- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എബിവിപിയിലൂടെ തുടക്കം; ആർഎസ്എസുമായി അടുത്ത ബന്ധം; സംഘടനാ രംഗത്തെ പ്രമുഖൻ; സിറ്റിങ് എംഎൽഎയെ മാറ്റി മത്സരത്തിനിറക്കി നേതൃത്വം; എംഎൽഎയിൽനിന്നും നേരെ മുഖ്യമന്ത്രിപദത്തിലേക്ക്; സാധ്യതാ പട്ടികയിലെ പ്രമുഖരെ 'വെട്ടിയ' ഭജൻ ലാലിനെ നിർദേശിച്ചത് വസുന്ധര രാജ സിന്ധ്യ
ജയ്പുർ: ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിലാണ് രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമയെ തിരഞ്ഞെടുത്തത്. ഇത്തവണയും രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകളെ ഒന്നാകെ തെറ്റിച്ചുകൊണ്ടാണ് ബിജെപി നേതൃത്വം മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ പിൻഗാമിയിലേക്ക് എത്തിയത്. ഛത്തീസ്ഗഡിനും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും പാർട്ടിക്കുള്ളിൽ ഭിന്നസ്വരങ്ങൾ പുറത്തുവരാതെയാണ് തലമുറമാറ്റം സാധ്യമാക്കിയത്.
മുഖ്യമന്ത്രി പദത്തിനായി മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയടക്കം പ്രമുഖരുടെ നിരയെത്തന്നെ തഴഞ്ഞാണു ഭജൻ ലാലിനെ തിരഞ്ഞെടുത്തത്. സാംഗനേറിൽനിന്നുള്ള എംഎൽഎയാണ്. ബ്രാഹ്മണ വിഭാഗത്തിനു പരിഗണന നൽകിയാണ് ഭജൻലാലിനെ മുഖ്യമന്ത്രിയായി കേന്ദ്ര നേതൃത്വം നിയോഗിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ഭജൻലാൽ ശർമ ഇതാദ്യമായാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സംഘടനാ തലത്തിലെ കരുത്തനെത്തനെ സംസ്ഥാനത്തിന്റെ ഭരണച്ചുമതല ഏൽപ്പിച്ചതിലൂടെ പാർട്ടിക്കുള്ളിലെ അതൃപ്തരെ ഒന്നാകെ നിശബ്ദരാക്കാനും നേതൃത്വത്തിനായി.
മധ്യപ്രദേശിനും ഛത്തീസ്ഗഢിനും പിന്നാലെ രാജസ്ഥാനിലും പുതുമുഖത്തെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. മൂന്നിടത്തും സാധ്യതാ പട്ടികയിലുണ്ടായിരുന്ന പ്രമുഖ നേതാക്കളെ എല്ലാം വെട്ടി വൻ സർപ്രൈസോടെയുള്ള നീക്കമാണ് ബിജെപി നേതൃത്വം നടത്തിയത്.
രാജസ്ഥാനിൽ മുഖ്യമന്ത്രി പദത്തിന് മുൻനിരയിലുണ്ടായിരുന്ന വസുന്ധര രാജയെ മറികടക്കുന്നത് പാർട്ടിയിൽ പിരിമുറക്കങ്ങൾക്കിടയാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും സുഗമമായി തന്നെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ആദ്യ തവണ എംഎൽഎ ആയിട്ടുള്ള ഭജൻ ലാൽ ശർമയെ മുഖ്യമന്ത്രിയായി നിർദേശിച്ചത് വസുന്ധര രാജെ തന്നെയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സംഗനേർ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയെ മാറ്റിയാണ് ഇത്തവണ ഭജൻ ലാൽ ശർമയ്ക്ക് സീറ്റ് നൽകിയത്. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാവായ ഭജൻലാൽ ശർമ പക്ഷേ, സംഘടനാ രംഗത്ത് പ്രമുഖനാണ്. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുമായും ആർഎസ്എസ് നേതൃത്വുമായും അടുത്ത ബന്ധമുള്ള ആളാണ് അദ്ദേഹം.
നാലുതവണ ബിജെപി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സംഗനേറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ 48081 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഭജൻ ലാൽ രാജസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
എബിവിപിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം. ആർഎസ്എസിലും പ്രവർത്തിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 56 കാരനായ ശർമ ബിരുദാനന്തര ബിരുദധാരിയാണ്. ഒന്നര കോടിയുടെ ആസ്തിയാണ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്.
ഭജൻ ലാൽ ശർമയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിനൊപ്പം ദിയാകുമാരി പ്രേംചന്ദ് ഭൈരവ എന്നിവരെ ഉപമുഖ്യമന്ത്രിമാരായും ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗം തിരഞ്ഞെടുത്തിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ വസുദേവ് ദേവ്നാനിയാകും സ്പീക്കർ. ജയ്പുർ രാജവംശത്തിലെ രാജകുമാരിയാായ ദിയാകുമാരി ജയ്പുർനഗരത്തിൽത്തന്നെയുള്ള വിധാധർ മണ്ഡത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രിപദത്തിലേക്കും ഉയർന്നുകേട്ട പേരായിരുന്നു ദിയാകുമാരിയുടേത്.
ധോൽപുർ രാജകുടുംബവും രാജസ്ഥാനിലെ ജനനേതാവുമായ വസുന്ധര രാജെയെ ഒതുക്കാൻ കേന്ദ്രനേതൃത്വം ഇറക്കിയതാണ് ദിയാകുമാരിയെ എന്നായിരുന്നു അണിയറ വർത്തമാനം.. വസുന്ധര രാജെ തന്നെയാണ് 2013-ൽ ദിയാകുമാരിയെ രാഷ്ട്രീയത്തിലേക്കെത്തിച്ചത്. പിന്നീടവർ തമ്മിൽ പിണങ്ങി. വസുന്ധരയുമായി അകൽച്ചയിലായ ബിജെപി. കേന്ദ്രനേതൃത്വം 2019-ൽ പക്ഷേ, ദിയയെ രാജ്സമന്ദ് ലോക്സഭാ മണ്ഡലത്തിൽ മത്സരിപ്പിച്ചു. ലോക്സഭാ അംഗത്വം ദിയാകുമാരി ഇതിനോടകം രാജിവെച്ചിട്ടുണ്ട്.
ജയ്പുരിൽ തന്നെയുള്ള ദുദ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രേംചന്ദ് ഭൈരവയാണ് മറ്റൊരു ഉപമുഖ്യമന്ത്രി. ഇവിടെ നിന്ന് വൻഭൂരിപക്ഷത്തിൽ വിജയിച്ച പ്രേംചന്ദ്ഭൈരവ സംഘനാ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധനേടിയിട്ടുണ്ട്. സാമൂഹിക പ്രവർത്തനങ്ങൾ നടത്തി താഴെത്തട്ടിൽ വലിയ സ്വാധീനം സൃഷ്ടിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്.
മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ജയ്പുരിൽ നിയമസഭാ കക്ഷിയോഗം ചേർന്നിരുന്നു. നിരീക്ഷകനായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സഹ നിരീക്ഷകരായ സരോജ് പാണ്ഡെ, വിനോദ് താവ്ഡെ എന്നിവരും പങ്കെടുത്തു. നിരീക്ഷകർ ഓരോ എംഎൽഎമാരുമായും ചർച്ച നടത്തിയാണു ഭജൻലാൽ ശർമയിലേക്ക് എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് സി.പി.ജോഷി, ഇൻചാർജ് അരുൺ സിങ് എന്നിവരാണ് യോഗത്തിന്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.
മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വസുന്ധര രാജെ, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്വാൾ, ഗജേന്ദ്ര സിങ് ഷെഖാവത്ത്, അശ്വിനി വൈഷ്ണവ് എന്നിവരായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പട്ടികയിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി ആരാകുമെന്ന സസ്പെൻസിനിടെ, നിരവധി എംഎൽഎമാർ വസുന്ധര രാജെയെ അവരുടെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. 199 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റുകൾ നേടിയാണു കോൺഗ്രസിൽനിന്നു ഭരണം പിടിച്ചെടുത്തത്.
തന്നെ പുതിയ ചുമതലയേൽപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി അദ്ധ്യക്ഷൻ ജെ.പി.നദ്ദയ്ക്കും നന്ദി പറയുന്നതായി നിയുക്ത മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ പറഞ്ഞു. തന്റെ പേര് നിർദ്ദേശിച്ച മുന്മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്ക്കും അമിത് ഷായ്ക്കും രാജ്നാഥ് സിംഗിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മദ്ധ്യപ്രദേശിനും ഛത്തീസ്ഗഡിനും സമാനമായി തലമുറമാറ്റത്തിന് കൂടിയാണ് രാജസ്ഥാനിലും ബിജെപി തുടക്കം കുറിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ