ലണ്ടൻ: എറണാകുളം നഗരം കണ്ടിട്ടുള്ളവർ മാർക്കറ്റ് കനാൽ കണ്ടിട്ടുണ്ടെങ്കിൽ മറ്റൊരിക്കൽ കൂടി അവിടെ എത്തുന്നതിനെ കുറിച്ച് പലവട്ടം ചിന്തിക്കും. കാരണം അത്ര വൃത്തിഹീനമായ ഒരു കനാൽ ലോകത്തെവിടെയും കാണില്ല. ഏതാനും പതിറ്റാണ്ടു മുൻപ് വരെ പോലും ജലഗതാഗതം സാധ്യമായിരുന്ന ഈ കനാൽ പിന്നീട് ഉപയോഗമില്ലാതെ വൃത്തിഹീനമായി മാറുക ആയിരുന്നു. ജലത്തിന് പകരം കറുത്തു കൊഴുത്ത ദ്രാവകമാണ് മാർക്കറ്റ് കനാലിൽ നിറഞ്ഞതു. ഒരിക്കൽ കൊച്ചിയിൽ എത്തിയ ജി ജെ ഏകോ പവർ സംരംഭകരും യുകെ മലയാളികളുമായ അഭിലാഷും ജിബിയും ഈ കനാൽ നവീകരണ പദ്ധതിയുമായി കോർപറേഷനെ ബന്ധപ്പെട്ടു. അന്ന് യുഡിഎഫ് ഭരണസമിതിയും സൗമിനി ജെയിൻ മേയറുമാണ്. തങ്ങൾ വീമ്പു പറയുന്നതല്ല എന്ന് തെളിയിക്കാൻ കനാലിന്റെ ഒരു ഭാഗം തിരഞ്ഞെടുത്തു വളച്ചു കെട്ടി എൻസൈം ടെക്‌നോളജി ഉപയോഗിച്ച് ജലം ശുദ്ധീകരിച്ചു ജനപ്രതിനിധികളെ കാണിച്ചു കൊടുക്കുകയും ചെയ്തു.

കനാൽ നവീകരണ പദ്ധതിയിൽ തുടക്കം മുതൽ ഒടുക്കം വരെ ജിബിയുടെ പിതാവും പങ്കാളിയായിരുന്നു. സമാന സ്വഭാവമുള്ള കമ്പനി സ്ഥാപിച്ചു വിജയകരമായി നടത്തിയ അനുഭവ സമ്പത്താണ് ജിജെയ്ക്ക് വേണ്ടി അന്ന് അദ്ദേഹം ഉപയോഗിച്ചത്. ഇതൊന്നും അറിയാത്തവരാണ് ബ്രഹ്‌മപുരം പ്രോജക്ടിന് വേണ്ടി എത്തിയത് പുതുതായി സൃഷ്ടിക്കപ്പെട്ട കമ്പനിയാണ് എന്ന ആരോപണമൊക്കെ ഉയർത്തി വിവാദ പുകമറ സൃഷിച്ചതും. ഇപ്പോൾ യഥാർത്ഥ പുക കൊച്ചിയെ മൂടുമ്പോൾ എങ്ങനെ ജിജെയുടെ പ്രോജക്റ്റ് നടക്കാതെ പോയി എന്നതിനെ കുറിച്ച് കേരളത്തിൽ ഒരു ചർച്ചയും ഇല്ലെന്നതും വിരോധാഭാസമാണ്.

കനാൽ നവീകരണ പദ്ധതിയൊക്കെ കോർപറേഷന് ഇഷ്ടമായെങ്കിലും അത് നടപ്പിലാക്കാൻ ഫണ്ടില്ലാതെ പോയതോടെ കനാൽ നവീകരണം എന്ന ആശയവും വെള്ളത്തിലായി. ഇപ്പോൾ ബ്രമ്ഹപുരം മാലിന്യ മല നിന്ന് കത്തുമ്പോൾ അവിടെ മാലിന്യ നിർമ്മാർജ്ജനവും മാലിന്യത്തിൽ നിന്നും വൈദ്യുതി ഉല്പാദനവും എന്ന ആശയവുമായി എത്തിയ ബ്രിട്ടനിലെ മലയാളികളുടെ ആദ്യ കൊച്ചി സംരംഭമായ കനാൽ നവീകരണ പദ്ധതിയും അന്ന് മാധ്യമങ്ങൾ വലിയ വാർത്തയാക്കിയതാണ്. ഇപ്പോൾ ബ്രഹ്‌മപുരം പ്രോജക്റ്റ് ഇല്ലാതായത് പോലെ തന്നെ കനാൽ നവീകരണ പദ്ധതിയും തങ്ങളുടേതല്ലാത്ത കാരണത്താൽ നഷ്ടമായ കഥയാണ് ജി ജെ ഏകോ പവർ ഇപ്പോൾ പറയുന്നത്. ചുരുക്കത്തിൽ ഒരു വട്ടമല്ല, രണ്ടു വട്ടമാണ് കൊച്ചിക്കാരുടെ കുഴിയിൽ വീണത്, ഒപ്പം അധ്വാനിച്ചുണ്ടാക്കിയ കോടികൾ നഷ്ടപ്പെടുത്തിയതും.

കോവിഡിൽ തിരികെ യുകെയിലേക്ക്, ബ്രിട്ടീഷുകാരെ പുകച്ചു ചാടിച്ചത് കിട്ടിയ അവസരത്തിൽ

സർക്കാർ അധികാരമേറ്റത് മുതൽ നാല് വർഷം തുടർയായി നടത്തിയ പ്രയത്നത്തിന് ഒടുവിൽ സ്ഥലം 20 വർഷത്തേക്ക് പാട്ടക്കരാർ ആയതു 2020 ജനുവരി 15 നു. മാലിന്യത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിരക്കിൽ അവസാന ധാരണയായത് ജനുവരി 30 ന്. ഈ രണ്ടു കാര്യങ്ങൾ മാത്രമാണ് കമ്പനിക്കും സർക്കാരിലും ഇടയിൽ കീറാമുട്ടി ആയി കിടന്നത്. അതിനിടയിൽ കമ്പനി പ്രവർത്തനം ആരംഭിക്കാനുള്ള വിവിധ വകുപ്പുകളുടേത് അടക്കം നിർണായകമായ 13 ലൈസനസുകളും ജി ജെ സ്വന്തമാക്കിയിരുന്നു. അവസാന കടമ്പകൾ കടന്നു ആഴ്ചകൾക്കകം കോവിഡ് മൂലം ലോകം ഒട്ടാകെ ലോക് ഡൗണിൽ പോകുന്ന സാഹചര്യമായി. അവസാന വിമാനത്തിലാണ് ജിബിയും അഭിലാഷും എട്ടു ബ്രിട്ടീഷുകാരായ എൻജിനിയർമാരും ടെക്നൊളജിസ്റ്റുകളും അടക്കമുള്ളവർ തിരികെ യുകെയിലേക്കു പറക്കുന്നത്.

ഇതോടെ ഇവരൊന്നും ഉടനെ തിരികെ വരില്ലെന്ന് ഭൈമീ കാമുകർക്കു മനസിലായി. ഈ ഗ്യാപ്പിൽ കയറിക്കളിച്ചവർ ഏപ്രിൽ 30 നു യാതൊരു വിധ കത്തിടപാടുകളും നടത്താതെ ഒരൊറ്റ ഇമെയിൽ മുഖേനെ ജിജെയുമായുള്ള കേരളത്തിന്റെ കരാർ റദ്ദാക്കുകയാണ് എന്നറിയിക്കുക ആയിരുന്നു. പിന്നീട് ഈ തീരുമാനം തിരുവനന്തപുരത്തു നിന്നും തന്നെ രൂപപ്പെട്ടതാണെന്നും കൊച്ചിയുടെ പ്രയാസങ്ങൾ മാറ്റാനുള്ള പ്രോജക്ട് ആണെന്നറിയാവുന്നതിൽ എതിർപ്പ് അറിയിച്ച കോർപറേഷനെ നിർബന്ധിപ്പിച്ചു സർക്കാർ തീരുമാനത്തിനൊപ്പം നില്ക്കാൻ സമ്മർദം സൃഷ്ടിക്കുക ആയിരുന്നു എന്നുമൊക്കെ കേരളത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ അന്ന് ആരും അതിന്റെ പിന്നാമ്പുറ കളികൾ തേടിപോയില്ല. സാധാരണ വൻകിട നിക്ഷേപ കമ്പനികൾ നടത്തുന്ന പബ്ലിക് റിലേഷൻ വിരുന്നുകൾ ഒന്നും നടത്താൻ ജി ജെ തയാറാകാതിരുന്നതും പദ്ധതി നടത്താൻ ഇതൊക്കെ കൂടിയും വേണം എന്ന് അറിയാതിരുന്നതും അഴിമതിയുടെ കുത്തേറ്റു വീണ ജിജെയുടെ രക്തത്തിനു ഉത്തരം തേടി ആരും രംഗത്ത് വരാതിരിക്കാൻ കാരണമായി. പ്രധാന മാധ്യമങ്ങൾ ചില റിപോർട്ടുകൾ പ്രസിദ്ധീകരിക്കുകയൂം എറണാകുളം റെസിഡന്റ്റ് അസോസിയേഷൻ 1500 ഇമെയിലുകൾ മുഖ്യമന്ത്രിക്ക് അയക്കുകയും ചെയ്തെങ്കിലും അതൊക്കെ പതിവ് ചടങ്ങുകൾ മാത്രമായി സർക്കാർ വിലയിരുത്തി. ഇപ്പോൾ ഒരു ദുരന്തം സംഭവിച്ചപ്പോൾ മാത്രമാണ് അന്ന് ജിജെയോട് ചെയ്തത് ചതിയാണെന്നു ചിലരെങ്കിലും മനസിലാക്കുന്നതും.

ഉമ്മൻ ചാണ്ടിയിൽ നിന്നും പിണറായിയിലേക്ക്, ഗോഡ്ഫാദർ ഇല്ലാതെ നിക്ഷേപത്തിന് ഇറങ്ങരുത്

ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്താണ് ജി ജെ ഏകോ പവർ മാലിന്യത്തിൽ നിന്നും വൈദ്യുതി എന്ന ആശയവുമായി എത്തുന്നത്. ഇരുപതു വർഷം മുൻപ് സ്‌കോട്ടിഷ് സർവകലാശാലയിൽ ചെവനിങ് സ്‌കോളർഷിപ് നേടിയെത്തിയ ജിബി ജോർജും ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പഠനത്തിന് എത്തിയ അഭിലാഷ് ആബേലും എറണാകുളം സെന്റ് ആല്ബര്ട് കോളേജിലെ പഠന കാലത്തിനു ശേഷം യുകെയിൽ വീണ്ടും സുഹൃത്തുക്കളായി കണ്ടുമുട്ടിയതാണ് ഈ നൂതന പ്രോജെക്ടിലേക്കു വഴി തുറന്നത്. ഇതിനിടയിൽ യുകെയിൽ ഇരുവരും ഫാർമസ്യൂട്ടിക്കൽ രംഗത്ത് സംരംഭകരുടെ വേഷവും വിജയകരമായി സ്വന്തമാക്കിയിരുന്നു. യുകെയിലെ സംരംഭങ്ങളിൽ നിന്നുള്ള വരുമാനമാണ് തുടക്കത്തിൽ കേരളത്തിലെ പ്രോജക്ടിന് വേണ്ടി ഇവർ ചിലവഴിച്ചതും. പദ്ധതി നിർമ്മാണം ആരംഭിക്കുന്ന ഘട്ടത്തിൽ മാത്രമാണ് ബ്രിട്ടീഷ് സംരംഭകർ ഫണ്ട് അടക്കമുള്ള സഹായവുമായി രംഗത്ത് വരാമെന്ന കരാർ ജിജെയുമായി ഒപ്പിട്ടിരുന്നത്.

ഇന്ത്യയിലെ പൊതു രാഷ്ട്രീയ സാഹചര്യം അറിയാവുന്ന വിദേശ കമ്പനികൾ റിസ്‌ക് എടുക്കാൻ തയ്യാറാവില്ല എന്നതാണ് ഇപ്പോൾ ബ്രഹ്‌മപുരത്തു നിന്നും ജിബിയും അഭിലാഷും പഠിച്ച പ്രധാന പാഠം. കൊച്ചിയെ മാലിന്യമുക്തം ആക്കണമെന്ന ആഗ്രഹത്തിൽ എത്തിയ പ്രൊജക്ടിൽ നഷ്ടമായ 30 കോടി രൂപയിൽ കേരള സർക്കാരിനോ ബ്രിട്ടീഷ് നിക്ഷേപ കമ്പനിക്കോ പത്തു പൈസയുടെ നഷ്ടമില്ല. എന്നാൽ തങ്ങൾക്കുണ്ടായ നഷ്ടത്തിൽ കേരള സർക്കാരിന് എതിരെ നിയമ നടപടി സ്വീകർക്കാനുള്ള മുഴുവൻ രേഖകളും അവകാശവും ഉണ്ടായിട്ടും ഉല്പാദന രംഗത്ത് ശ്രദ്ധ നൽകി യൂറോപ്യൻ രാജ്യങ്ങളിലെ കമ്പനികളുമായി കരാറുള്ള ഇരു സുഹൃത്തുകൾക്കും കേരളത്തിൽ പോയി കേസ് നടത്തിയാൽ നിലവിൽ സുരക്ഷിതമായ ബിസിനസ് തകരുന്നതിനു ഒരു കാരണമായി മാത്രമേ മാറൂ എന്നതിനാൽ സംഭവിച്ച നഷ്ടം സ്വയം ഏറ്റെടുക്കാൻ തീരുമാനിക്കുക ആയിരുന്നു. എന്നാൽ കേരളത്തിൽ നിക്ഷേപത്തിന് തയാറാക്കുമ്പോൾ ചില രാഷ്ട്രീയ ഗോഡ് ഫാദർമാർ ഉണ്ടാകണം എന്നും ജിബിയും അഭിലാഷും ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.

ആദ്യ ഉടക്ക് പിണറായിയുടെ ശാസ്ത്ര ഉപദേശകന്റെ

ഉമ്മൻ ചാണ്ടിയിൽ നിന്നും അധികാരം എടുത്ത പിണറായി സർക്കാർ മുൻ സർക്കാരിന്റെ അംഗീകാരമുള്ള മുഴുവൻ പദ്ധതികളും കോൾഡ് സ്റ്റോറേജിൽ കയറ്റിയപ്പോൾ ജി ജെ ഏകോ പവറും ആ ലിസ്റ്റിൽ ഉൾപ്പെടുക ആയിരുന്നു. തുടർന്ന് നാലു വർഷമാണ് ഈ പദ്ധതിക്ക് വേണ്ടി ഇവർ സമയം കളഞ്ഞു നടന്നത്. ഒടുവിൽ ഒമ്പതോളം ഉപദേശക വലയത്തിൽ നിന്ന പിണറായി ജി ജെ ഏകോ പവർ ശാസ്ത്ര ഉപദേശകനായ ചന്ദ്ര കാന്തിനു കൈമാറി. അദ്ദേഹം ഐ എസ ആർ ഓ പദവിയിൽ നിന്നും വിരമിച്ച ആളായതിനാൽ എന്തിനെയും സൂക്ഷ ദൃഷ്ടിയിൽ കണ്ടു തുടങ്ങിയതോടെ ആ വഴിയിലും ഒന്നര വർഷം നഷ്ടമായി. ഒടുവിൽ ശാസ്ത്ര ഉപദേശകൻ പദ്ധതിക്ക് പച്ചക്കൊടി കാണിച്ചു. ഇതോടെ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും തദ്ദേശ സ്വയം ഭരണ മന്ത്രിയുമൊക്കെ ഒന്നിച്ചു തീരുമാനമായി, ബ്രഹ്‌മപുരം പദ്ധതി അഭിമാന പ്രോജക്ട് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

തുടർന്ന് മുഖ്യമന്ത്രിയുടെ വക തറക്കില്ലിടൽ. ഇതിനു ശേഷം അംഗീകാരം നഷ്ടമാകണമെങ്കിൽ ആരാണ് സർക്കാരിനും മുകളിൽ കളിച്ചതു? അത് പാർട്ടിയാണോ? ഇപ്പോൾ പേരുദോഷം കേൾക്കുന്ന നേതാവും സംശയ നിഴലിൽ ഉള്ള കമ്പനിയുമാണോ? അംഗീകാരം പോയതോടെ ഇനിയിതിന്റെ പിന്നാലെ നടന്നാൽ വീണ്ടും പണ നഷ്ടമാണ് സംഭവിക്കുക എന്ന് തിരിച്ചറിഞ്ഞ ജി ജെ ഏകോ പവർ ആരാണ് തങ്ങളെ വെട്ടിമാറ്റിയതെന്നു അംനൗഷിക്കാൻ തയാറായില്ല. എന്നൊങ്കിലുമൊരിക്കൽ ഇതൊക്കെ ജനം അറിയുമെന്ന് മാത്രം വിശ്വസിച്ചു. അത് പക്ഷെ ഇത്തരത്തിൽ ഒരു ദുരന്തം നടന്നിട്ടാകും എന്നവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നുമില്ല.