- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം പിണറായി സർക്കാരിന് വഴിയൊരുക്കിയ 'കിറ്റ് രാഷ്ട്രീയം' ഉത്തരേന്ത്യയിലേക്കും; ബിഹാറും ബംഗാളും സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് നൽകുന്നത് സൗജന്യ സൈക്കിൾ; ഇന്ത്യൻ രാഷ്ട്രീയം അധികാരത്തിനായി 'സൗജന്യ വഴിയിലേക്ക്' തിരിയുന്നുവോ? അന്വേഷണവുമായി ബിബിസി
ലണ്ടൻ: ഇന്ത്യൻ രാഷ്ട്രീയക്കാർ സൗജന്യങ്ങൾ നൽകി ജനങ്ങളെ വിലക്കെടുക്കുകയാണോ? വടക്കേയിന്ത്യൻ രാഷ്ട്രീയത്തിൽ പടരുന്ന 'സൗജന്യ വിതരണങ്ങളിൽ 'മികച്ച ലേഖനം തയ്യാറാക്കി വിഷയത്തിൽ ജനശ്രദ്ധ തേടുകയാണ് ബിബിസി. കേരളത്തിൽ കിറ്റ് രാഷ്ട്രീയം വഴി ഭരണ തുടർച്ച ഉറപ്പിച്ച പിണറായി സർക്കാരിന്റെ മാതൃക ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ പടരുന്നത് പ്രധാനമന്ത്രി മോദി രേവടി കൾച്ചർ എന്ന പ്രയോഗത്തിലൂടെ ചൂണ്ടിക്കാട്ടിയതാണ് ബിബിസിയുടെ ശ്രദ്ധയിലും വിഷയം എത്താൻ കാരണമായിരിക്കുന്നത്. അനേകം സൗജന്യങ്ങൾ പ്രഖ്യാപിച്ച പ്രാദേശിക സർക്കാരുകളുടെ കൂട്ടത്തിൽ ബംഗാളും ബിഹാറും സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് സൗജന്യ സൈക്കിൾ വാഗ്ദാനം ചെയ്തതോടെയാണ് വിഷയം വിവാദമായി കത്തിപ്പടർന്നത്. ജനങ്ങളെ സൗജന്യങ്ങൾ നൽകി പാട്ടിലാക്കുന്ന വെൽഫെയർ രാഷ്ട്രീയം ലോകമെങ്ങും പടരുമ്പോൾ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാകാൻ ഉള്ള വഴികൂടിയാണ് ഇന്ത്യൻ ജനങ്ങളെ തേടിയെത്തുന്നത്.
കോവിഡാനന്തര ലോകക്രമത്തിൽ മിക്ക സർക്കാരുകളും സൗജന്യങ്ങൾ നൽകിയാണ് ജനങ്ങളെ കൂടെ നിർത്തിയതും. ഇത്തരത്തിൽ കേരളത്തിൽ നടന്ന കിറ്റ് വിതരണം രാഷ്ട്രീയ ആരോപണമായി അന്തരീക്ഷത്തിൽ എത്തിയെങ്കിലും ജനങ്ങൾ അതിനെ ഹൃദയത്തിലേറ്റുക ആയിരുന്നു എന്നാണ് കഴിഞ്ഞ വർഷം പിണറായി വിജയന് ലഭിച്ച ഭരണ തുടർച്ച. ഇത് ശ്രദ്ധിച്ച മറ്റു സംസ്ഥാനങ്ങളും ജനങ്ങൾക്ക് സൗജന്യങ്ങൾ എത്തിക്കാൻ തയ്യാറായതിനെയാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശത്തിന് ഇടയാക്കിയത്. ജനങ്ങളെ വിലക്കെടുക്കാൻ സർക്കാരുകൾ തയ്യാറാകുന്നു എന്നാണ് പ്രധാനമന്ത്രി ആശങ്കപ്പെടുന്നത് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമായും ഇന്ത്യയിൽ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കപ്പെടുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഇതൊരു സ്വാധീന ഘടകമായാൽ ഭരണകക്ഷിയായ ബിജെപിയുടെ സാധ്യതകൾക്ക് മങ്ങലേൽക്കും എന്നതാണ് മോദിയുടെ പ്രതികരണത്തിൽ ഒളിഞ്ഞിരിക്കുന്ന ദുസൂചന.
എന്നാൽ മോദിയുടെ വിമർശനത്തെ ദയാദാക്ഷിണ്യം ഇല്ലാതെ പ്രതിപക്ഷ കക്ഷികൾ നിരാകരിക്കുക ആണെന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു. പൊതു ഖജനാവിലെ പണമെടുത്തു ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകുന്ന സർക്കാരുകളുടെ രീതി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു ബിജെപി സുപ്രീം കോടതിയെ സമീപിച്ചതും ഇന്ത്യൻ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്. സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണ് ഇപ്പോൾ വിഷയം. സംസ്ഥാനങ്ങൾ ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകുന്നത് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ എതിർക്കപ്പെടേണ്ടതാണോ എന്ന വാദമാണ് ഇപ്പോൾ പ്രധാനമായും ബിജെപിക്കും മറ്റു പാർട്ടികൾക്കും ഇടയിൽ രൂപം കൊണ്ടിരിക്കുന്നതെന്നു ബിബിസി വിശദീകരിക്കുന്നു. സർക്കാരുകളെ ഭരണ മികവിൽ വിലയിരുത്തുമ്പോൾ ജനങ്ങൾക്ക് തെറ്റുപറ്റാൻ ഇത്തരം സൗജന്യ വിതരണങ്ങൾ ഇടയാക്കും എന്നതാണ് ഒരു ഭാഗത്തു ഉയരുന്ന വാദം.
അതിനിടെ കാശിന്റെ രൂപത്തിൽ പെൻഷൻ വിതരണം മുതൽ റേഷൻ സാധനങ്ങളും ടിവിയും ലാപ്ടോപ്പും സൈക്കിളും മാത്രമല്ല സ്വർണം വരെ ഇന്ത്യയിൽ സർക്കാർ സൗജന്യമായി ഒഴുകുക ആണെന്നാണ് ബിബിസി റിപ്പോർട്ടിന്റെ കാതൽ. അതേസമയം വെൽഫെയർ രാഷ്ട്രീയവും സൗജന്യ വിതരണ രാഷ്ട്രീയവും തമ്മിൽ ഇഴ തിരിച്ചു വേർതിരിക്കാനാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ, ഇപ്പോൾ എതിർക്കുന്ന ബിജെപി അടക്കമുള്ള പാർട്ടികൾ തിരഞ്ഞെടുപ്പ് കാലത്തു ഇത്തരം സൗജന്യങ്ങൾ ധാരാളം ഒഴുക്കിയിട്ടുണ്ട് എന്നാണ് ബിബിസി വിലയിരുത്തുന്നത്. കേന്ദ്രത്തിൽ അധികാരം കയ്യാളുന്ന ബിജെപി സർക്കാർ തന്നെ ജനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ വീടും ഗ്യാസും കക്കൂസും ഒക്കെ നൽകി വെൽഫെയർ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇത് തന്നെയാണ് സംസ്ഥാന സർക്കാരുകളും ചെയുന്നത് എന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.
ബിഹാറിൽ സ്‌കൂൾ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥിനികൾക്ക് ധനസഹായം പ്രഖ്യാപിച്ചത് സൗജന്യങ്ങളിൽ ഏറെ ശ്രദ്ധ നേടി. തൊട്ടുപിന്നാലെ തമിഴ്‌നാട് സർക്കാർ ആരംഭിച്ച കാന്റീനുകളിൽ പൊതുജനങ്ങൾക്കു സൗജന്യ നിരക്കിൽ ഭക്ഷണം നല്കാൻ തുടങ്ങിയതും വാർത്തകളിൽ തലക്കെട്ട് സൃഷ്ടിക്കുക ആയിരുന്നു. സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണം നല്കാൻ തുടങ്ങിയതോടെ തമിഴ്‌നാട്ടിൽ സ്‌കൂൾ ഹാജർ നില മെച്ചപ്പെട്ടതും ശ്രദ്ധ പിടിച്ചു പറ്റി. ഡൽഹി സർക്കാർ വർഷങ്ങളായി ഒട്ടേറെ സൗജന്യങ്ങളാണ് ജനങ്ങൾക്ക് നൽകുന്നത്. ഡൽഹിയിൽ സൗജന്യ വൈദ്യുതി നൽകിയ ആപ് സർക്കാർ നടപടി മധ്യ വർഗ്ഗത്തിൽ ഉള്ളവർക്ക് വലിയ കാര്യമായി തോന്നിയിട്ടില്ലെങ്കിൽ പോലും നിത്യ ജീവിതം തേടി ഡൽഹിയിൽ എത്തുന്ന അനേകായിരങ്ങൾക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ. ആരോഗ്യ രംഗത്തും വിദ്യാഭ്യസ രംഗത്തും ഒക്കെ ഇത്തരം സൗജന്യ പ്രഖ്യാപനങ്ങൾ നേരത്തെ തന്നെ ഇന്ത്യയിൽ വ്യാപകവുമാണ്. അതിനാൽ ശരിയും തെറ്റും വേർതിരിക്കുക എന്നത് ഏറെ ദുഷ്‌കരവും ആണെന്ന് സാമൂഹ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.
ഇപ്പോൾ സർക്കാരുകളെ പിന്തുടർന്ന് പാർട്ടികളും സൗജന്യ സേവന പ്രഖ്യാപനങ്ങൾ നടത്തുന്നതും ട്രെന്റ് ആയി മാറുകയാണ്. അനേകായിരം പെൺകുട്ടികൾ ഇന്ത്യയുടെ വിദൂര ദേശങ്ങളിൽ പൊതു ഗതാഗത സംവിധാനം ഇല്ലാത്തതിനാൽ സ്‌കൂളിൽ എത്താൻ പ്രയാസപ്പെടുന്നതിനാൽ ബിഹാറും ബംഗാളും നടപ്പിലാക്കിയ സൈക്കിൾ വിതരണ പദ്ധതി മറ്റു സംസ്ഥാനങ്ങളിലും എത്തപ്പെടും എന്നാണ് വിലയിരുത്തൽ. വിഷയം കോടതി വിചാരണയിൽ എത്തിയാപ്പോൾ വാദം കേട്ട ജസ്റ്റിസ് രാമണ്ണ നൽകിയ മറുപടി ഏറെ പ്രത്യേകതയുള്ളതായിരുന്നു. ഒരു ബാർബർക്ക് ഷേവിങ്ങ് സീറ്റും വിദ്യാർത്ഥിക്ക് സൈക്കിളും ചെത്തുകാരനും തുണി ഇസ്തിരിയിടുന്നയാൾക്കും പണിസാധനങ്ങൾ ലഭിച്ചാൽ അതവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു കളയും എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
എന്നാൽ ലക്കും ലഗാനും ഇല്ലാതെ സൗജന്യ വിതരണ പദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തിക നില അട്ടിമറിക്കും എന്ന് ഭയപ്പെടുന്നവരും കുറവല്ല .രാജ്യത്തിന്റെ വളർച്ച നിരക്കിനെയും ഇത് പ്രതികൂലമായി ബാധിക്കും എന്ന് കരുതുന്നവരും ഏറെയുണ്ട്. സൗജന്യ വെള്ളവും വൈദ്യുതിയും നല്കാൻ ചില സംസ്ഥാനങ്ങൾ വളരെയധികം പണം ചെലവിടുകയാണ് എന്ന് ഇക്കഴിഞ്ഞ ജൂണിൽ റിസേർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അതേസമയം ഇത്തരം സൗജന്യങ്ങൾ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഭാഗമായി കാണണം എന്നാണ് അനുകൂല നിലപാട് എടുക്കുന്നവരുടെ വാദം. എന്നാൽ സുസ്ഥിര വികസനത്തിൽ പരാജയമായ സർക്കാരുകൾ ജനങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ് ഇത്തരം സൗജന്യ സേവനങ്ങൾ വഴി ശ്രമിക്കുന്നതെന്നു സാമ്പത്തിക വിദഗ്ധയായ യാമിനി അയ്യരെ പോലുള്ളവർ നിശിത വിമർശനം ഉയർത്തുകയും ചെയ്യുന്നു.
പഞ്ചാബ് ഇലക്ഷന് മുൻപ് ആപ് നൽകിയ സൗജന്യ വൈദ്യുതി വാഗ്ദാനം അവരെ വിജയത്തിൽ എത്തിക്കാൻ ഏറെ സഹായിച്ചു എന്ന് കരുതുന്ന വിദഗ്ദ്ധർ ഏറെയാണ്. സമാനമായ വാഗ്ദാനം ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് സമയത്തും എത്തിയിരുന്നു. കേരളത്തിലെ കിറ്റ് വിതരണവും ഇത്തരത്തിലാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇതൊരു ട്രെന്റ് ആയി മാറിയാൽ എല്ലാ സംസ്ഥാനത്തും സൗജന്യങ്ങളുടെ പ്രളയം സൃഷ്ടിക്കപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത് .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന്‍ മലയാളി പ്രത്യേക പ്രതിനിധി.