നെടുമ്പാശ്ശേരി: തൃശ്ശൂരിൽ നടക്കുന്ന കിസാൻ സഭ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പൗരനെ കൊച്ചി വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചത് വിസാ പ്രശ്‌നത്തിൽ. ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹ വഴി എത്തിയ ക്രിസ്റ്റ്യൻ ഗിസലിനെയും സുഹൃത്തിനേയുമാണ് തടഞ്ഞത്. സന്ദർശക വിസയിലാണ് ഇയാളെത്തിയത്. സന്ദർശക വിസയിൽ എത്തി ഇത്തരം സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന് വിദേശികൾക്ക് വിലക്കുണ്ട്. ഇമിഗ്രേഷൻ വിഭാഗം തടഞ്ഞ ഇയാളെ പിന്നീട് തിരിച്ചയച്ചു.

ഇന്റർനാഷനണൽ ട്രേഡ് യൂണിയൻ ഫോർ ഫാർമേഴ്‌സ് എന്ന സംഘടനയെ പ്രതിനിധീകരിച്ച് ഫ്രാൻസിൽ നിന്നെത്തിയ ക്രിസ്റ്റ്യൻ അലിയാമി, മരിയ ഡി റോച്ച എന്നിവരെയാണ് തിരിച്ചയച്ചത്. ടൂറിസ്റ്റ് വിസയിൽ വരുന്നവരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുവാൻ അനുവാദമില്ലെന്ന് ആരോപിച്ചാണ് വിമാനത്താവളത്തിൽനിന്നുതന്നെ ഇരുവരേയും മടക്കിയത്. ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണ് ഇവർ വിമാനമിറങ്ങിയത്. തൃശൂരിൽ ഇന്നലെയാണ് കിസാൻസഭ സമ്മേളനം ആരംഭിച്ചത്. സൗഹാർദ പ്രതിനിധികളടക്കം 803 പേരാണ് പ്രതിനിധിസമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇടതുസംഘടനകളുടെ അഖിലേന്ത്യാ സമ്മേളനങ്ങളിൽ സാധാരണയായി വിദേശ സൗഹൃദ പ്രതിനിധികൾ പങ്കെടുക്കാറുണ്ട്. നിലവിലെ വിലക്കിന് പിന്നിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആണെന്നും കിസാൻ സഭ നേതാക്കൾ കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുന്നതായി കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള ഉദ്ഘാടന വേദിയിൽ പറഞ്ഞു. തൃശൂർ പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്ററിലെ കെ. വരദരാജൻ നഗറിലാണ് അഖിലേന്ത്യ കിസാൻസഭ 35ാം ദേശീയ സമ്മേളനം. പ്രതിനിധി സമ്മേളനത്തിന് ഇന്ന് രാവിലെ അഖിലേന്ത്യ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ കെ. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.

ജോയിന്റ് സെക്രട്ടറി എൻ.കെ. ശുക്ല രക്തസാക്ഷി, അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കിസാൻസഭ ജോയിന്റ് സെക്രട്ടറിമാരായ ഇ.പി. ജയരാജൻ, വിജു കൃഷ്ണൻ, പി. കൃഷ്ണ പ്രസാദ്, കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ, സെക്രട്ടറി വത്സൻ പനോളി, സംഘാടക സമിതി ജനറൽ കൺവീനർ എ.സി. മൊയ്തീൻ, ട്രഷറർ എം.എം. വർഗീസ് എന്നിവർ പങ്കെടുത്തു.

അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ. വിജയരാഘവൻ, സെക്രട്ടറി ബി. വെങ്കിട്ട്, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, സിഐ.ടി.യു ജനറൽ സെക്രട്ടറി എ.ആർ. സിന്ധു, ദലിത്ശോഷൻ മുക്തിമഞ്ച് നേതാവ് സാമുവൽ രാജ്, ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് ജനറൽ സെക്രട്ടറി ഡൽഹി ബാബു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.

വെള്ളിയാഴ്ചയാണ് സമാപനം. സമാപന ദിവസം തൃശൂർ നഗരത്തിൽ റാലിക്ക് ശേഷം തേക്കിൻകാട് മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.