തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ രീതിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ മാറ്റംവരുത്തി. ഭേദഗതി ചെയ്ത ഹർജിയിൽ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നതിന് മാർഗരേഖ പുറത്തിറക്കണമെന്നും ആവശ്യപ്പെടുന്നു. ഹർജിയുടെ ആദ്യ ഘട്ട പരാമർശങ്ങൾ സുപ്രീംകോടതിയിൽ നിന്നും സംസ്ഥാന സർക്കാരിന് അനുകൂലമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. മാർഗ്ഗരേഖയെ കുറിച്ചുള്ള ചർച്ചകളും സുപ്രീംകോടതി പരമാർശത്തിന് പിന്നാലെ ഉയർന്നിരുന്നു.

ബില്ലിൽ ഒപ്പിടുന്നതിൽ സമയക്രമം അടക്കം നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്ച പറ്റിയെന്നു വിധിക്കണം എന്നും ആവശ്യമുണ്ട്. ഗവർണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.

പരിഗണനയിലുള്ള ബില്ലുകളിൽ വേഗം തീരുമാനമെടുക്കാൻ നിർദ്ദേശിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ബില്ലുകൾ ഗവർണർ പരിഗണിക്കുന്നതിലും അവ അംഗീകരിക്കുന്നതിലും ഗവർണർ സമയക്രമമടക്കം വ്യക്തമാക്കി കൊണ്ടുള്ള മാനദണ്ഡം വേണമെന്ന നിലപാടിലാണ് സർക്കാർ. ഗവർണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വ്യക്തമായി പഠിച്ചശേഷം മാത്രമേ ബില്ലുകളിൽ ഒപ്പുവെക്കൂവെന്നതാണ് ഗവർണറുടെ നിലപാട്.

ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ലക്ഷ്യമിട്ടു നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി ബിൽ ഗവർണർ ഒപ്പിടാതെ വന്നതോടെ ഇതിനായി ആർഡിഒമാരുടെ നേതൃത്വത്തിൽ പ്രത്യേക അദാലത്തുകൾ നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) 2023 ബില്ലിൽ മൂന്നു മാസം കഴിഞ്ഞിട്ടും ഗവർണർ ഒപ്പിടാതെ വന്നതാണ് സർക്കാരിനെ വലച്ചത്. ഈ സാഹചര്യത്തിലാണ് ബില്ലിൽ ഒപ്പിടുന്നതിൽ സമയക്രമം സർക്കാർ തേടുന്നത്.

ഗവർണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തരമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും സുപ്രീംകോടതിയിൽ വശ്യപ്പെട്ടെന്നാണു സൂചന. ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള ഗവർണറുടെ അധികാരം സംബന്ധിച്ച ഭരണഘടനയുടെ 200-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേക മാർഗരേഖ പുറത്തിറക്കണമെന്നാണ് ആവശ്യം.

ഇതിനായി നിലവിലെ ഹർജിയിൽ ഭേദഗതി അപേക്ഷ നൽകാൻ കേരളത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, മാർഗരേഖ പുറത്തിറക്കുന്നതിനെ കേന്ദ്രം ശക്തമായി എതിർക്കുമെന്നാണ് സൂചന. ഭരണഘടനയുടെ 200ാം അനുഛേദ പ്രകാരം, നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർക്കു കൈമാറണം. ഗവർണർ അതിൽ ഒപ്പുവയ്ക്കുമ്പോൾ മാത്രമാണു നിയമമായി മാറുന്നത്. എതിർപ്പുണ്ടെങ്കിൽ ഗവർണർക്ക് അവ സർക്കാരിനു തിരിച്ചയയ്ക്കാം. അല്ലെങ്കിൽ കേന്ദ്രത്തിനു കൈമാറാം. ഇക്കാര്യങ്ങൾ എത്രയും വേഗമുണ്ടാകണമെന്നാണു ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇതിനു സമയക്രമം നിശ്ചയിച്ചിട്ടില്ല.

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ചാണ് കേരള സർക്കാർ ഹർജി നൽകിയത്.