- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുവാ ഭീതിക്കിടെ ഇരിട്ടിയിലെ മലയോര ജനതയെ ആശങ്കയിലാഴ്ത്തി കാട്ടാന ശല്യം; അയ്യൻകുന്നിൽ ഓട്ടോറിക്ഷ തച്ചുതകർത്തു; കൃഷിനശിപ്പിച്ചു; വനാതിർത്തിയിലെ സോളാർ ഫെൻസിങ് പൂർത്തിയാക്കാത്തത് തിരിച്ചടി; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ
ഇരിട്ടി: ഇരിട്ടിയിൽ കടുവാഭീതിക്കിടെ മലയോര ജനതയെ ആശങ്കയിലാഴ്ത്തി വീണ്ടും കാട്ടാനയുമിറങ്ങി. ഇരിട്ടി നഗരസഭയ്ക്കടുത്തെ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ പാലത്തുംകടവിൽ കലിപൂണ്ട കാട്ടാന ഓട്ടോറിക്ഷ തച്ചുതകർത്തു. കൊച്ചുവേലിക്കകത്ത് ബാബുവിന്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്.കലിപൂണ്ട കാട്ടാന വ്യാപകമായി കൃഷിനാശവും വരുത്തി.
തിങ്കളാഴ്ച രാത്രിയോടെയാണ് കാട്ടാന ബാബുവിന്റെ ഓട്ടോറിക്ഷ തകർത്തത്. പാലത്തുംകടവ് കരിമല റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കാട്ടാന കുത്തിമറിച്ചിട്ട് തകർക്കുകയായിരുന്നു. ഈ മേഖലയിൽ വ്യാപകമായി വാഴ, തെങ്ങ്, കുരുമുളക് ഉൾപ്പെടെയുള്ള കാർഷിക വിളകളും നശിപ്പിച്ചു. വീടുകളിലേക്ക് കുടിവെള്ളം എത്തിക്കാനായി സ്ഥാപിച്ചിരുന്ന പൈപ്പുകൾക്കും കാട്ടാന നാശം വരുത്തി.
ജയ്സൺ പുരയിടം, സജി കല്ലുമ്മേപുറത്ത്, ജോളി വാവച്ചൻ, കൊരക്കാല ബിജു എന്നിവരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. ബാബുവിന്റെ കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു തകർക്കപ്പെട്ട ഓട്ടോറിക്ഷ .
വനാതിർത്തിയിലെ സോളാർ ഫെൻസിങ് പൂർത്തിയാക്കാത്തതും, പൂർത്തിയായവ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമാണ് കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. ജനപ്രതിനിധികളും ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു.
ഇതിനിടെ ഉളിക്കൽ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും ആറളം ഫാമിലേക്ക് കയറിയ കടുവയെ കണ്ടെത്താൻ കഴിയാത്തത് വനംവകുപ്പിന് തീരാ തലവേദനയായിട്ടുണ്ട്. കഴിഞ്ഞ മൂന്നുദിവസമായി ആറളം ഫാമിൽ തമ്പടിച്ച കടുവകാരണം ഫാംപുനരധിവാസ കോളനിക്കാരും തൊഴിലാളികളും ഭീതയിലാണ്. കർണാടക വനത്തിൽ നിന്നും ഇറങ്ങുന്ന കാട്ടാനഭീഷണി നേരിടുന്ന ഫാമിൽ കടുവാഭീഷണികൂടിയായതോടെ മൂന്നിലൊരു വിഭാഗം ഫാം തൊഴിലാളികൾ മാത്രമേ ജോലിക്കായി വരുന്നുള്ളൂ.
ഇതിനിടെ ഇരിട്ടി അയ്യൻകുന്നിൽ കാട്ടാനയിറങ്ങി ഓട്ടോറിക്ഷ നശിപ്പിച്ചതോടെ ചെകുത്താനും കടലിനുമിടെയിൽ എന്ന അവസ്ഥയിലാണ് മലയോര ജനത. കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ആറളം ഫാമിലെ അഞ്ചാംബ്ളോക്കിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഇങ്ങോട്ടു തൊഴിലാളികളോ മറ്റുള്ളവരോ കയറരുതെന്ന് വനംവകുപ്പിന്റെ നിർദ്ദേശമുണ്ട്. നാൽപതു തൊഴിലാളികളാണ് ഈ ബ്ളോക്കിൽ ജോലി ചെയ്യുന്നത്. ഇവരിൽ വിരലിൽ എണ്ണാവുന്നവർ മാത്രമേ ജോലിക്കു വരുന്നുള്ളൂ.
റബർ ഒഴികെയുള്ള ദൈനദിന പരിചരണവും വിളവെടുപ്പും നടക്കുന്ന ബ്ളോക്കാണിത്. എന്നാൽ ആൾനാശമൊഴിവാക്കാനാണ് അഞ്ചാം ബ്ളോക്കിൽ ജാഗ്രതപാലിക്കാൻ ആവശ്യപ്പെട്ടതെന്നു കണ്ണൂർ ഡി. എഫ്. ഒ പി. കാർത്തിക്ക് പറഞ്ഞു.
നിത്യേനെയുള്ള ജോലികൾ മുടങ്ങാതിരിക്കാൻ ഫാമിലെ തൊഴിലാളികൾക്ക് വനം, ദ്രുതകർമ്മ സേന സംരക്ഷണം നൽകുമെന്നും ഡി. എഫ്. ഒ അറിയിച്ചു. ഇതു സംബന്ധിച്ചു ഫാം എം.ഡി ഡി. ആർ രേഖശ്രീയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമാണ് വനംവകുപ്പ് അധികൃതർ തീരുമാനമെടുത്തത്.
മൂന്നു ദിവസം മുൻപ് ജനവാസ മേഖലവഴി കൊക്കോട് പുഴകടന്ന് ഫാമിന്റെ രണ്ടാംബ്ളോക്കിലാണ് കടുവയെത്തിയത്. എന്നാൽ ചുരുങ്ങിയ മണിക്കൂറുകൾക്കൊണ്ടു കടുവ സ്വമേധയാ കർണാട വന്യജീവി സങ്കേതത്തിലേക്ക് കടക്കുമെന്നായിരുന്നു വനം വകുപ്പിന്റെ പ്രതീക്ഷ. എന്നാൽ ഇതിനു തിരിച്ചടിയേകി കൊണ്ടു കടുവ ഒന്നാം ബ്ളോക്കിലെത്തുകയായിരുന്നു. ഒന്നാംബ്ളോക്കിൽ കടുവയുണ്ടെന്നു വ്യക്തമായത് അനൂപ് ഗോപാലനെന്ന ഫാമിലെ ചെത്തുതൊഴിലാളി തെങ്ങിന്മുകളിൽ നിന്നെടുത്ത വീഡിയോ ദൃശ്യത്തിലൂടെയാണ്.
പിന്നീട് അഞ്ചാം ബ്ളോക്കിൽ കടുവയെത്തിയെന്നു പറയുന്നുണ്ടെങ്കിലും ആരും ഇതുവരെ കണ്ടിട്ടില്ല. ഇതോടെയാണ് ആറളം ഫാമിലെ പ്രധാനവഴികളും കേന്ദ്രങ്ങളും വനംവകുപ്പ് ബ്ളേക്ക് ചെയ്തത്. കുറ്റിക്കാടുകളും ഇടതൂർന്ന വനങ്ങളുമുള്ള ആറളം ഫാം പദ്ധതി പ്രദേശത്ത് കടുവയെ കൂടാതെ കാട്ടാനയുമുണ്ട്. ഇതുകാരണം നേരിട്ടുള്ള തെരച്ചിൽ നടക്കില്ലെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
വലിയ പണച്ചിലവുള്ളാതണെങ്കിൽ കടുവയെ തെരയുന്നതിനാൽ അത്യാധൂനിക ക്യാമറ ഘടിപ്പിച്ച ഡ്രോൺ ഉപയോഗിക്കാൻ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡ്രോൺ ക്യാമറയാണ് ആറളം മേഖലയിൽ തമ്പടിച്ച കടുവയെ കണ്ടെത്തുന്നതിനായി കൊണ്ടുവരുന്നത്.
മൃഗങ്ങളെ കണ്ടെത്തുന്നതിനായി ആധുനിക ക്യാമറാ സംവിധാനമുള്ള ഡ്രോണുകൾ ഉപയോഗിക്കുന്നത് കേരളത്തിൽ ആദ്യമായാണ്. അഞ്ചുകിലോ മീറ്റർ പരിധിയിൽ പ്രവർത്തിക്കുന്ന ഡ്രോൺ രാത്രിയിലും സെർച്ച് ലൈറ്റ് ഉപയോഗിച്ചു തെരച്ചിൽ നടത്തും. തെർമൽ ക്യാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്കൈ കോപ്റ്റർ എ സിക്സ്, കോഡാ കോപ്്റ്റ എന്നീ രണ്ടു ഡ്രോണുകളും 40 എക്സസസ് ക്യാമറയും തെർമൽ ക്യാമറയുമാണ് ഡ്രോണിൽ ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ ചൂട് തിരിച്ചറിഞ്ഞു കണ്ടെത്തുന്ന സംവിധാനം തെർമൽ ക്യാമറയിലുണ്ട്.
കല്യാൺ സോമൻ ഡയറക്ടറായിട്ടുള്ള ടീമിൽ മൂന്നംഗ സംഘമാണുള്ളത്. സർക്കാരിന്റെ സാമ്പത്തിക അനുമതി ലഭിച്ചാലുടൻ ഡ്രോൺ സംഘം ആറളത്തെത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.കാട്ടാനനശിപ്പിച്ച കൃഷിയിടങ്ങൾ ഇപ്പോൾ ആറളം ഫാമിൽ ഈറ്റയും കുറ്റിക്കാടുകളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഇവ വെട്ടിമാറ്റി കടുവയെ തെരയുന്നതിനു പകരം കൂടുതൽ എളുപ്പം ഡ്രോൺവഴി സ്പോട്ടുകണ്ടെത്തുകയാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി കടുവയുടെ സാന്നിധ്യമുള്ളതിനാൽ കണ്ണൂരിലെ മലയോര കർഷകർക്ക് ഉറക്കം നഷ്ടമായിരിക്കുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്