ലണ്ടൻ: മാസങ്ങൾ നീണ്ട ജോഡോ യാത്ര കഴിഞ്ഞതോടെ താടിയും മുടിയും വളർത്തിയ രാഹുൽ ഗാന്ധിയെ കണ്ടു അന്തം വിട്ടവർക്ക് ആശ്വാസമായിരുന്നു കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ യുകെയിലേക്കുള്ള വരവ്. താടിയൊക്കെ വെട്ടിമിനുക്കി പ്രായം കുറഞ്ഞ ലുക്കിൽ എത്തിയ രാഹുലിന് നിറഞ്ഞ മനസോടെയാണ് സോഷ്യൽ മീഡിയ വരവേൽപ്പ് നൽകിയത്. രാഹുലിന്റെ പ്രധാന ഉപദേശകനായും കരുതപ്പെടുന്ന സാം പിത്രോഡ അടക്കം അദ്ദേഹത്തിന്റെ കേംബ്രിഡ്ജ് പ്രസംഗം ട്വീറ്റ് ചെയ്തതോടെ സൈബർ ലോകത്തു സ്വീകാര്യത കൂടുകയും ചെയ്തു.

മുൻപൊരിക്കൽ ഇവിടെ എത്തിയപ്പോൾ അവതാരകയുടെ ചോദ്യത്തിന് മുന്നിൽ തപ്പിത്തടഞ്ഞ രാഹുൽ കേട്ട വിമർശനം അദ്ദേഹത്തിന്റെ മോശം പ്രതിച്ഛായ സൃഷ്ടിക്കാൻ ഇറങ്ങി പുറപ്പെട്ടവർക്കു വീണുകിട്ടിയ ആയുധവുമായി. എന്നാൽ ഇത്തവണ അത്തരം അബദ്ധങ്ങൾ ഉണ്ടായില്ലെന്നല്ല പകരം ആഗോള ലോക ക്രമത്തെ കുറിച്ച് തെറ്റില്ലാത്ത നല്ലൊരു പ്രസംഗം സദസിനു നൽകാനും അദ്ദേഹത്തിന് ആയി.

ചൈനയെ ഉന്നം വച്ച് എല്ലാം ഒരിടത്തു തന്നെ കേന്ദ്രീകരിക്കപ്പെടുന്നത് ലോക ജനാധിപത്യത്തിന് നല്ലതല്ല എന്ന സന്ദേശമായിരുന്നു രാഹുലിന്റെ പ്രസംഗത്തിന്റെ കാതൽ. അമേരിക്കയും പടിഞ്ഞാറൻ ലോകവും ചൈനയുടെ അധിനിവേശ ശ്രമങ്ങളും ലോകം നിയന്ത്രിക്കാനുള്ള വെമ്പലും ഒക്കെ സംശയത്തോടെ കാണുന്ന സാഹചര്യത്തിൽ തന്നെ രാഹുലും ഈ വിഷയം സംസാരിക്കാൻ തയ്യാറായത് മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്.

കേംബ്രിഡ്ജ് പ്രസംഗ വേദിയെ അദ്ദേഹം കയ്യിലെടുത്തുവെന്നാണ് മാധ്യമ റിപ്പോർട്ടുകളുടെ ചുരുക്കം. ഉൽപ്പാദന രംഗം അപ്പാടെ സ്വന്തമാക്കിയ ചൈന അസന്തുലിതാ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേൾക്കപ്പെടുന്നതിന്റെ കല 21 നൂറ്റാണ്ടിൽ എന്ന വിഷയത്തിൽ ശ്രദ്ധ നൽകിയാണ് രാഹുൽ പ്രഭാഷണം നടത്തിയത്.

വികേന്ദ്രീകൃത ഉത്പാദനം നടക്കാത്ത ലോകം അത്ര നിസാരമായി കാണാനാകില്ല. ആരും അത് അംഗീകരിക്കുകയുമില്ല. ജനാധിപത്യപരമായി നടക്കേണ്ട ഉത്പാദനം സമ്മർദ്ദം മൂലം നടത്തിയാൽ അതിനെക്കുറിച്ചു ചർച്ചകൾ നടത്താതെ വയ്യ. അതിനെ ശരിയായി കൈകാര്യം ചെയ്യുകയും വേണം. വ്യത്യസ്ത ശബ്ദങ്ങൾ എങ്ങനെ സമചിത്തതയോടെ കേട്ടിരിക്കാം എന്ന ആശയത്തിലാണ് കേംബ്രിഡ്ജ് എംബിഎ വിദ്യാർത്ഥികൾ പ്രഭാഷണം സംഘടിപ്പിച്ചത്.

അതിനൊപ്പം, ഉൽപ്പാദനം ജനാധിപത്യ രാജ്യങ്ങളിൽ നിന്നും അകലുന്നതിന്റെ ആശങ്കയും ഇവർ പങ്കിടാൻ ഉദ്ദേശിച്ചതിലൂടെയാണ് രാഹുൽ അതിൽ ശ്രദ്ധ നൽകി സംസാരിച്ചത് എന്നും വ്യക്തം. മറ്റൊരാളെ കേൾക്കാൻ നാം തയ്യാറായാൽ അതിനു പ്രത്യേക സുഖം ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അത് ഏറ്റവും ശക്തമായ സംവാദം കൂടിയായിരിക്കും.

രാഹുലിന്റെ പ്രസംഗം മൂന്നു തലങ്ങളിൽ ആയിട്ടാണ് ഡിസൈൻ ചെയ്തിരുന്നത്. ആദ്യ ഘട്ടം 4000 കിലോമീറ്റർ പിന്നിട്ട ജോഡോ യാത്രയുടെ അനുഭവ വിവരണം തന്നെ ആയിരുന്നു. ഇന്ത്യയിൽ വളരുന്ന അസമത്വവും തൊഴിലില്ലായ്മയും ചെറുപ്പക്കാരുടെ അസന്തുഷ്ടിയും ഒക്കെ രാഹുൽ ഭംഗിയായി വിവരിച്ചു. പ്രസംഗത്തിന്റെ രണ്ടാം ഭാഗം ചൈനയും അമേരിക്കയും തമ്മിൽ ഉള്ള ബന്ധത്തിൽ പിടിച്ചാണ് കയറിയത്. രണ്ടാം ലോക മഹായുദ്ധ ശേഷം ലോക രാഷ്ട്രീയ ഭൂപടം മാറിയതും 91ലെ റഷ്യൻ തകർച്ചയ്ക്ക് ശേഷം ചൈന കരുത്ത് കൂടുതൽ നേടിയതും ഒക്കെ രാഹുലിന്റെ പ്രസംഗത്തിൽ കടന്നു വന്നു. അമേരിക്ക കൂടുതൽ അടഞ്ഞ സ്വഭാവക്കാരായതു 2001ലെ കുപ്രസിദ്ധ ട്വിൻ ടവർ ആക്രമണ ശേഷമാണ് എന്നും രാഹുൽ നിരീക്ഷിച്ചു.

പ്രസംഗത്തിന്റെ മൂന്നാം ഘട്ടത്തിൽ ലോകത്തു നടക്കേണ്ട തുറന്ന ചർച്ചകൾ ആണ് ശ്രദ്ധ നൽകിയത്. മറ്റുള്ളവരെ കണ്ടും കേട്ടും അറിഞ്ഞും നടത്തിയ ജോഡോ യാത്രയിൽ കേംബ്രിഡ്ജിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുലിന്റെ അച്ഛനും മുത്തച്ഛനും ഒക്കെ കേംബ്രിഡ്ജ് പൂർവ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് കേംബ്രിഡ്ജ് പ്രൊ വൈസ് ചാൻസലർ കമൽ മുനീർ അദ്ദേഹത്തെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയത്.

ഒരാഴ്ച നീളുന്ന യുകെ സന്ദർശനത്തിൽ അദ്ദേഹം നിരവധി ചടങ്ങുകളിൽ പങ്കെടുക്കുന്നത്. ചിലതൊക്കെ ഗൗരവ സ്വഭാവമുള്ള ചർച്ചകളുമാണ്. ഇതിനിടെയിൽ യുകെയിലെ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിക്കുന്ന രാഷ്ട്രീയ സദസ്സിലും അദ്ദേഹം ഞായറാഴ്ച പ്രവർത്തകരെ കാണാനെത്തും. മുൻപ് പലപ്പോഴും രാഹുൽ യുകെയിൽ എത്തിയപ്പോഴും പ്രധാന വ്യക്തികളെ കണ്ടു മടങ്ങുന്ന പതിവ് മാറ്റി ഇത്തവണ സാധാരണക്കാരുമായി സംവദിക്കാൻ കൂടിയാണ് അദ്ദേഹം എത്തുന്നത്. ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ നിരവധി മലയാളികളും പങ്കെടുക്കുന്നുണ്ട്.