- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി മല്ലികാർജുൻ ഖാർഗെ? യോഗത്തിൽ നിർദ്ദേശം മുന്നോട്ടുവച്ച് മമത ബാനർജി; പിന്തുണച്ച് കെജ്രിവാളും; അപ്രതീക്ഷിത നിർദ്ദേശം നിരസിച്ച് കോൺഗ്രസ് അധ്യക്ഷൻ
ന്യൂഡൽഹി: പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേർ നിർദ്ദേശിച്ചതായി റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയാണ് മല്ലികാർജുൻ ഖാർഗെയുടെ പേര് നിർദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ വച്ചാണ് മമത ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ ഡൽഹിയിൽ ചേർന്ന ഇന്ത്യ മുന്നണി സഖ്യത്തിന്റെ നിർണായക യോഗത്തിലാണ് മമത നിർദ്ദേശം മുന്നോട്ടുവെച്ചത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് കഴിഞ്ഞദിവസം പറഞ്ഞ മമത ഏവരെയും ഞെട്ടിച്ചാണു ഖർഗെയുടെ പേര് മുന്നോട്ടുവച്ചത്. ഇന്ത്യ സഖ്യം പ്രധാനമന്ത്രി സ്ഥാനാർത്ഥിയില്ലാതെ മത്സരത്തിനിറങ്ങുമെന്നായിരുന്നു മമതയുടെ കഴിഞ്ഞ ദിവസത്തെ പരാമർശം.
പ്രതിപക്ഷത്തെ പ്രമുഖ ദലിത് മുഖമായ ഖർഗെയ്ക്ക് യോഗത്തിൽ വ്യാപക പിന്തുണയും ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) മേധാവിയുമായ അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ കക്ഷികളിൽ 12 പേർ നിർദ്ദേശത്തെ പിന്തുണച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, നിർദ്ദേശം നിഷേധിച്ച ഖർഗെ, അധഃസ്ഥിതർക്ക് വേണ്ടി പ്രവർത്തിക്കാൻ മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു.
സീറ്റ് വിഭജന ചർച്ചകൾ ജനുവരി ഒന്നിനകം പൂർത്തിയാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കളെല്ലാം ആവശ്യപ്പെട്ടു. എന്നാൽ മമതയുടെ നിർദ്ദേശത്തെ ഖാർഗെ നിരസിച്ചിരിക്കുകയാണ്. താൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവാനില്ലെന്നാണ് ഖാർഗെ സഖ്യത്തെ അറിയിച്ചിരിക്കുന്നത്.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം, സംയുക്ത പ്രചാരണത്തിന്റെ രൂപരേഖ, തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രം എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഇന്ത്യ മുന്നണി യോഗം ചേർന്നത്. മുന്നണിയുടെ നാലാമത്തെ യോഗമാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രചാരണം ജനുവരി 30ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ബിജെപി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോദിയെ മുന്നിൽ നിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രതിപക്ഷ നിരയിൽ എല്ലാവരും പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവാൻ താൽപര്യമുള്ളവരാണെന്ന് ബിജെപി ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഏറ്റവും നല്ല മാർഗം ഒരു സ്ഥാനാർത്ഥിയെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ്. എന്നാൽ ഇത് മോദിയും ഖാർഗെയും തമ്മിലുള്ള മത്സരമായും വ്യാഖ്യാനിക്കപ്പെടാം.
അത് സഖ്യത്തിന് തിരിച്ചടിയാവാനും സാധ്യതയുണ്ട്. നേരത്തെ മോദിയും രാഹുലും തമ്മിലുള്ള ഈ താരതമ്യം കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. അതുപോലൊരു തിരിച്ചടി ഇന്ത്യ സഖ്യത്തിനും സംഭവിച്ചേക്കാം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയുണ്ടായശേഷം ഇതാദ്യമായാണ് സഖ്യത്തിന്റെ യോഗം ചേരുന്നത്.
കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പട്ടിക ജാതി, പട്ടിക വർഗത്തിൽ നിന്നുള്ള റാം നാഥ് കോവിന്ദിനും ദ്രൗപദി മുർമുവിനും എതിരെ സ്ഥാനാർത്ഥിയെ നിർത്തിയതിന് ഭരണകക്ഷിയായ ബിജെപിയിൽ നിന്ന് പ്രതിപക്ഷം രൂക്ഷമായ വിമർശനം നേരിട്ടിരുന്നു. കോൺഗ്രസും മറ്റു പാർട്ടികളും ദലിതർക്കും ആദിവാസികൾക്കും എതിരാണെന്നാണു ബിജെപി ആരോപിച്ചത്. ഇതിനെ മറികടക്കാനാണു ഖർഗെയെ കൊണ്ടുവരുന്നതെന്നാണു നിഗമനം.
മികച്ച ഭൂരിപക്ഷത്തിൽ മുന്നണി ജയിക്കുക എന്നതാണ് പ്രധാനകാര്യം. അതിന് ശേഷം ജനാധിപത്യപരമായ രീതിയിൽ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കട്ടെയെന്ന് ഖാർഗെ പറഞ്ഞു. 'എംപിമാർ ഇല്ലെങ്കിൽ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിച്ചിട്ട് എന്ത് പ്രയോജനം? നമ്മൾ ആദ്യം ഒറ്റക്കെട്ടായി പോരാടി ഭൂരിപക്ഷം കൊണ്ടുവരാൻ ശ്രമിക്കണം' പ്രധാനമന്ത്രി സ്ഥാനാർത്ഥി നിർദ്ദേശം സംബന്ധിച്ച് വാർത്തസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു.
യോഗത്തിൽ 28 കക്ഷികൾ പങ്കെടുത്തുവെന്ന് വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു. മുതിർന്ന നേതാക്കളായ ശരദ് യാദവ്, ലാലു യാദവ്, നിതീഷ് കുമാർ, സോണിയാഗാന്ധി, രാഹുൽഗാന്ധി, എം.കെ. സ്റ്റാലിൻ, അഖിലേഷ് യാദവ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
മറുനാടന് ഡെസ്ക്