ലണ്ടൻ: ബ്രിട്ടനിൽ ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സീരിയർ കില്ലർ നഴ്സ് ലൂസി ലെറ്റ്ബിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷ. മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ലൂസി ലെറ്റ്ബിക്ക് ആജീവനാന്തം തടവ് വിധിച്ചത്. ജസ്റ്റിസ് ജെയിംസ് ഗോസ്സാണ് ശിക്ഷ പ്രഖ്യാപിച്ചത്. യുകെയിൽ ജീവിതാവസാനം വരെ തടവിനു വിധിക്കപ്പെട്ട നാലാമത്തെ വനിതയാണ് ലൂസി.

ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഇവർ കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ശിക്ഷാ കാലാവധിക്കിടെ ലൂസി ലെറ്റ്ബിക്ക് ഒരിക്കലും പരോൾ നൽകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ക്രൂരവും കണക്ക് കൂട്ടിയുമുള്ള ഒരു കൊലപാതക പരമ്പരയാണ് നടന്നതെന്ന് ജസ്റ്റിസ് ജെയിംസ് ഗോസ് വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. വിചാരണയ്ക്കിടെ പ്രതിക്ക് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി.

അഞ്ച് ആൺകുഞ്ഞുങ്ങളെയും രണ്ടു പെൺകുഞ്ഞുങ്ങളെയുമാണ് ലൂസി ലെറ്റ്ബി കൊലപ്പെടുത്തിയത്. വടക്കൻ ഇംഗ്ളണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ നവജാതശിശുക്കളുടെ പരിചരണച്ചുമതലയായിരുന്നു ലൂസിക്ക്. 2015-നും 2016-നും ഇടയിൽ ഇവിടെ ഇവരുടെ ക്രൂരതകൾക്കിരയായത് 13 കുഞ്ഞുങ്ങളാണ്.

''ഞാനൊരു പിശാചാണ്, കുട്ടികളെ നോക്കാൻ എനിക്കാവില്ല'' -ലൂസി എഴുതിവെച്ച ഞെട്ടിക്കുന്ന കുറിപ്പ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. രാത്രിജോലിക്കിടെ വിഷം കലർത്തിയ ഇൻസുലിൻ കുത്തിവെച്ചും അമിതമായി പാലുകുടിപ്പിച്ചുമൊക്കെയാണ് കുഞ്ഞുങ്ങളെ വകവരുത്തിയത്. യാതൊരുവിധത്തിലുള്ള തെളിവുകളും അവശേഷിപ്പിക്കാതെ അതിസമർഥമായാണ് ലൂസി കൊലപാതകങ്ങൾ നടത്തിയതെന്ന് കോടതി വിലയിരുത്തി.

കൂടുതൽ കുട്ടികളെ കൊന്നതായി സംശയം

2015-16 കാലയളവിലാണ് 33കാരിയായ നഴ്‌സ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയത്. കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാലയളവിലായിരുന്നു കൊലപാതകം. ഏഴ് കുട്ടികളെയാണ് ലൂസി ദാരുണമായി കൊലപ്പെടുത്തിയത്. അഞ്ച് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളുമാണ് കൊല്ലപ്പെട്ടത്. ഇൻസുലിൻ കുത്തിവെച്ചും അമിതമായി പാലു കുടിപ്പിച്ചും ഞരമ്പിൽ വായു കുത്തിവെച്ചുമൊക്കെയാണ് ഇവർ കുട്ടികളെ കൊലപ്പെടുത്തിയത്. 6 കുട്ടികളെ കൊലപ്പെടുത്താൻ ശ്രമവും നടത്തിയിരുന്നു.

ചെസ്റ്റർ ആശുപത്രിയിലെ നിയോനെറ്റോളജി വിഭാഗത്തിലായിരുന്നു പ്രതി ജോലി ചെയ്തിരുന്നത്. ആശുപത്രിയിൽ നവജാത ശിശുക്കളുടെ സംരക്ഷണ ചുമതലയായിരുന്നു നഴ്‌സ് ലൂസിക്ക്. മാസം തികയുന്നതിന് മുമ്പ് പ്രസവിച്ച കുഞ്ഞുങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങൾ കാരണം നിയോനെറ്റോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളുമാണ് ഇവരുടെ ക്രൂരതയ്ക്കിരയായത്. നഴ്‌സ് തന്നെ എഴുതിയ കുറിപ്പാണ് കേസിൽ നിർണായകമായത്.

കുട്ടികളെ പരിചരിക്കുന്നതിൽ വിദഗ്ധയായിരുന്നു ലൂസി. ഈ വൈദഗ്ധ്യം മുതലെടുത്താണ് ഡോക്ടർമാരുടെയും മാതാപിതാക്കളുടെയും വിശ്വാസം നേടിയെടുത്തതും കൊലപാതകങ്ങൾ തുടരെ നടത്തിയതും.

ഇവർ കൂടുതൽ കുട്ടികളെ കൊലപ്പെടുത്തിയതായി സംശയമുണ്ട്. ഇവർ മുമ്പ് ജോലി ചെയ്തിരുന്ന ആശുപത്രികളിലാണ് അന്വേഷണം നടത്തുന്നത്. ചെസ്റ്റർ ആശുപത്രിയിൽ ജോലിക്കു വരുന്നതിന് മുമ്പ് ഇവർ ജോലി ചെയ്തിരുന്ന ആശുപത്രികളിലാണ് അന്വേഷണം നടക്കുന്നത്. സംശയാസ്പദമായ ചില സംഭവങ്ങൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ശിക്ഷ വിധിക്കുന്നത് കേൾക്കാൻ ലൂസി കോടതിയിൽ ഹാജരായിരുന്നില്ല

2012 - 2015 കാലയളവിൽ സീരിയൽ കൊലയാളിയായ ലൂസി ലിവർപൂൾ വനിതാ ആശുപത്രിയിലും ജോലി ചെയ്തിരുന്നു. ഈ കാലയളവിൽ ലിവർപൂളിൽ 4000 കുട്ടികൾ ജനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. യുവതി ജോലി ചെയ്തിരുന്ന കാലയളവിൽ ഇരുആശുപത്രികളിലും മരിച്ച കുട്ടികളുടെ എണ്ണവും മരണകാരണവും സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

നിലവിൽ രണ്ട് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും അടക്കം ഏഴ് കുട്ടികളെ ലൂസി കൊലപ്പെടുത്തിയിരുന്നു. കൂടുതൽ പാൽ നൽകിയോ ഇൻസുലിൻ കുത്തിവച്ചോ ആണ് ലൂസി നവജാത ശിശുക്കളെ കൊന്നത്. 22 ദിവസത്തെ വിചാരണയ്‌ക്കൊടുവിലാണ് മാഞ്ചസ്റ്റർ കോടതി യുവതി കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്.

പിടികൂടാൻ സഹായിച്ചത് ഇന്ത്യൻ ഡോക്ടർ

നവജാതശിശുക്കളുടെ കൂട്ടക്കുരുതി കണ്ടെത്തുന്നതിൽ നിർണായകമായത് ഇന്ത്യൻ ഡോക്ടർ രവി ജയറാമിന്റെ ഇടപെടൽ. കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനാണ് അദ്ദേഹം. സഹപ്രവർത്തകയായിരുന്ന ലൂസി ലെറ്റ്ബിയെക്കുറിച്ച് അദ്ദേഹത്തിന് തോന്നിയ ചില ആശങ്കകളും സംശയങ്ങളുമാണ് കേസന്വേഷണത്തിൽ നിർണായകമായത്. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തു.

പൊലീസ് അടിയന്തരമായി ഇടപെട്ടിരുന്നെങ്കിൽ ഇന്ന് ചിലകുട്ടികളെങ്കിലും ജീവനോടെയുണ്ടായേനെയെന്ന് ഡോക്ടർ പ്രതികരിച്ചു. ''ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ജീവനോടെയുണ്ടായിരുന്നെങ്കിൽ അതിൽ നാലോ അഞ്ചോ കുരുന്നുകൾ ഇന്ന് സ്‌കൂളിൽ പോകുന്നവരാകുമായിരുന്നു'' -അദ്ദേഹം പറഞ്ഞു.

2015 ജൂണിൽ രോഗങ്ങളൊന്നുമില്ലാത്ത മൂന്നുകുട്ടികൾ പെട്ടെന്ന് മരിച്ചതോടെയാണ് ഡോക്ടറിൽ സംശയമുടലെടുക്കുന്നത്. തന്റെ ആശങ്കകളുന്നയിച്ചെങ്കിലും ആശുപത്രിമാനേജ്‌മെന്റ് തള്ളി. പിന്നീട് കൂടുതൽ കുട്ടികൾ മരിച്ചതോടെ മുതിർന്ന ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചുചേർത്തു, അതിൽ തന്റെ സംശയങ്ങൾ പങ്കുവെക്കുകയുംചെയ്തു. പെട്ടെന്ന് ആരോഗ്യം മോശമാവുന്ന കുട്ടികൾ ലൂസി പരിചരിക്കുന്നവരാണെന്നും ശ്രദ്ധയിൽപ്പെടുത്തി.

പിന്നീട് 2017 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ സമീപിക്കാൻ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്.) ഡോക്ടർമാരെ അനുവദിച്ചത്. തുടർന്ന്, സംശയങ്ങളിൽ കഴമ്പുണ്ടെന്ന് തോന്നിയ പൊലീസ് അന്വേഷണമാരംഭിക്കുകയും അറസ്റ്റിലേക്കെത്തുകയും ചെയ്തു.