കണ്ണൂർ: തളിപറമ്പിൽ ബൈക്ക് യാത്രക്കാരനായ യുവാവ് കുളത്തിൽ വീണുമരിച്ച സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിനെതിരെ കോൺഗ്രസ് രംഗത്തു വന്നതോടെയാണ് വിവാദത്തിന് ചൂടുപിടിച്ചത്. തളിപറമ്പ് മേഖലയിലെ
പട്ടുവം പഞ്ചായത്തിലെ കാവുങ്കലിൽ രണ്ടടിമാത്രം വീതിയുള്ള നടപ്പാതയ്ക്കു ചേർന്നുള്ള കുളത്തിൽ ബൈക്ക് മറിഞ്ഞ് എംപി ഫറാസ് (21) അതിദാരുണമായി മരിക്കാനിടയായ സംഭവമാണ് ആരോപണത്തിന് ഇടവച്ചത്.

പഞ്ചായത്തിന്റെ കൃത്യവിലോപവും സി.പി. എം കാവുങ്കൽ ബ്രാഞ്ച് കമ്മിറ്റിയുടെ ധാർഷ്ട്യവുമാണ് യുവാവ് മരിക്കാനിടയായതിന്റെ കാരണമെന്ന് മുൻപട്ടുവം ഗ്രാമപഞ്ചായത്തംഗവുമായ ഡി.സി.സി ജനറൽ സെക്രട്ടറിയുമായി അഡ്വ.രാജീവൻ കപ്പച്ചേരി ആരോപിച്ചു. ആരും ഉപയോഗിക്കാത്ത ഈ കുളം എന്നും ഇവിടെ അപകടഭീഷണി സൃഷ്ടിച്ചിരുന്നു. ഒന്നുകിൽ ഇതു മൂടാനോ അല്ലെങ്കിൽ ഇതിന്റെ അരികു കെട്ടി അപകട ഭീഷണിയില്ലാതെ വഴി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു മരണമടഞ്ഞ എംപി ഫറാസ് ഉൾപ്പെടെയുള്ളവർ നിരവധി തവണ പഞ്ചായത്തിന് പരാതി നൽകിയിരുന്നു.

2019-ൽ തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണെടുത്ത് നടവഴിക്കു സമീപം നിലവിലുള്ള രണ്ടടി വഴി നാലടിയാക്കി മണ്ണിട്ടു വീതികൂട്ടാൻ ശ്രമം തുടങ്ങിയിരുന്നു. സമീപവാസികൾ ആവശ്യമായ കല്ലുകൾ സൗജന്യമായി നൽകുകയും കൈവരി കെട്ടാൻ ശ്രമിച്ചപ്പോൾ സമീപത്തെ സി.പി. എം പ്രവർത്തകർ കുളം നികത്തുന്നതായി ആരോപിച്ചു പ്രവൃത്തി തടയുകയും കല്ലുകൾ കുളത്തിലേക്ക് ഇടുകയും ചെയ്തു. ഇതിന് പഞ്ചായത്ത് മൗനാനുവാദം കൊടുത്തു കൂട്ടുനിൽക്കുന്നതായും രാജീവൻ കപ്പച്ചേരി ആരോപിച്ചു.

സി.പി. എം ഇതിലൂടെ മനഃപൂർവ്വമായ നരഹത്യയാണ് നടത്തിയിരിക്കുന്നതെന്നും രാജീവൻകപ്പച്ചേരി അറിയിച്ചു. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും രാജീവൻ കപ്പച്ചേരി അറിയിച്ചു. ഇത്തരം കാടത്തത്തിനെതിരെ ജനരോഷം ഉയർന്നില്ലെങ്കിൽ നമ്മുടെ നാട് പലദ ുരന്തങ്ങൾക്കും സാക്ഷിയാകേണ്ടി വരുമെന്ന് പട്ടുവം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.ദാമോദരൻ, പഞ്ചായത്തംഗം ടി.പ്രദീപൻ എന്നിവർ പറഞ്ഞു. ഇതിനിടെ അപകടമുണ്ടായ കുളം പഞ്ചായത്ത് ആസ്തിയിൽ വരുന്നതല്ലെന്നു പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി വിവാദത്തിൽ പ്രതികരിച്ചു.

സ്വകാര്യ സഥലത്ത് നിർമ്മാണം നടത്താൻ പഞ്ചായത്തിന് അധികാരമില്ല. സ്ഥലമുടമയും പ്രദേശവാസികളും തീരുമാനിച്ച് ഈ കുളം വരുന്ന സ്ഥലം പഞ്ചായത്ത് ആസ്തിയിൽപ്പെടുത്താനുള്ള തീരുമാനമെടുത്താൽ പഞ്ചായത്ത് വഴിക്കു വേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നും പി.ശ്രീമതി പറഞ്ഞു. നിരവധിയാളുകൾ സഞ്ചരിക്കുന്ന വഴി അപകടാവസ്ഥയിലായിട്ടും നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് അനാസ്ഥയിൽ പ്രദേശവാസികൾക്കിടെയിലും വൻപ്രതിഷേധമുണ്ട്. വരുന്ന ദിവസങ്ങളിൽ ഇതുരാഷ്ട്രീയവിവാദമാക്കി മാറ്റാനാണ് കോൺഗ്രസ് തീരുമാനം. പഞ്ചായത്ത് ഓഫീസ് മാർച്ചടക്കമുള്ള സമരപരിപാടികൾ കോൺഗ്രസ് നടത്തുമെന്നാണ് സൂചന.