ കുടുങ്ങിക്കിടക്കുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. മജിദിന്റെ അമ്മയും സഹോദരിമാരും രാംപൂരിലെ വീട്ടിലുണ്ട്. മജിദിനെയും കുടുംബത്തെയും തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്ന് അവര്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ആവശ്യമായ എല്ലാ രേഖകളും പാകിസ്ഥാന്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടും തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍ തുടരുകയാണെന്ന് മജിദിന്റെ അമ്മ ഫാമിദ പറഞ്ഞു. നാട്ടിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പറഞ്ഞ് മജിദ് എപ്പോഴും വിളിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

മാജിദിനും കുട്ടികള്‍ക്കും വിസ ലഭിക്കാന്‍ പ്രയാസമില്ലെങ്കിലും താഹിറിന്റെ അപേക്ഷ നിരസിക്കപ്പെടുന്നതാണ് തിരിച്ചുവരവ് പ്രതിസന്ധിയിലാവാന്‍ കാരണമെന്ന് ബന്ധുവായ ഷക്കീര്‍ അലി പറഞ്ഞു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കാനാണ് കുടുംബത്തിന്റെ ശ്രമം.