- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭീകരർ വീടിനുള്ളിൽ കയറിയിരിക്കുന്നു': യോണി ആഷർക്ക് ഭാര്യയിൽ നിന്ന് കിട്ടിയ ഒടുവിലത്തെ കോൾ; പിന്നെ കണ്ടത് ഗസ്സയിൽ തന്റെ കുടുംബം ഒരു വാഹനത്തിൽ ഇരിക്കുന്ന വീഡിയോ; അവരെ വെറുതെ വിടൂ, പകരം ഞാൻ വരാമെന്ന് ഹമാസിനോട് അപേക്ഷിച്ച് യോണി
യെരുശലേം: കണ്ണില്ലാത്ത ക്രൂരതയാണ് ഏതുഭീകരപ്രവർത്തനത്തിന്റെയും പ്രത്യേകത. മനുഷ്യർക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഭീകരതയുടെ ക്രൂരമുഖമാണ് ഇസ്രയേൽ-ഹമാസ് യുദ്ധമുഖത്ത് കാണുന്നത്. നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും കാണാതായി. ഇവരെ ഹമാസ് ബന്ദികളാക്കിയെന്നാണ് കരുതുന്നത്.
കാണാതായവരിൽ, ഒരു ഇസ്രയേലി അമ്മയും, രണ്ടുപെൺമക്കളുമുണ്ട്. ആഴ്ചാവസാനം അവർ ഗസ്സ അതിർത്തിയിലെ നിർ ഒസിലിൽ, മുത്തശ്ശിയെ കാണാൻ എത്തിയതായിരുന്നു. അപ്പോഴാണ് പൊടുന്നനെ ഹമാസിന്റെ റോക്കറ്റാക്രമണവും, നുഴഞ്ഞുകയറ്റവും, പിന്നാലെ വെടിവെപ്പും. ഹമാസ് സായുധ സംഘം ഇവരുടെ വീട് ആക്രമിച്ചു.
ഡോറൺ ആഷർ ആക്രമണ വിവരം മധ്യഇസ്രയേലിലുള്ള ഭർത്താവ് യോണി ആഷറിനെ വിളിച്ച് അറിയിച്ചിരുന്നു.' ഭീകരർ വീടിനുള്ളിൽ കടന്നു', അവൾ വിളിച്ചറിയിച്ചു. അതിന് ശേഷം ഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടു. പിന്നീട് വിവരമൊന്നുമില്ല. ഡോറണിന്റെ ഗൂഗിൾ അക്കൗണ്ട് വഴി ഫോൺ ട്രാക്ക് ചെയ്തപ്പോൾ, ലൊക്കേഷൻ ഗസ്സയിലെ ഖാൻ യൂനിസിൽ ആണെന്ന് കണ്ടുപിടിച്ചു.
പിന്നീട് ഭാര്യയുടെയും കുട്ടികളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. അവരെ ഗസ്സയിലേക്ക് കൊണ്ടുപോകും വഴിയെടുത്ത വീഡിയോ ആയിരുന്നു അത്. മറ്റ് ബന്ദികൾക്കൊപ്പം ഒരുവാഹനത്തിൽ ഇരിക്കാൻ ഹമാസ് സംഘം ആവശ്യപ്പെടുന്നത് കാണാം. ' ഞാൻ എന്റെ ഭാര്യയും രണ്ടുപെൺമക്കളും, ഭാര്യാ മാതാവും ഒരു കാർട്ടിൽ ഇരിക്കുന്നത് കണ്ടു. ചുറ്റും ഹമാസ് ഭീകരരുണ്ടായിരുന്നു. എന്റെ രണ്ടുപെൺമക്കൾ തീരെ ചെറിയ കുഞ്ഞുങ്ങളാണ്. അവർക്ക് അഞ്ചുവയസും, മൂന്നുവയസും തികഞ്ഞിട്ടുപോലുമില്ല. എന്തിനാണ് അവരെ ബന്ദിയാക്കിയതെന്ന് അറിയിസ്സ. എന്താണ് അവർക്ക് സംഭവിച്ചതെന്ന് അറിയില്ല. ഞാൻ ഹമാസിനോട് അഭ്യർത്ഥിക്കുകയാണ്. അവരെ ഉപദ്രവിക്കരുത്, കുഞ്ഞുമക്കളെ ഉപദ്രവിക്കരുത്. സ്ത്രീകളെ ഉപദ്രവിക്കരുത്. അവരെ വിട്ടയയ്ക്കൂ, പകരം വരാൻ ഞാൻ തയ്യാറാണ്.' നിസ്സഹായനായ യോണി ആഷർ പറഞ്ഞു.
തന്റെ കുടുംബത്തെ മടക്കി കൊണ്ടുവരാൻ സർക്കാർ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്ന് യോൺ ന്യൂയോർക്കറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ' പലരെയും ബന്ധപ്പെട്ടെങ്കിലും, ഒരു സാമൂഹിക പ്രവർത്തകൻ അല്ലാതെ മറ്റാരും എന്നെ വിളിച്ചിട്ടില്ലില്ല. 15 മണിക്കൂറായി ഞാൻ ഭക്ഷണം കഴിക്കുകയോ, ഉറങ്ങുകയോ ചെയ്തിട്ടില്ല. ഈയൊരു സാഹചര്യത്തിൽ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും കഴിയുന്നില്ല. എന്റെ കുടുംബത്തിന്റെ പേരും ചിത്രങ്ങളും പങ്കുവയ്ക്കാനും, എന്നെ കേൾക്കാൻ തയ്യാറാകുന്നവരെ അറിയിക്കാനും മാത്രമേ സാധിക്കുന്നുള്ളു',യോണി പറഞ്ഞു.
പിന്നീട് ഞായറാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരും, വിദേശ മന്ത്രാലയ ഉദ്യോഗസ്ഥരും ബന്ധപ്പെട്ടെങ്കിലും, ആർക്കും പുതിയ വിവരമൊന്നും നൽകാൻ കഴിഞ്ഞില്ല. അതെ, വിവരം ഒന്നുമറിയാതെ ഈ നിസ്സഹായനായ മനുഷ്യൻ കുടുംബത്തെ കാത്തിരിക്കുകയാണ്. അവർ ജീവനോടെ ഉണ്ടോ? ഒന്നുമറിയാത്ത ദുരവസ്ഥ.
മറുനാടന് ഡെസ്ക്