തിരുവനന്തപുരം: അധികാരം ഉപയോഗിച്ച് ചരിത്രം മാറ്റി മറിക്കുന്നവരാണ് സംഘപരിവാറുകാരെന്ന് ആക്ഷേപിക്കുന്നവരിൽ മുമ്പിലുള്ളത് ഇടതുപക്ഷമാണ്. മലബാർ കലാപത്തെ വരെ അവർ അതിന് ഉപയോഗിക്കുന്നുവെന്ന് ആക്ഷേപിക്കുന്നവരുടെ യാത്രയും അതേ വഴിക്ക്. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും മലയാളം മഹാനിഘണ്ടു പൂർത്തീകരണത്തിനുള്ള നടപടികൾ കൈക്കൊള്ളാതെ, കോടികൾ ചെലവിട്ട് ഇടതു നേതാക്കളെ വാഴ്‌ത്തുന്ന പ്രത്യേക വിജ്ഞാനകോശം പുറത്തിറക്കാനുള്ള നടപടികളുമായി കേരള സർവ്വകലാശാല മുമ്പോട്ടു വരുമ്പോൾ അതിന് പിന്നിലും ചരിത്രത്തെ കമ്യൂണിസ്റ്റ് അനുകൂലമായി മാറ്റിയെഴുതാനുള്ള നീക്കമാണോ എന്ന സംശയമാണ് ഉയരുന്നത്.

വിദ്യാഭ്യാസ പരിഷ്‌കരണ മറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്നുവെന്ന് ആക്ഷേപിക്കുന്ന തെറ്റായ ചരിത്ര നിർമ്മിതിയുടെ സാധ്യതൾ കേരളാ സർവ്വകലാശാലയും തേടുന്നുവോ എന്നതാണ് ഉയരുന്ന സംശയം. മഹാ നിഘണ്ടുവിന്റെ ശേഷിക്കുന്ന വാല്യങ്ങളുടെ പ്രസിദ്ധീകരണം പാതി വഴിയിൽ ഉപേക്ഷിച്ച കേരള സർവകലാശാല, സംസ്ഥാനത്തെ 100 വർഷത്തെ ഇടതു നേതാക്കളെയും സംസ്‌കാരിക പ്രവർത്തകരെയും കുറിച്ചു വിജ്ഞാനകോശം ഇറക്കാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഫലത്തിൽ കേരളത്തിന്റെ ചരിത്രത്തിൽ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് വരുത്താനാണ് നീക്കം. സർക്കാർ ചെലവിലെ ചരിത്ര അട്ടിമറിയാണ് ഇത്. വിഷയത്തിൽ സർവ്വകലാശാലാ ചാൻസലർ കൂടിയായ ഗവർണ്ണ എന്തു തീരുമാനം എടുക്കുമെന്നതാണ് നിർണ്ണായകം.

കേരള സർവ്വകലാശാലയുടെ അന്താരാഷ്ട്ര മാർക്സിയൻ പഠന കേന്ദ്രത്തെ മറയാക്കിയാണ് പുതിയ വിജ്ഞാനകോശം തയാറാക്കുന്നത്. എകെജി പഠന ഗവേഷണ കേന്ദ്രത്തിന് 1977ൽ സർവകലാശാലാ ഭൂമി വിട്ടു കൊടുത്തിരുന്നു. അവിടെ നടത്തേണ്ട ഇത്തരം ഗവേഷണങ്ങൾ ഇപ്പോൾ സർവകലാശാലയുടെ മാർക്സിയൻ പഠന കേന്ദ്രത്തിന്റെ ചെലവിൽ പൊതുജനത്തിന്റെ നികുതിപ്പണം കൂടി ഉപയോഗിച്ച് നടത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് കുടപിടിക്കുന്നതാകട്ടെ സാമ്പത്തിക പിരിമുറുക്കത്തിൽ നട്ടം തിരിയുന്ന സർക്കാരും എന്നുള്ളത് മറ്റൊരു വിരോധാഭാസം. ഇത് കേന്ദ്രം നടത്തുന്ന ചില ഇടപെടലുകൾക്ക് സമാനമാണ്. മുണ്ടുടുത്ത മോദിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷം പരിഹസിക്കുന്നത്.

സഖാക്കളെയും സാംസ്കാരിക പ്രവർത്തകരേയും പുകഴ്‌ത്തുന്ന വിജ്ഞാനകോശം തയ്യാറാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സർവ്വകലാശാല തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ പ്രവർത്തനത്തിനും എഡിറ്റോറിയൽ ജീവനക്കാരെ നിയമിക്കുന്നതിനും 10 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുണ്ട്. പ്രാരംഭ ചെലവുകൾക്ക് 30 ലക്ഷം രൂപ സർവകലാശാലാ ബജറ്റിൽ അനുവദിച്ചിരുന്നു.ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എഡിറ്ററും അസി.എഡിറ്റർമാരും അടങ്ങുന്ന വിഭാഗത്തെ ആദ്യഘട്ടത്തിൽ നിയമിക്കാനാണഅ തീരുമാനം.

4 വാല്യങ്ങളായാണ് വിജ്ഞാന കോശം തയാറാക്കുക. ഇടതുപക്ഷ രാഷ്ട്രീയക്കാർ, കലാ സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ, തൊഴിലാളി യൂണിയൻ പ്രവർത്തകർ, വിദ്യാഭ്യാസഭരണ മേഖലയിലെ പ്രമുഖർ തുടങ്ങിയവരെ കുറിച്ചുള്ള വിവരങ്ങളും, കല, സാഹിത്യം തുടങ്ങിയ മേഖലകളിലെ ഇടതു സംഭാവനകളും ഉൾപ്പെടുന്ന വാല്യങ്ങളാണ് തയാറാക്കുക. അതേസമയം ഏറെ പ്രാധാന്യത്തോടെ ഡോ.ശൂരനാട് കുഞ്ഞൻപിള്ളയുടെ നേതൃത്വത്തിൽ 1964ൽ ആരംഭിച്ച മലയാള മഹാ നിഘണ്ടുവിന്റെ പ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കാതെ നിലച്ച മട്ടാണ്. ഇതിന്റെ 8 വാല്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

തുടർ വാല്യങ്ങളുടെ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആർ.മോഹനന്റെ ഭാര്യ ഡോ.പൂർണിമയെ മേധാവിയായി നിയമിച്ചത് വിവാദമായതോടെ അവർ സ്ഥാനമൊഴിഞ്ഞു. പകരം നിയമനം നടത്താതെയും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ എഡിറ്റോറിയൽ ജീവനക്കാരെ നിയമിക്കാതെയും പ്രവർത്തനം സ്തംഭിച്ചു. ഈ സാഹചര്യത്തിലാണ് കോടികൾ മുടക്കി ഇടത് നേതാക്കളെ പുകഴ്‌ത്താൻ വിജ്ഞാന കോശം ഇറക്കുന്നത്.

എന്നാൽ വിജ്ഞാന കോശം ഇറക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും മലയാള മഹാ നിഘണ്ടുവിന്റെ ശേഷിക്കുന്ന വാല്യങ്ങൾ പൂർത്തിയാക്കാൻ കേരള വിസിക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി രംഗത്തെത്തി.ഇത് സൂചിപ്പിച്ചുകൊണ്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും കമ്മിറ്റി പരാതി സമർപ്പിച്ചിട്ടുണ്ട്. ഈ പരാതിയിൽ ഗവർണ്ണർ നടത്തുന്ന ഇടപെടലുകൾ നിർണ്ണായകമാണ്. സർവ്വകലാശാലയിലെ ചാൻസലർ എന്ന നിലയിൽ ഗവർണ്ണർക്ക് ഈ വിഷയത്തിൽ ഇടപെടൽ നടത്താൻ കഴിയും.